പട്ടണത്തിലെ അവസാന ഉന്തുവണ്ടിക്കാരനും ഓർമയായി
text_fieldsകായംകുളം: ഗതകാലസ്മൃതിയുടെ അടയാളമായി അവശേഷിച്ചിരുന്ന പട്ടണത്തിലെ അവസാന ഉന്തുവണ്ടിവലിക്കാരനും ഓർമയായി. യന്ത്രവത്കൃതകാലത്തും കായംകുളം പട്ടണത്തിലൂടെ ഭാരം കയറ്റിയ ഉന്തുവണ്ടിയും വലിച്ചുനീങ്ങിയിരുന്ന ഷഹീദാർ മസ്ജിദിന് സമീപം പിലാമൂട്ടിൽ തറയിൽ സൈനുദ്ദീൻകുട്ടിയുടെ (84) വിയോഗത്തോടെ അവസാന ഉന്തുവണ്ടി വലിക്കാരനാണ് വിട പറഞ്ഞത്.
ലോറികൾ ഇല്ലാത്ത കാലത്ത് കമ്പോളത്തിൽ നിന്നും കാളവണ്ടിയിലും ഉന്തുവണ്ടിയിലുമാണ് ചരക്കുനീക്കം നടന്നിരുന്നത്. ഇതേ കാലത്താണ് 10 വയസ്സുള്ളപ്പോൾ ഉന്തുവണ്ടി വലിക്കാരനായി സൈനുദ്ദീൻ എത്തുന്നത്. ഏഴ് പതിറ്റാണ്ട് ഈ പണിയുമായി നഗരത്തിൽതന്നെ കഴിഞ്ഞു. യന്ത്രവത്കൃത കാലത്തോട് സമരസപ്പെട്ട് കൂടെയുള്ളവരെല്ലാം പിൻവാങ്ങിയെങ്കിലും അറിയാവുന്ന പണിയിൽനിന്ന് വിരമിക്കാതെ സൈനുദ്ദീൻ തുടരുകയായിരുന്നു. വാർധക്യത്തിന്റെ അവശതകൾ വല്ലാതെ ബാധിച്ചതോടെ രണ്ടുവർഷം മുമ്പാണ് വിശ്രമജീവിതത്തിലേക്ക് കടന്നത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു മരണം.
തുടക്കക്കാലത്ത് കിലോമീറ്ററുകൾ ദൂരമുള്ള ഓച്ചിറ, കരുനാഗപ്പള്ളി, കൊല്ലം, ഹരിപ്പാട്, ചാരുംമൂട്, ആദിക്കാട്ടുകുളങ്ങര, കൃഷ്ണപുരം, വള്ളികുന്നം, മാവേലിക്കര, ആലപ്പുഴ ഭാഗങ്ങളിലേക്കെല്ലാം കൈവണ്ടി നിറയെ സാധനങ്ങളുമായി പോയിരുന്ന ചരിത്രം ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
തിരുവനന്തപുരം വള്ളക്കടവിൽ ഉന്തുവണ്ടി എത്തിക്കാൻ നടത്തിയ ദുഷ്കരയാത്രയുടെ അനുഭവങ്ങളും ഈ പഴമനസ്സിലുണ്ടായിരുന്നു. ടാറിങ്ങില്ലാത്ത റോഡുകളിലൂടെ മൂന്ന് ദിവസത്തെ യാത്ര നടത്തിയാണ് വള്ളക്കടവിൽ എത്തിയതെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. വഴിയോരത്ത് കിടന്നുറങ്ങിയും വിശ്രമിച്ചുമാണ് ദൂരെ ദിക്കുകളിലേക്ക് യാത്ര നടത്തിയിരുന്നത്.സൈനുദ്ദീൻ വിശ്രമജീവിതത്തിലേക്ക് പോയതിന് ശേഷം ഉന്തുവണ്ടി പിടിക്കാൻ പിന്നീടാരും നഗരത്തിൽ എത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.