പ്ലാവിലയിലെ വിസ്മയം; റിഷാദ് റെക്കോഡ് ബുക്കിൽ
text_fieldsപ്ലാവിലയിൽ വിസ്മയം തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി ബിരുദവിദ്യാർഥി. തെക്കനാര്യാട് വലിയ വീട്ടിൽ മുഹമ്മദ് റഷീദ്-നസീമ ദമ്പതികളുടെ മകൻ ആർ. റിഷാദാണ് വേറിട്ട വഴിയിൽ ചരിത്രം തീർക്കുന്നത്. തൃശൂർ തൊഴിയൂർ ദാറുറഹ്മ വാഫി കോളജിലെ അഞ്ചാംവർഷ വാഫി വിദ്യാർഥിയാണ് റിഷാദ്. 24 മണിക്കൂർകൊണ്ട് 30 സ്വാതന്ത്ര്യസമരസേനാനികളെ ശിൽപിയുടെ വഴക്കത്തോടെ പ്ലാവിലയിൽ കൊത്തിയെടുത്തു.
മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, ഖാൻ അബ്ദുൽ ഗാഫർ ഖാൻ, ഭഗത് സിങ് തുടങ്ങിയ പ്രമുഖർ റിഷാദിെൻറ പ്ലാവിലയിൽ രൂപംകൊണ്ടു. സമൂഹ മാധ്യമത്തിൽ കണ്ട ലീഫ് ആർട്ടിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് റിഷാദ് പരീക്ഷണാർഥം ചിത്രങ്ങൾ ചെയ്തത്. ഇത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് അധികൃതർക്ക് അയച്ചു. ഈ മാസം 15ന് അംഗീകാരവും അഭിനന്ദനവും എത്തി.
സംസ്ഥാന സ്കൂൾ കലാമേളയിലെ ജേതാവുകൂടിയായ റിഷാദ് 10ാം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിരുന്നു. അറബിക് കാലിഗ്രഫിയിലും നൈപുണ്യമുണ്ട്. ലീഫ് ആർട്ടിൽ കൂടുതൽ മുന്നേറണമെന്നാണ് ബി.എസ്സി മാത്സ് പഠിക്കുന്ന ഈ മിടുക്കെൻറ ആഗ്രഹം. പഴുത്ത പ്ലാവിലയിലാണ് ചിത്രങ്ങൾ വരക്കുന്നത്. വരച്ചശേഷം രൂപം കൊത്തും. പിന്നീട് വാർണിഷ് തേച്ച് ചിത്രം സുരക്ഷിതമാക്കും. മാതാപിതാക്കളും സഹോദരങ്ങളായ റസിയയും മാഹീനും പ്രോത്സാഹനവും പിന്തുണയുമായി റിഷാദിനൊപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.