നോമ്പുകാലം അറിയാതെ പോയ നജീബിന്റെ ‘ആടുജീവിതം’
text_fieldsആറാട്ടുപുഴ: സ്ഥലവും കാലവും തീയതിയും സമയവും ദിക്കുകളും ഒന്നും അറിയാതെയുള്ള ജീവിതം കൂടിയായിരുന്നു നജീബിന്റെ ആടുജീവിതകാലം. നടൻ പൃഥ്വിരാജ് നായകനായ ‘ആടുജീവിതം’ സിനിമയിലെ ജീവിക്കുന്ന കഥാപാത്രംകൂടിയാണ്. സൗദിയിൽ വിമാനമിറങ്ങിയെന്ന അടയാളമല്ലാതെ ആടിനോടൊപ്പമുള്ള രണ്ടുവർഷം മരുഭൂവിൽ താൻ അനുഭവിച്ച് തീർത്ത തീഷ്ണമായ ജീവിതം എവിടെയായിരുന്നുവെന്ന് ഇപ്പോഴും നജീബിന് അറിയില്ല. ഭക്ഷണവും വെള്ളവുംകിട്ടാതെ നോമ്പുകാരനെപ്പോലെ തന്നെയായിരുന്നു ആ ജീവിതം. അതിനിടെ റമദാനും പെരുന്നാളും ഒന്നുമറിഞ്ഞില്ല.
ഓരോ ദിവസവും സൂര്യൻ ഉദിക്കുന്നു, അസ്തമിക്കുന്നു എന്നല്ലാതെ ഏതേത് ദിവസങ്ങളാണ് അവയെന്നോ ഏതേത് മാസങ്ങളാണ് കടന്നുപോകുന്നതെന്നോ അറിയില്ലായിരുന്നു.
മരുഭൂവിൽ എത്തപ്പെട്ട ദിവസം തിട്ടപ്പെടുത്തി കുറെദിവസങ്ങൾ മുന്നോട്ട് പോയെങ്കിലും ആടുകൾ മാത്രമുള്ളൊരുലോകത്ത് അവിചാരിതമായി ഒറ്റപ്പെട്ടുപോയ നജീബിന്റെ മനസ്സിലേക്ക് സങ്കടക്കടൽ ഇരച്ചുകയറിയപ്പോൾ ഓർത്തുവെച്ച കണക്കുകളുടെ എല്ലാം താളം പിഴച്ചു. രാപ്പകലുകൾ മാറിമറിയുന്നതല്ലാതെ ഒരുആഘോഷത്തിന്റെയും സന്തോഷദിനങ്ങളുടെയും ഒരു അടയാളവും നജീബ് ആ മരുഭൂമിയിൽ കണ്ടില്ല.
ആറാട്ടുപുഴക്കാരനായ പുത്തൻപുരയിൽ നജീബിന് മരുഭൂമിയിൽ അനുഭവിച്ച തീർത്ത ആട് ജീവിതം രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോഴും വിങ്ങുന്നഓർമയാണ്. ആടുകളോടൊത്ത് കഴിയുമ്പോഴൊക്കെ നാട്ടിലാഘോഷ ദിനങ്ങൾ ഒക്കെ മനസ്സിലൂടെ മിന്നിമറിയും. സങ്കടം അണപൊട്ടി കണ്ണീർ ചാലായൊഴുകും.
തന്റെ വീട്ടുകാരെ ഇനിയൊരിക്കലെങ്കിലും കണ്ടുമുട്ടാൻ ആകുമെന്നപ്രതീക്ഷ നഷ്ടപ്പെട്ട ദിനങ്ങളിൽ നാട്ടിലെയും വീട്ടിലെയും ഓർമകൾ മാത്രമായിരുന്നു കൂട്ട്. ദൂരെദിക്കിൽനിന്നെങ്കിലും ഒരുബാങ്ക് വിളി കേട്ടിരുന്നെങ്കിലെന്ന് ആശിച്ച സമയം. ഓർമവെച്ച നാൾ മുതൽ നമസ്കാരം ശീലമാക്കിയ നജീബിന് വൃത്തിഹീനമായ ഒരു ചുറ്റുപാടിൽ അതിനും അവസരം ഉണ്ടായില്ല.
നാട്ടിലായിരിക്കുമ്പോൾ കടലിലെ പണിക്കുപോകുന്ന അവസരങ്ങളിൽ പോലും നോമ്പ് നോൽക്കാതെയിരുന്നിട്ടില്ല. മരുഭൂമിയിലെ ജീവിതത്തിനിടയിൽ നാട്ടിലെ റമദാന്റെ സുന്ദരമായ ഓർമകൾ മനസ്സിൽ പലപ്പോഴും മിന്നിമറയുമായിരുന്നു. വീട്ടുകാർക്കൊപ്പമുള്ള നോമ്പ് തുറക്ക് ഇനി അവസരം ഉണ്ടാകുമോയെന്ന് പ്രതീക്ഷയില്ലാത്ത നിമിഷങ്ങൾ.
എന്നാൽ മരുഭൂമിയിൽ ചിലവഴിച്ച വർഷങ്ങളിൽ നോമ്പുനോൽക്കാൻ എനിക്കായില്ല. ഏത് കാലത്താണ് ഞാനെന്ന് എനിക്കറിയില്ലായിരുന്നു. ഗൾഫ് നാടുകളിലെ നോമ്പുതുറയുടെ വിശേഷങ്ങൾ സുഹൃത്തുക്കളിൽനിന്ന് ഒരുപാട് കേട്ടിരുന്നു.
പ്രവാചകന്റെ മണ്ണിൽ എത്തി നോമ്പു പിടിക്കാനും നമസ്കാരങ്ങളിൽ പങ്കെടുക്കാനുമുള്ള സൗഭാഗ്യം കൈവന്നതിന്റെ സന്തോഷമായിരുന്നു ഗൾഫിലേക്ക് യാത്രതിരിക്കുമ്പോൾ മനസ്സിൽ ഉണ്ടായിരുന്നത്. മരുഭൂമിയിൽപെട്ടു പോയ തന്റെ അനുഭവങ്ങൾ സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം കരിച്ചുകളയുന്നതായിരുന്നു.
തലേ ദിവസം കണ്ട നല്ല ഏതോസ്വപ്നത്തിന്റെ സുഖംവിടും മുമ്പ് മസറയും ആടുകളും മരുഭൂമിയും ഒരു യാഥാർഥ്യമായി മുന്നിൽ തെളിഞ്ഞുവരും. പ്രഭാതകൃത്യങ്ങളും മസറയിലെ അല്ലറ ചില്ലറ പണികളും തീർത്ത് ഞാൻ ആടുകളെ മേയ്ക്കാനിറങ്ങും.
ആറാട്ടുപുഴ കിഴക്കേജമാഅത്ത് പള്ളിയിൽ മൺചട്ടിയിൽ വിളമ്പിയിരുന്ന നോമ്പുകഞ്ഞി കുടിക്കാൻ കൊതിച്ച നാളുകൾ കൂടിയായിരുന്നു എനിക്ക് റമദാൻ. നോമ്പുതുറയുടെ ആരവങ്ങളും ഗന്ധങ്ങളും രുചികളും എത്രയോ രാത്രികളിൽ ഞാൻ ഓർത്തുകിടന്നിരിക്കുന്നു. ഇപ്പോൾ ഖുബൂസ് കാണുമ്പോൾ എനിക്ക് മരുഭൂമിയെയാണ് ഓർമ വരുന്നതെന്ന് നജീബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.