മധുരം മാറാത്ത ‘ബബ്ൾ ഗം ദുബൈ’
text_fieldsവെള്ളിത്തിരയുടെ മാസ്മകരിക ലോകം സ്വപ്നം കാണാത്തവർ അപൂർവമായിരിക്കും. എന്നാൽ, അതിലേക്ക് എത്തിപ്പെടുകയെന്നത് അത്ര എളുപ്പമല്ലെന്നതും ഒരു സത്യമാണ്. ഇന്ന് മലയാള സിനിമ ലോകം അടക്കിഭരിക്കുന്നവർ പല അഭിമുഖങ്ങളിലും ഈ സത്യം വിളിച്ചുപറഞ്ഞത് നമ്മൾ കേട്ടതുമാണ്. എങ്കിലും സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹം നിമിത്തം അവസരം തേടി അലയുന്നവർ ധാരാളമാണ്. പക്ഷെ, അപൂർവം പേർക്കു മുന്നിൽ മാത്രമാണ് കാമറ കണ്ണുകൾ തുറന്നിടപ്പെട്ടത്. ഇവിടെയാണ് പ്രവാസ ലോകത്തെ ‘ബബ്ൾ ഗം ദുബൈ’ എന്ന വെബ്സീരിസിന്റെ പ്രസക്തി. വലിയ സിനിമയിൽ എത്തിപ്പെടാൻ സാധിച്ചില്ലെങ്കിലും ചെറിയ സിനിമകളിലൂടെ അഭിനയ മോഹികളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകുകയാണ് ‘ബബ്ൾ ഗം ദുബൈ’.
36 വർഷമായി പ്രവാസ ലോകത്തെ സിനിമ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന പോൾസൺ പാവറട്ടിയാണ് ഈ സംരംഭത്തിന് പിന്നിൽ. അഭിനയ മോഹവുമായി നടക്കുന്ന പ്രവാസികൾക്ക് ക്യാമറക്ക് മുന്നിൽ മുഖം കാണിക്കാനുള്ള അവസരം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ 18 മാസം മുമ്പാണ് അദ്ദേഹം വെബ്സീരീസ് എന്ന ആശയവുമായി ഇറങ്ങുന്നത്. ഏതാണ്ട് 18 എപ്പിസോഡുകൾ ഇതിനകം പൂർത്തീകരിച്ചു കഴിഞ്ഞു. അതിൽ 15 എണ്ണം റിലീസ് ചെയ്തു. യൂട്യൂബിൽ ഏതാണ്ട് 25കെ വരെ വ്യൂവേഴ്സും ലഭിക്കുന്നുണ്ട്. അതിലുപരി ഒരു നടനാവണമെന്ന അതിയായ ആഗ്രഹം ഉള്ളിലൊതുക്കി കഴിയുന്ന എത്രയോ പേർക്കാണ് അഭിനയിക്കാൻ അവസരം ലഭിച്ചത്.
പല കാരണങ്ങളാൽ പല സിനിമകളിൽ നിന്നും കോൾ വന്നിട്ടും പോകാൻ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. എന്നെപോലെ അഭിനയിക്കാൻ അവസരം കിട്ടിയിട്ടും ജീവിത സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ ആഗ്രഹം ഉള്ളിലൊതുക്കേണ്ടിവരുന്നവർ പ്രവാസ ലോകത്ത് ഉണ്ടെന്നറിഞ്ഞപ്പോഴാണ് ഇത്തരമൊരു സംരംഭവുമായി രംഗത്തിറങ്ങിയതെന്നാണ് പോൾസൺ പറയുന്നത്. കഥ, തിരക്കഥ, സംവിധാനം തുടങ്ങിയ കാര്യങ്ങളെല്ലാം നിർവഹിക്കുന്നത് പോൾസൺ തന്നെയാണ്. പ്രധാന താരങ്ങളിൽ നിന്ന് ഒരു ചെറിയ തുക വാങ്ങിയാണ് വെബ്സീരിന്റെ ചെലവുകൾ കണ്ടെത്തുന്നത്. ക്യാമറ, എഡിറ്റിങ്, ഫൈനൽ മിക്സിങ് തുടങ്ങിയ കാര്യങ്ങളിൽ സഹായത്തിനായി സുഹൃത്തും ക്യാമറാമാനുമായ കലേഷ് നായരും പോൺസണ് കൂട്ടായുണ്ട്.
പ്രവാസ ലോകത്തും നാട്ടിലും നടക്കുന്ന സംഭവങ്ങൾ കോർത്തിണക്കിയാണ് വെബ്സീരീസിനുള്ള കഥകൾ നിർമിക്കുന്നത്. 12 മിനിറ്റിൽ കൂടാത്ത ദൈർഘ്യമുള്ള എപ്പിസോഡുകളാണ് നിർമിക്കാറ്. അഭിനയമറിയാത്തവർക്കാണ് താൻ മുൻഗണ നൽകാറെന്നും അവർക്ക് നൽകാവുന്ന വലിയ പിന്തുണയാണ് ഇതെന്നുമാണ് പോൾസൺ വിശ്വസിക്കുന്നത്. തന്റെ വെബ്സീരീസിലൂടെ സിനിമ ലോകത്ത് എത്തിയ പലരും ഇന്ന് സ്വന്തമായി വെബ്സീരീസുകൾ നിർമിക്കാൻ തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം വലിയ സംവിധായകരുടെ സിനിമകളിൽ മുഖം കാണിക്കാനുള്ള അവസരവും പലർക്കും ലഭിച്ചുകഴിഞ്ഞതായും പോൾസൺ പറഞ്ഞു. യു.എ.ഇയിൽ ഔട്ട് ഡോർ സിനിമ നിർമാണത്തിനുള്ള അനുമതിക്ക് ബുദ്ധിമുട്ടുള്ളതിനാൽ കൂടുതൽ വെബ്സീരീസുകളും ഇൻഡോറുകളിലാണ് പൂർത്തിയാക്കാറ്.
ഡബ്ബിങ്ങിനും മറ്റും വലിയ തുക ചെലവ് വരുന്നതിനാൽ കൂടുതൽ എപ്പിസോഡുകൾക്കും ശബ്ദം നൽകുന്നത് തൽസമയാണ്. വലിയ സാങ്കേത്തികവോ, അഭിനയ മുഹൂർത്തങ്ങളോ ഒന്നും അവകാശപ്പെടാനില്ലെങ്കിലും കാമറക്ക് മുമ്പിൽ ഒരിക്കലെങ്കിലും മുഖം കാണിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച അഭിനയക്കളരിയായി മാറിയിരിക്കുകയാണ് പോൺസന്റെ പാവറട്ടിയുടെ ബബ്ൾ ഗം ദുബൈ. തന്റെ കുടുംബത്തോടൊപ്പം സന്മനസുള്ള ഒരു പറ്റം സുഹൃത്തുക്കളുടെ പിന്തുണയിൽ അഭിനയ മോഹികളുടെ മധുരം വറ്റാത്ത ബബ്ൾ ഗം ആയി മാറുകയാണ് ബബ്ൾ ഗം ദുബൈ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.