ഉയർച്ചയുടെ വേഗം, തകർച്ചയുടെയും
text_fieldsഅദാനി ഗ്രൂപ്പിനെതിരെ ഗുരുതര കണ്ടെത്തലുകൾ പുറത്തുകൊണ്ടുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ പരാമർശവിധേയനായ ഇന്ത്യൻ മാധ്യമ പ്രവർത്തകനും ആക്ടിവിസ്റ്റുമായ പരഞ്ജോയ് ഗുഹ ഠാകുർതയുമായുള്ള അഭിമുഖം
ചങ്ങാത്ത മുതലാളിത്തത്തിനെതിരെയുള്ള നിർഭയമായ എഴുത്തുകളുടെയും ഇടപെടലുകളുടെയും പേരിൽ നിരവധി കേസുകളാണ് പരഞ്ജോയ് ഗുഹ താക്കുർത്ത നേരിടുന്നത്. അദാനി ഗ്രൂപ്പിന്റെ താൽപര്യങ്ങൾക്ക് വിഘാതമായതൊന്നും പറയുകയോ എഴുതുകയോ ചെയ്യരുതെന്ന് കോടതി വിലക്കുപോലുമുണ്ടായി. രാജ്യത്തെ വിവിധ കോടതികളിലായി അദാനി ഗ്രൂപ് നൽകിയ ആറ് മാനനഷ്ടക്കേസുകൾ അദ്ദേഹത്തിനെതിരെ നിലവിലുണ്ട്. പരഞ്ജോയ് ഗുഹ ഠാകുർത പ്രതികരിക്കുന്നു... ഹിൻഡൻബർഗ് റിപ്പോർട്ട് അദാനി ഗ്രൂപ്പിനെക്കുറിച്ച് നിരവധി ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. അതിൽ പേര് പരാമർശിക്കപ്പെട്ട ഏക മാധ്യമ പ്രവർത്തകനെന്ന നിലയിൽ ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്?
ഹിൻഡൻബർഗ് റിപ്പോർട്ടിൽ പേര് പരാമർശിച്ചിട്ടുള്ള പത്രപ്രവർത്തകൻ ഞാനായിരിക്കാം. എന്നാൽ, എന്നെപ്പോലുള്ള സ്വതന്ത്ര പത്രപ്രവർത്തകരും അബീർദാസ് ഗുപ്ത, രവി നായരെപ്പോലുള്ള എന്റെ സഹപ്രവർത്തകരും ഇതേ കാര്യങ്ങൾ നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ കുറെ വർഷമായി ഇതു സംബന്ധിച്ച് ഞങ്ങളുടെ ലേഖനങ്ങൾ വരുന്നുണ്ട്. 2015ലാണ് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് എെന്റ ആദ്യ ലേഖനം വരുന്നത്. 2016 ഏപ്രിലിൽ ഞാൻ ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയുടെ (EPW)എഡിറ്ററായ ശേഷം ഈ വിഷയത്തിൽ തുടർച്ചയായി എഴുതി. അദാനി ഗ്രൂപ്പിന്റെ ഭാഗമായ കമ്പനികളുടെ ഓഹരികളുടെ വില ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന ജനുവരി 24നുമുമ്പ് എന്തായിരുന്നു? ഇന്ന് മിക്ക ഓഹരികളും പകുതിയായി കുറഞ്ഞു. ചില കമ്പനികളുടെ ഓഹരികൾ 75 ശതമാനമായി. ഞാൻ പറയാൻ ആഗ്രഹിക്കുന്ന കാര്യം ഇതാണ്; ഉയർച്ച ഗംഭീരമായിരുന്നു, അദ്ദേഹത്തിന്റെ പതനം അതിലും ഗംഭീരമായിരുന്നു. പക്ഷേ ഞങ്ങളാരും അത് മുൻകൂട്ടിക്കണ്ടിട്ടില്ല. അതിനാൽ ഈ സംഭവവികാസങ്ങളെല്ലാം ഞാനുൾപ്പെടെ എല്ലാവരെയും അമ്പരപ്പിച്ചു എന്നതാണ് സത്യം.
താങ്കൾ ഏറെക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾകൂടിയാണല്ലോ ഹിൻഡൻബർഗ് റിപ്പോർട്ടിലുള്ളത്... വാസ്തവത്തിൽ ഞാൻ ഒന്നും പ്രവചിച്ചിട്ടില്ല. വസ്തുതാപരമായ വിവരങ്ങളെ അടിസ്ഥാനമാക്കി ലേഖനങ്ങൾ എഴുതി. ആ ലേഖനങ്ങളിൽ പലതും ആധികാരിക രേഖകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അദാനി ഗ്രൂപ്പിന്റെ ഉയർച്ച നിരവധി വർഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നു. 20 വർഷം മുമ്പ് ഗൗതം അദാനിയെക്കുറിച്ച് ആർക്കും അറിയില്ലായിരുന്നു. 15 വർഷം മുമ്പ് വജ്രങ്ങളുടെയും പ്ലാസ്റ്റിക് വസ്തുക്കളുടെയും വ്യാപാരിയായിരുന്നു അയാൾ. ഗുജറാത്തിൽ, കോൺഗ്രസ് ഭരണത്തിലായിരുന്നപ്പോൾ പ്രത്യേക സാമ്പത്തിക മേഖലയിൽ അദാനിക്ക് ഭൂമി ലഭ്യമാക്കി. അതാവട്ടെ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പ്രത്യേക സാമ്പത്തിക മേഖലയാണ്. കഴിഞ്ഞ 15 വർഷമായി അദാനി ഗ്രൂപ്പിന്റെ വളർച്ച അമ്പരപ്പുണ്ടാക്കുന്നതായിരുന്നു. ഒരു ബിസിനസ് ഗ്രൂപ്പ് വളരെ വേഗത്തിലും വ്യാപ്തിയിലും വികസിച്ച് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ പല മേഖലകളിലും അതിെന്റ സാന്നിധ്യമെത്തി. അദാനിക്കെതിരെ എഴുതരുതെന്നും പറയരുതെന്നുമുള്ള അഹ്മദാബാദ് കോടതിയുടെ വിലക്കിനെത്തുടർന്ന് രണ്ടര വർഷത്തെ മൗനത്തിനുശേഷം താങ്കൾ വീണ്ടും സംസാരിച്ചു തുടങ്ങുകയാണല്ലോ? രാജ്യം കണ്ട ഏറ്റവും നിർഭയനായ പത്രപ്രവർത്തകനെ കേസുകെട്ടുകൾകൊണ്ട് നിശ്ശബ്ദനാക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞാൽ...
ഞാൻ മാത്രമാണ് ഇന്ത്യയിലെ ഏറ്റവും നിർഭയനായ പത്രപ്രവർത്തകനെന്ന് കരുതുന്നില്ല. നിർഭയമായി പ്രവർത്തിക്കുന്ന നിരവധി പേരുണ്ട്. എന്തുകൊണ്ട് ഞാൻ നിശ്ശബ്ദത ഭഞ്ജിക്കുന്നു എന്നാണെങ്കിൽ, ഹിൻഡൻബർഗ് റിപ്പോർട്ടിൽ പേര് പരാമർശിച്ചിരിക്കുന്നതുകൊണ്ടുതന്നെ. ആ റിേപ്പാർട്ടിെന്റ അവസാനം 88 ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. അതിൽ 84ാമത്തെ ചോദ്യം ഇങ്ങനെയാണ്. ‘ഗൗതം അദാനിക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിലും വിശ്വാസമുണ്ടെങ്കിൽ, എന്തിനാണ് അദ്ദേഹം എന്നെപ്പോലുള്ള ഒരു വിമർശനാത്മക പത്രപ്രവർത്തകനെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടത്’ എന്ന്. കോടതിയും ജഡ്ജുമാണ് എന്നെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത് ഞങ്ങൾക്ക് ഇതുമായി ബന്ധമില്ലെന്നുമാണ് അദാനി ഗ്രൂപ് ഇതിനോട് പ്രതികരിച്ചത്. വസ്തുതാപരമായി അത് ശരിയാണ്. എന്നാൽ, മുഴുവൻ കഥയും അങ്ങനെയല്ല. അതുകൊണ്ട് അത് ഞാൻ പറയാം:
2017 ജൂണിൽ ‘ഇക്കണോമിക് ആൻഡ് പൊളിറ്റിക്കലി’െന്റ എഡിറ്ററായിരിക്കെ ഞാനും മറ്റ് മൂന്നു പേരും ചേർന്ന് ‘മോദി സർക്കാർ, അദാനി ഗ്രൂപ്പിന് 500 കോടി ആനുകൂല്യം എങ്ങനെ നൽകി?’എന്ന തലക്കെട്ടോടെ വാരികയിൽ ഒരു ലേഖനം എഴുതി. ആ ലേഖനം ‘ദ വയർ’പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രത്യേക സാമ്പത്തിക മേഖലകളിലെ വൈദ്യുതി പദ്ധതികളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ എങ്ങനെ മാറ്റംവരുത്തി എന്നതിനെക്കുറിച്ചായിരുന്നു ലേഖനം. ആ മാറ്റത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ‘അദാനി പവർ’ എന്ന അദാനി ഗ്രൂപ് ആയിരുന്നു. ആ സമയത്തെ സർക്കാറും ധനമന്ത്രാലയവും വാണിജ്യ വകുപ്പും ഏകദേശം 500 കോടിയോളം വരുന്ന ആദായനികുതി റീഫണ്ടിനുള്ള അപേക്ഷ ഡ്യൂട്ടി അടച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാതെ എങ്ങനെയാണ് പരിഗണിച്ചതെന്നും ലേഖനത്തിൽ ഉന്നയിച്ചു. നിങ്ങൾ കൂടുതൽ ആദായനികുതി അടക്കുകയാണെങ്കിൽ റീഫണ്ടിനായി നിങ്ങൾക്ക് ആദായനികുതി വകുപ്പിൽ അപേക്ഷിക്കാം. ആദായനികുതി വകുപ്പ് നിങ്ങളുടെ അവകാശവാദം അംഗീകരിക്കുകയാണെങ്കിൽ അവർ പണം തിരികെ നൽകും. എന്നാൽ നിങ്ങൾ ആദ്യം ഡ്യൂട്ടി അടക്കണം. തുടർന്ന് റീഫണ്ടിന് അപേക്ഷിക്കണം.
ഇൗ ലേഖനം അദാനി ഗ്രൂപ്പിനെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് കാണിച്ച് ‘ദ ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ’ വാരികയുടെ പബ്ലിഷർ, എഡിറ്റർ, വാരികയുടെ ലേഖകൻ (ഇത് രണ്ടും ഞാൻ തന്നെ) എന്നിവർക്ക് 2017 ജൂലൈയിൽ കോടതി നോട്ടീസ് അയച്ചു. ഞാൻ നിയമപരമായ ആ നോട്ടീസിനോട് പ്രതികരിച്ചു. അഭിഭാഷകന്റെ സേവനം സൗജന്യമായി ഏർപ്പെടുത്തി. വാരികയുടെ ഉടമസ്ഥതയിലുള്ള സമീക്ഷ ട്രസ്റ്റിന്റെ ട്രസ്റ്റി കൂടിയാണ് ഞാൻ. എന്നാൽ, ബോർഡിന്റെ മുൻകൂർ അനുമതിയില്ലാതെ വക്കീൽ നോട്ടീസിന് മറുപടി നൽകിക്കൊണ്ട് ഗുരുതരമായ അനൗചിത്യം ഞാൻ പ്രവർത്തിച്ചതായി ബോർഡ് ചൂണ്ടിക്കാട്ടി. എന്നാൽ, ഇത് ഗുരുതര അനുചിത പ്രവൃത്തിയാണെന്ന് കരുതുന്നില്ലെന്നും മറിച്ച് സാങ്കേതിക പിഴവാണെന്ന് കരുതുന്നുവെന്നും ഞാൻ മറുപടി നൽകി. പക്ഷേ, ബോർഡ് എെന്റ അഭിപ്രായത്തോട് യോജിച്ചില്ല. ഈ രാജ്യത്തെപ്പോലെ തന്നെ പഴക്കമുള്ള EPW എന്ന ഈ പ്രസിദ്ധീകരണത്തിെന്റ ധാർമികത താങ്കൾ നശിപ്പിച്ചുവെന്നും നിങ്ങളുടെ സ്വന്തംപേരിൽ ഇനി ലേഖനങ്ങൾ എഴുതാൻ പാടില്ലെന്നും അവർ പറഞ്ഞു. ഒരു സഹ എഡിറ്ററെ നിയമിക്കുമെന്നും ആ ലേഖനം വെബ്‌സൈറ്റിൽ നിന്ന് പിൻവലിക്കണമെന്നും എന്നോട് പറഞ്ഞു. ഒരു കഷണം കടലാസിൽ ഞാൻ എന്റെ രാജി എഴുതി നൽകി. എന്താണ് സംഭവിച്ചതെന്ന് ലോകത്തെ അറിയിച്ചു. ധാരാളം പേർ എനിക്ക് പിന്തുണയുമായി രംഗത്തെത്തി. രണ്ട് നൊബേൽ ജേതാക്കളടക്കം എനിക്ക് പിന്തുണയുമായി വന്നു. ലേഖനം പുനഃപ്രസിദ്ധീകരിച്ച ‘ദ വയറി’നെതിരെ മാനനഷ്ടക്കേസ് ചുമത്തി. ഞാൻ കേസുമായി ബന്ധപ്പെട്ട് മുന്ദ്രയിലെ കോടതിയിലെത്തി. ഗുജറാത്തിലെ കച്ച് ജില്ലയുടെ തലസ്ഥാനമായ ഭുജ് ലെ മജിസ്‌ട്രേറ്റ് ‘നിങ്ങൾ ലേഖനം പിൻവലിക്കേണ്ട ആവശ്യമില്ല. വയർ വെബ്‌സൈറ്റിലുള്ള ലേഖനത്തിലെ ഒരു വാക്കും ഒരു വാചകവും നീക്കം ചെയ്താൽ മതി’ എന്നുപറഞ്ഞു.
2019 മേയിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പ് അദാനി ഗ്രൂപ് ‘ദ വയർ’, എെന്റ സഹ രചയിതാക്കൾ തുടങ്ങി ഞാനൊഴികെ എല്ലാവർക്കുമെതിരെയുള്ള കേസുകൾ പിൻവലിച്ചു. 2021 ജനുവരിയിൽ കോടതിയിൽ ഹാജരാകാത്തതിന് എനിക്കെതിരെ ജാമ്യമില്ല അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചു. മജിസ്‌ട്രേറ്റിന്റെ ഉത്തരവ് എന്നിലേക്ക് എത്തുംമുമ്പ് ‘ദ പ്രസ് ട്രസ്റ്റ് ഓഫ്’ ഇന്ത്യയിലെത്തി. കോടതിയിൽ ഹാജരാകാത്തതിന് സുപ്രീംകോടതി ഉത്തരവ് പ്രകാരം നിങ്ങൾക്ക് ജാമ്യത്തോടെയുള്ള വാറന്റ് പുറപ്പെടുവിക്കാം എന്ന് അഭിഭാഷകൻ വാദിച്ചു. അപ്പോൾ കോവിഡ് കാലമായിരുന്നു. അങ്ങനെ പത്തു ദിവസത്തിനു ശേഷം ഗുജറാത്തിലെ അഹ്മദാബാദ് ഹൈകോടതി വാറന്റ് നടപ്പാക്കുന്നത് സ്റ്റേ ചെയ്തു. ഞാൻ 2021 ഫെബ്രുവരിയിലും മാർച്ചിലും കോടതിയിൽ ഹാജരായി. അതിനാൽ ഈ രണ്ട് കേസുകൾ ഇപ്പോഴും തീർപ്പുകൽപിക്കാനായി കാത്തുകിടുക്കുകയാണ്. ഇങ്ങനെ ഗുജറാത്തിൽ രണ്ട് കേസുകൾ, അഹ്മദാബാദിൽ രണ്ട് കേസുകൾ. രാജസ്ഥാനിൽ ഒന്നും സ്വന്തം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ മറ്റൊന്നും നിലവിലുണ്ട്. ഈ ആറു കേസുകളും തീർപ്പുകൽപിക്കാതെ കിടക്കുന്നു.
ഹിൻഡൻബർഗ് റിപ്പോർട്ടും ബി.ബി.സി ഡോക്യുമെന്ററിയും ബി.ജെ.പി സർക്കാറിന് വെല്ലുവിളിയുയർത്തി എന്നുപറഞ്ഞാൽ ശരിയാകുമോ? രാജ്യത്തിനു പുറത്തുനിന്നുള്ള ഈ ഇടപെടലുകൾ സർക്കാറിനെ ഏതു തരത്തിലാണ് ബാധിക്കുക?
രണ്ടിനെയും പരസ്പരം ബന്ധിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. എെന്റ അഭിപ്രായത്തിൽ രണ്ടും പ്രത്യേക സംഭവവികാസങ്ങളാണ്. രണ്ടും സർക്കാറിന്റെ പ്രതിച്ഛായക്ക് നല്ലതല്ല ഉണ്ടാക്കിയത്. എന്നാൽ, ബി.ബി.സിയുടെ കാര്യത്തിൽ സംഭവിച്ചതിൽനിന്ന് ഞാൻ ഹിൻഡൻബർഗ് റിപ്പോർട്ടിനെ വേർതിരിക്കും. ബി.ബി.സിയുടെ കാര്യത്തിൽ ഡോക്യുമെന്ററി കാണാനാവില്ല എന്ന് സർക്കാർ പറഞ്ഞു. അത് തികച്ചും മണ്ടത്തരമായെന്ന് കരുതുന്നു. എന്തുകൊണ്ടെന്നാൽ ഒന്ന് നിരോധിച്ചാൽ കൂടുതൽ ആളുകൾ അത് കാണാൻ ആഗ്രഹിക്കും. ഒരു പുസ്തകം നിരോധിക്കുകയാണെങ്കിൽ കൂടുതൽ ആളുകൾ അത് വായിക്കും. ഈ ഡോക്യുമെന്ററി നിരോധിച്ചത് സർക്കാറിെന്റ ഭാഗത്തുനിന്നുള്ള മോശമായ ആശയമായിരുന്നു. അങ്ങനെയത് കൂടുതൽ ആളുകൾ കാണുകയും ചെയ്തു. ഡോക്യുമെന്ററി സന്തുലിതവും നീതിയുക്തവുമായിരുന്നില്ല എന്നതാണ് സർക്കാറിെന്റ വീക്ഷണം.
ഹിൻഡൻബർഗ് റിപ്പോർട്ടും ഇന്ത്യക്ക് അകത്തുമാത്രമല്ല, ലോകമെമ്പാടും തലക്കെട്ടുകൾ സൃഷ്ടിച്ചു. പ്രധാന പ്രസിദ്ധീകരണങ്ങൾ, വാർത്ത ഏജൻസികൾ, വെബ്‌സൈറ്റുകൾ, പത്രങ്ങൾ എന്നിവയെല്ലാം ഇതിനെക്കുറിച്ച് എഴുതിയില്ലേ...
ഇന്ത്യൻ മാധ്യമ ലോകത്ത് ആദ്യമായി ക്രോണി കാപിറ്റലിസം അഥവാ ചങ്ങാത്ത മുതലാളിത്തം എന്ന പദം ഉപയോഗിച്ച മാധ്യമപ്രവർത്തകൻ താങ്കളെന്ന് കരുതുന്നു. പഴയ ഡോക്യുമെന്ററികളിലടക്കം അത് കേൾക്കാനായിട്ടുണ്ട്... അത് ശരിയല്ല. പലരും ആ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. ഞാനുമത് ഉപയോഗിച്ചു എന്നേയുള്ളൂ. 2014ൽ രചിച്ച ‘ഗ്യാസ് വാർസ് ക്രോണി കാപിറ്റലിസം ആൻഡ് ദ അംബാനീസ്’ എന്ന പുസ്തകത്തിൽ ഈ പദപ്രയോഗം ഞാൻ ഉപയോഗിച്ചിട്ടുണ്ട്. മറ്റു പലതിലും വന്നിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചങ്ങാത്ത മുതലാളിത്തം നേരത്തേ ഉണ്ടായിരുന്നു.
പക്ഷേ, അധികാര കേന്ദ്രങ്ങളും വ്യവസായികളും തമ്മിലുള്ള അവിശുദ്ധ ബന്ധം രാജ്യത്ത് വലിയ രൂപത്തിൽ വളർന്നിരിക്കുന്നു. ഇതിനെ എങ്ങനെ പ്രതിരോധിക്കും?
വ്യവസായികളും രാഷ്ട്രീയ കേന്ദ്രങ്ങളും തമ്മിലുള്ള ചങ്ങാത്ത ബന്ധം ഇന്ത്യയിൽ പുതിയതോ നടക്കാത്തതോ ഒന്നുമല്ല. ബന്ധമായാലും അവിശുദ്ധ ബന്ധമായാലും അത് പഴക്കമുള്ളതാണ്. എന്നാൽ ഈ അടുത്ത കാലത്തായി ഈ ബന്ധം കൂടുതൽ ശക്തമായി എന്നു പറഞ്ഞാൽ ഞാൻ യോജിക്കും. നമ്മുടെ തെരഞ്ഞെടുപ്പ്, രാഷ്ട്രീയക്കാർ, പാർട്ടികൾ, ഫണ്ടിങ് എന്നിവയുമായി എല്ലാം ഇത് ബന്ധപ്പെട്ടിരിക്കുന്നു. പക്ഷേ, നമുക്ക് തിരിച്ചുപോകാൻ കഴിയാത്ത ഒരു ഘട്ടത്തിൽ എത്തിയിരിക്കുകയാണോ എന്ന് ചോദിച്ചാൽ അല്ല, അത് ജനങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് പറയും. രാഷ്ട്രീയ ഫണ്ടിങ്ങിൽ നമുക്ക് കൂടുതൽ സുതാര്യത ആവശ്യമാണെന്ന് കരുതുന്നു.
മുമ്പ്, വിവിധ വിഷയങ്ങളിൽ സർക്കാറുകളെ രൂക്ഷമായി വിമർശിക്കുന്നവ ഉൾപ്പെടെ നിരവധി ഡോക്യുമെന്ററികൾ താങ്കൾ നിർമിച്ചിട്ടുണ്ടല്ലോ? എന്താണ് ഇവയുണ്ടാക്കിയ ഫലം?
ഞാൻ എന്റെ ജോലി തുടരുന്നു. അത് എഴുത്തായാലും, ഡോക്യുമെന്ററികൾ ചെയ്യുന്നതിലായാലും. അതിന്റെ അനന്തരഫലങ്ങൾ എന്തൊക്കെയാണ്, അത് സർക്കാറിനെ ബാധിക്കുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. ബെള്ളാരിയിലെ അനധികൃത ഇരുമ്പ് ഖനനത്തെ കുറിച്ച് ഞാൻ ഡോക്യുമെന്ററികൾ നിർമിച്ചു. അതിെന്റ പിന്നിലെ ഉന്നതൻ മൂന്നു വർഷം ജയിലിൽ കിടന്നു. അയാൾ ബെള്ളാരി ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് സുപ്രീംകോടതി ഉത്തരവ് വന്നു. അതിനാൽ എന്തെങ്കിലും നിർമിക്കുമ്പോൾ, എഴുതുമ്പോൾ, ഡോക്യുമെന്ററി ചെയ്യുമ്പോൾ അത് സ്വാധീനം ചെലുത്തിയേക്കാം. ചില സന്ദർഭങ്ങളിൽ സ്വാധീനം ഉണ്ടായിട്ടുമുണ്ട്.
താങ്കളുടെ മറ്റൊരു ഡോക്യുമെന്ററി ഇന്ത്യൻ ടെലികോം മേഖലയിലെ കൊള്ളയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഇതേക്കുറിച്ച് എന്തു പറയുന്നു?
രണ്ടാം തലമുറ സ്പെക്ട്രത്തെക്കുറിച്ചാണ് ഞാൻ ചെയ്ത ഡോക്യുമെന്ററി. 4ജിക്കും 5ജിക്കും മുമ്പ്. അത് 2012 ഫെബ്രുവരിയിലായിരുന്നു. സുപ്രീംകോടതി ലൈസൻസ് റദ്ദാക്കുന്നതിന് മുമ്പുതന്നെ നിർമിച്ചത്. അതിനാൽ 2ജി സ്‌പെക്‌ട്രം കുംഭകോണം മുഴുവനായും നടന്ന ഒരു കാലമായിരുന്നു അത്. അഴിമതിക്കേസിലെ ഹരജിക്കാരിൽ ഒരാളാണ് ഞാൻ. അതിനുശേഷം 2016ൽ റിലയൻസ് ജിയോ ആരംഭിച്ചു. ജിയോ എങ്ങനെയാണ് മാർക്കറ്റ് ലീഡറായി മാറിയത്? അതിനുള്ള സാഹചര്യങ്ങൾ എന്തൊക്കെയായിരുന്നു? ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പങ്കെന്ത്? ഈ കമ്പനിയുടെ ഉയർച്ചയെ സുഗമമാക്കിയോ? നിയമപരമായ പ്രശ്‌നങ്ങൾ... ഇവയൊക്കെചേർന്ന് ഒരു പുസ്തകത്തിനുള്ള വകയുണ്ട്. ഒറ്റ വരിയിൽ ഉത്തരം നൽകാൻ ബുദ്ധിമുട്ടാണ്.
ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയെ ലോകത്തുടനീളം വലതുപക്ഷ സർക്കാറുകളുടെ ഉപകരണമായി ഉപയോഗിക്കുന്നുവെന്ന ആരോപണമുയരുന്നുണ്ടല്ലോ?
ഇതൊരു വലിയ വിഷയമാണ്. ഫേസ്ബുക്കിന്റെ യഥാർഥ മുഖം, ഫേസ്ബുക്കിന്റെ പങ്ക് ഒക്കെ വിവരിച്ചുകൊണ്ട് ഈ വിഷയത്തിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. 2019ൽ അത് പുറത്തിറങ്ങി. പിന്നീടങ്ങോട്ട് നിരവധി കാര്യങ്ങൾ സംഭവിച്ചു. സമൂഹ മാധ്യമങ്ങൾ, അന്താരാഷ്ട്ര കുത്തകകളുടെ നിരീക്ഷണം.. ഒക്കെ വലിയ വിഷയമാണ്. ഇന്ത്യയിൽ സമൂഹ മാധ്യമം എങ്ങനെ പ്രവർത്തിക്കുന്നു, അതിെന്റ പങ്ക് എത്ര വലുതാണ്, എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യപ്പെടുന്നു, എങ്ങനെ തെരഞ്ഞെടുപ്പിൽ ആയുധമാക്കി തുടങ്ങി ഇത് പ്രത്യേകമായി പറയേണ്ട വലിയ വിഷയം തന്നെയാണ്.
താങ്കളുടെ ഡോക്യുമെന്ററികളിൽ ആദിവാസി ജീവിതങ്ങളും പ്രതിഷേധങ്ങളും ധാരാളം കാണാനായിട്ടുണ്ട്. എന്താണ് അവരുടെ ഇപ്പോഴത്തെ സാഹചര്യം? പ്രതിഷേധങ്ങളുടെ അവസ്ഥ എന്താണ്?
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്‌തമായ പ്രതിഷേധങ്ങളുണ്ട്. അവ സാമാന്യവത്കരിക്കാൻ പ്രയാസമാണ്. ആദിവാസികൾക്കു വേണ്ടി എല്ലാം ചെയ്യുന്നുണ്ടെന്ന് സർക്കാർ പറയുന്നു. നമ്മുടെ പ്രസിഡന്റായി ഒരു ഗോത്രവർഗക്കാരിയുണ്ടെങ്കിലും ഇന്ത്യയിലെ ആദിവാസികളുടെ അവസ്ഥ നല്ലതല്ല. അവർ ഒരിക്കലും നന്നായിരുന്നിട്ടില്ല. പക്ഷേ സർക്കാർ പറയുന്നത് ഞങ്ങൾ ആദിവാസികൾക്കായി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ്. അവരുടെ ജീവിതം മെച്ചപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
ഇന്ത്യൻ മുഖ്യധാര മാധ്യമങ്ങളിൽ ഇനി ഒരു പ്രതീക്ഷക്കും വകയില്ലേ?
മാറുമോ, മാറിേല്ല എന്നുപറയാൻ വളരെ ബുദ്ധിമുട്ടാണ്. സർക്കാർ മാറുകയോ ഭരണമാറ്റം വരുകയോ ഇന്ത്യൻ സമൂഹത്തിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലും മറ്റു മാറ്റങ്ങളുണ്ടാകുകയോ ചെയ്താൽ മാധ്യമങ്ങളും മാറിയേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.