തടവറയിലും ഹൃദ്യമായിരുന്നു ആ കൂടിക്കാഴ്ച...
text_fieldsദുബൈ: ഹൃദ്യമായ ഒരു കൂടിക്കാഴ്ചക്കാണ് കഴിഞ്ഞ ദിവസം ദുബൈ ജയിൽ സാക്ഷ്യംവഹിച്ചത്. തടവറയിലെ ഏകാന്തതയിലും മകനെ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലീകരിച്ചു നൽകിയിരിക്കുകയാണ് ദുബൈ പൊലീസ്. ജയിലിലെ ദൈനംദിന ജോലിക്കിടയിലാണ് മകന്റെ ചിത്രം വരക്കുന്ന പിതാവിനെ ജയിൽ അധികൃതർ ശ്രദ്ധിച്ചത്.
താൻ ചെയ്ത പാപത്തിന്റെ അനന്തരഫലമായി ജയിൽ ശിക്ഷ ഏറ്റുവാങ്ങുമ്പോഴും മകനോടുള്ള അതിരറ്റ സ്നേഹമായിരുന്നു ആ ചിത്രങ്ങളിലൂടെ പിതാവ് പ്രകടിപ്പിച്ചിരുന്നത്. ഇത് തിരിച്ചറിഞ്ഞ ജയിൽ വകുപ്പ് തടവുപുള്ളിയെ കുറിച്ചും ബന്ധുക്കളെ കുറിച്ചും വിശദമായി പഠിച്ചു.
തുടർന്ന് മറ്റൊരു രാജ്യത്ത് താമസിക്കുന്ന മകനുമായി ജയിൽ വകുപ്പ് അധികൃതർ ബന്ധപ്പെടുകയും അദ്ദേഹത്തെ ദുബൈയിലെത്തിക്കുകയുമായിരുന്നു. തിങ്കളാഴ്ചയാണ് ഇദ്ദേഹത്തെ ജയിലിൽ എത്തിച്ച് പിതാവുമായുള്ള കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത്. അപ്രതീക്ഷിതമായി മകനെ കണ്ടതും കെട്ടിപ്പിടിച്ച് കരഞ്ഞ പിതാവിന്റെ ദൈന്യത ജയിൽ ഉദ്യോഗസ്ഥരെയും കണ്ണു നനയിച്ചു.
‘തടുവകാരുടെ സന്തോഷം’ എന്ന മാനുഷിക സംരംഭത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ജയിൽ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ മർവാൻ ജൽഫാർ പറഞ്ഞു. ജയിലിൽ എത്തുമ്പോൾ ഇയാൾക്ക് കൃത്യമായ ഒരു തൊഴിൽ അറിയില്ലായിരുന്നു. ജയിൽ വകുപ്പിന്റെ ശിക്ഷണത്തിലാണ് ചിത്രം വരയും കരകൗശല വസ്തു നിർമാണവും മറ്റും പഠിക്കുന്നത്.
മറ്റുള്ളവരുമായി വളരെ സൗഹൃദപരമായി ആയിരുന്നു ഇദ്ദേഹത്തിന്റെ പെരുമാറ്റമെന്നും ജൽഫാർ പറഞ്ഞു. സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുകയുമാണ് ഇത്തരം സംരംഭങ്ങളുടെ ലക്ഷ്യം. ജയിൽ അന്തേവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രയാസങ്ങൾ ലഘൂകരിക്കുന്നതിന് ഇത്തരം കൂടിക്കാഴ്ചകൾ സഹായിക്കുമെന്നും ജൽഫാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.