അച്ഛന്റെ സ്മരണക്ക് വീട്ടുഗ്രന്ഥശാലയൊരുക്കി മകൻ
text_fieldsഇരിട്ടി: മുപ്പത്തിരണ്ടു വർഷങ്ങൾക്കു മുമ്പ് വീട്ടിലെത്തിയ കച്ചവടക്കാരന്റെ കൈയിൽ പുസ്തകങ്ങളും വസ്ത്രങ്ങളുമായിരുന്നു വിൽപനക്കായുണ്ടായിരുന്നത്. അന്ന് അച്ഛൻ മകനോട് ചോദിച്ചു. ഏതെങ്കിലും ഒന്ന് നിനക്ക് ഞാൻ വാങ്ങിത്തരാം. ഏതാണ് വേണ്ടത്. ചോദ്യം അവസാനിക്കും മുമ്പേ മകൻ പറഞ്ഞു.
എനിക്ക് പുസ്തകം മതി. മകന്റെ ഇഷ്ടമനുസരിച്ച് ആ അച്ഛൻ അന്നു വാങ്ങി നൽകിയ അയാദ്ധ്യ സിംങ് എഴുതിയ ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രസംഗ്രഹം ഉൾപ്പെടെയുള്ള ആയിരത്തിലധികം പുസ്തകങ്ങൾ ഉൾപ്പെടുത്തി അച്ഛന്റെ സ്മരണക്കായി മകൻ വീട്ടുലൈബ്രറി ഒരുക്കുകയാണ്. സാക്ഷരത മിഷൻ ജില്ല അസിസ്റ്റന്റ് കോഓഡിനേറ്റർ കൂടിയായ ശ്രീജൻ പുന്നാടാണ് അച്ഛന്റെ സ്മരണക്കായി വീട്ടുലൈബ്രറിയൊരുക്കുന്നത്.
സാക്ഷരത പ്രവർത്തനം, സാംസ്കാരിക പ്രവർത്തനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ശ്രീജൻ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമായി സഞ്ചരിക്കുമ്പോൾ സമ്മാനമായി ലഭിച്ച പുസ്തകങ്ങളും വരുമാനത്തിൽനിന്ന് ഒരോഹരി നീക്കിവെച്ച് ശേഖരിച്ച പുസ്തകങ്ങളുമാണ് ഗ്രന്ഥാലയത്തിൽ ഒരുക്കിയിരിക്കുന്നത്.
വായനയിലേക്കും സാക്ഷരത പ്രവർത്തനങ്ങളിലേക്കും കൈപിടിച്ചു നടത്തിയ പിതാവ് പുന്നാടിലെ കെ.കെ. കുഞ്ഞിരാമന്റെ സ്മരണക്കായി ശ്രീജന്റെ പുന്നാടിലുള്ള വീട്ടിൽ ഒരുക്കിയ ഗ്രന്ഥാലയം ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ജിത് കമൽ ഉദ്ഘാടനം ചെയ്തു. നഗരസഭ അംഗം ടി.വി. ശ്രീജ അധ്യക്ഷത വഹിച്ചു.
അമ്മ ടി.വി. ജാനകിയും കുടുംബാംഗങ്ങളും പങ്കെടുത്തു. പഠനപ്രവർത്തനങ്ങൾക്കായി വീട്ടിലെത്തുന്ന കുട്ടികൾക്കും അയൽപക്കത്തെ വീട്ടുകാർക്കും ഈ വീട്ടു ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വിതരണം ചെയ്യുമെന്ന് ശ്രീജൻ പുന്നാട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.