ഭക്ഷ്യവകുപ്പിൽനിന്ന് രുചിക്കൂട്ടിലേക്ക്; ഇത് റിട്ട. ഐ.എ.എസുകാരന്റെ കൈപ്പുണ്യത്തിന്റെ കഥ
text_fieldsകൊച്ചി: റസ്റ്റാറന്റിന്റെ തുറന്ന അടുക്കളയിൽ സ്വയം പാചകംചെയ്ത ഭക്ഷണം തീൻമേശയിലേക്ക് എത്തിക്കുമ്പോൾ പി.എം. അലി അസ്ഗർ പാഷ ഉപഭോക്താവിന് ഒരു നിറപുഞ്ചിരി നൽകി. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട തിരക്കിട്ട സർക്കാർ സേവനത്തിനിടയിലും ചേർത്തുപിടിച്ച പാചകമെന്ന അഭിനിവേശത്തിന്റെ പൂർത്തീകരണ സന്തോഷമാണ് ആ റിട്ട. ഐ.എ.എസുകാരന്റെ മുഖത്ത്. 2023ൽ ഭക്ഷ്യ, സിവിൽ സപ്ലൈസ്, കൺസ്യൂമർ അഫയേഴ്സ്, ലീഗൽ മെട്രോളജി വകുപ്പുകളുടെ ഗവണ്മന്റെ് സെക്രട്ടറിയായി വിരമിച്ച അലി അസ്ഗർ പാഷ കഴിഞ്ഞ ജനുവരി 26നാണ് പൊന്നാരിമംഗലത്ത് മീ മീ എന്ന പേരിൽ ഹോട്ടൽ ആരംഭിച്ചത്. റിട്ടയർമെന്റ് ജീവിതം സന്തോഷകരമാക്കാൻ വിശ്രമമല്ല, പാചകത്തോടുള്ള തന്റെ താൽപര്യത്തിനൊപ്പം സഞ്ചരിക്കുകയാണ് വേണ്ടതെന്ന് തീരുമാനമായിരുന്നു പിന്നിൽ.
വിരമിച്ച് രണ്ടുമാസത്തിനകം അദ്ദേഹം ഇതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. കണ്ടെയ്നർ റോഡരികിൽ കടുത്ത വെയിലിലും തണൽവിരിക്കുന്ന വൃക്ഷത്തിന് സമീപം തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി ഇടം കണ്ടെത്തി. അവിടെയുണ്ടായിരുന്ന വീട് നവീകരിച്ച് അടുക്കളയൊരുക്കി. ജീവനക്കാരായി പ്രദേശവാസികളെ തെരഞ്ഞെടുത്തു. ജൈവ പച്ചക്കറി മാത്രം ഉപയോഗിക്കാനും ഫ്രഷ് മത്സ്യങ്ങൾക്കായി പ്രധാനമായും ചീനവലക്കാരെ ആശ്രയിക്കാനും തീരുമാനിച്ചു. ബംഗളൂരുവിലെ ഡൽഹി പബ്ലിക് സ്കൂൾ അധ്യാപികയായ ഭാര്യ സാജിദ, മകൻ കാലിഫ്, താനിയ എന്നിവരടങ്ങുന്ന കുടുംബം പൂർണ പിന്തുണയും നൽകി.
സർവിസിലുള്ളപ്പോൾതന്നെ പാചകത്തോട് വലിയ താൽപര്യമായിരുന്നുവെന്നും മുതിർന്ന ഉദ്യോഗസ്ഥരടക്കം നിരവധിയാളുകൾ അക്കാലത്ത് താൻ പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയിരുന്നുവെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ഭക്ഷ്യ, കൃഷി വകുപ്പുകളിൽ പ്രധാന ചുമതലകൾ വഹിച്ചിരുന്ന താൻ ഉപഭോക്താവിന്റെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധാലുവാണ്. വരുമാനമല്ല, നഷ്ടമില്ലാതെ നല്ല ഭക്ഷണം നൽകുകയാണ് ലക്ഷ്യം. പിതാവും ഗവ. വിക്ടോറിയ കോളജിലെ അധ്യാപകനുമായിരുന്ന പ്രഫ. പി.എം. ഇടശ്ശേരിയും പാചകം ഇഷ്ടപ്പെട്ടിരുന്നു.
കൊടുങ്ങല്ലൂർ സ്വദേശിയായ അലി അസ്ഗർ പാഷ 1989ലാണ് സർക്കാർ സർവിസിലെത്തിയത്. 2004ൽ ഐ.എ.എസ് ലഭിച്ചു. കൃഷി വകുപ്പ് സെക്രട്ടറി, കെ.ടി.ഡി.സി എം.ഡി, പാലക്കാട് ജില്ല കലക്ടർ തുടങ്ങിയ പദവികൾ വഹിച്ചു. കോവിഡ് കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത് അലി അസ്ഗർ പാഷ സപ്ലൈകോയുടെ എം.ഡിയായിരുന്നപ്പോഴാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.