തട്ടുകടക്കാരൻ ഇനി നീതിയുടെ കാവലാൾ
text_fieldsലഖ്നോ: പാതയോരത്തെ ഉന്തുവണ്ടി തട്ടുകടയിൽ എച്ചിൽപാത്രം കഴുകുമ്പോഴും വയലിൽ നിന്നുള്ള ചോളച്ചാക്കുകൾ ചുമന്നുനടക്കുമ്പോഴും മുഹമ്മദ് ഖാസിം പ്രതീക്ഷ കൈവിട്ടിരുന്നില്ല. ജീവിതം കെട്ടിപ്പടുക്കൽ കഠിനാധ്വാനം ആവശ്യമുള്ള കാര്യമാണെന്ന ചെറുപ്രായത്തിലുള്ള ആ പാഠങ്ങൾ വിജയപീഠത്തിലെത്തിച്ചിരിക്കുന്നു അദ്ദേഹത്തെയിന്ന്.
യു.പി സംഭാൽ റുഖ്നുദ്ദീൻ സരായിയിലെ ഹലീം വിൽപനക്കാരൻ വാലി മുഹമ്മദിന്റെ മകൻ എന്ന വിലാസത്തിൽനിന്ന് സിവിൽ കോടതി ജഡ്ജി എന്ന പദവിയിലേക്ക് നടന്നുകയറുകയാണ് മുഹമ്മദ് ഖാസിം. യു.പി പ്രൊവിഷനൽ സിവിൽ സർവിസ് പരീക്ഷയിൽ 125ാം റാങ്ക് സ്വന്തമാക്കുന്നതിന് ഈ ചെറുപ്പക്കാരൻ നടത്തിയ പ്രയത്നങ്ങൾ ആയിരങ്ങൾക്ക് പ്രചോദനമാണ്. ദാരിദ്ര്യം ചുറ്റിവരിഞ്ഞുനിന്ന ചുറ്റുപാടിലും മകന്റെ സ്കൂൾ പഠനം മുടങ്ങാതെ നോക്കി ഉമ്മ അനീസ.
നാട്ടിലെ സ്കൂളിൽനിന്ന് 12ാം ക്ലാസ് പാസായ ശേഷം കുറെ കാലം പിതാവിന്റെ കട നോക്കിനടത്തിയത് ഖാസിമാണ്. അലീഗഢ് സർവകലാശാലയിൽ ബിരുദ പഠനത്തിന് ചേർന്നപ്പോൾ വീട്ടിലെ ഇളയ അനിയനുവേണ്ടി ഇക്കാക്കമാരും ഇത്താത്തമാരും സ്വന്തം സ്വപ്നങ്ങൾപോലും മാറ്റിവെച്ചു. എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാണ് ഡൽഹി സർവകലാശാലയിൽ എൽഎൽ.എമ്മിന് ചേർന്നത്. പ്രിയപ്പെട്ടവരുടെ പ്രതീക്ഷകൾക്കൊത്തുയരാൻ കഴിയുമോ എന്ന പേടിയായിരുന്നു പിന്നെ.
ആ പ്രതീക്ഷകൾക്ക് നിറംപകർന്ന് പരീക്ഷഫലം വന്നപ്പോഴും അത് സ്വപ്നമല്ല യാഥാർഥ്യമാണെന്നുറപ്പിക്കാൻ ഏറെ സമയമെടുത്തു ഖാസിം. പാനിപ്പത്തിലെയും ലഖ്നോവിലെയും സർവകലാശാലകളിൽ ലെക്ചററായി നിയമനം ലഭിച്ചതിന് പിന്നാലെയാണ് യു.പി.പി.എസ്.സിയിലെ തിളങ്ങുന്ന വിജയം. ഒരു നാടിന്റെയും തലമുറയുടെയും ഗുണകരമായ മാറ്റത്തിലും പുരോഗതിയിലും പങ്കുവഹിക്കാൻ തനിക്ക് ലഭിച്ച അവസരമായാണ് അദ്ദേഹമീ നിയോഗത്തെ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.