അക്ബറലിയുടെ ലോകം
text_fieldsഉറുഗ്വയ് തലസ്ഥാനമായ മൊണ്ടേവീഡിയോയിൽ ഒരു അന്താരാഷ്ട്ര സമ്മേളനം നടക്കുകയാണ്, ഗ്ലാം വിക്കി അന്താരാഷ്ട്ര സമ്മേളനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കിടയിൽ മലയാളിയായ ഒരു അധ്യാപകനുമുണ്ട്. യു.എ.ഇ ദുബൈ അമിറ്റി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര മേധാവിയും മലപ്പുറം വണ്ടൂർ സ്വദേശിയുമായ അക്ബറലി ചാരങ്കാവ്. പ്രഗൽഭരായ അന്താരാഷ്ട്ര വ്യക്തിത്വങ്ങളുടെ മുമ്പിൽ അക്ബറലി സംസാരിച്ചുകൊണ്ടിരുന്നത് ഒരുപക്ഷേ മലയാളി വലിയ രീതിയിൽ ഗൗനിക്കാത്ത, മറവിക്ക് വിട്ടുകൊടുക്കാൻ ശ്രമിക്കുന്ന ‘അറബി-മലയാളം’ എന്ന ലിപിയെ കുറിച്ചാണ്. വിജ്ഞാനം പരിധികളില്ലാതെ പരന്നൊഴുകുന്ന വിക്കി മേഖലയിൽ ‘അറബി-മലയാളം’ എന്ന കേരളത്തിന്റെ പൈതൃകത്തെ സ്ഥാപിക്കുകയാണ് അദ്ദേഹം. ഒരുപക്ഷേ വിസ്മൃതിയിലായേക്കാവുന്ന ഒന്നിനെ പുനരിജ്ജീവിപ്പാക്കാനുള്ള വിനീതമായ ശ്രമം.
കോടിക്കണക്കിനാളുകൾ വിവരങ്ങളറിയാൽ ഉപയോഗിക്കുന്ന ഇന്റർനെറ്റിലെ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുമായി അക്ബറലി ചങ്ങാത്തം കൂടിയിട്ട് വർഷങ്ങളായി. 2009മുതൽ വിക്കി മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീമായി എഴുതുന്നുണ്ട്. ഇതിനകം 1500 ലേറെ ലേഖനങ്ങളുൾപ്പടെ 3,455 തിരുത്തലുകൾ നടത്തിയിട്ടുണ്ട്.
വിക്കി ഡാറ്റ, വിക്കിമീഡിയ കോമൺസ്,വിക്കി ഗ്രന്ഥശാല തുടങ്ങിയവയിലെല്ലാം വിവരങ്ങളും ചിത്രങ്ങളും ചേർക്കാറുണ്ട്. വിക്കി മലയാളം പേജിൽ സ്വന്തം നാടിനെ കുറിച്ച ലേഖനം തിരഞ്ഞപ്പോൾ കാണാതെവന്നതാണ് ഈ മേഖലയിലേക്ക് കടന്നുവരാൻ നിമിത്തമായത്. പിന്നീട് പല ലേഖനങ്ങളും എഴുതി. വിദ്യഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നതിനാൽ ഈ മേഖലയിൽ എങ്ങനെ വിക്കി മീഡിയ ഉപയോഗിക്കാം എന്നു പരീക്ഷിച്ചു.
നിലവിൽ തന്റെ വിദ്യാർഥികൾക്കും യു.എ.ഇയിലെയും കേരളത്തിലെയും വിവിധ കോളേജ്, സർവകലാശാല വിദ്യാർഥികൾക്കും വിക്കി പ്ലാറ്റ്ഫോമുകളെ പരിചയപ്പെടുത്തുന്ന ‘വിക്കി’ അധ്യാപകനാണ്. 30ലേറെ വർക്ഷോപ്പുകൾക്ക് ഇതിനകം നേതൃത്വം നൽകിയിട്ടുണ്ട്.
2023 മേയ് മാസത്തിൽ സെർബിയയിൽ നടന്ന എജു വിക്കി കോൺഫറൻസിൽ പങ്കെടുത്ത് വിക്കി ഡാറ്റയും വിദ്യഭ്യാസവും എന്ന വിഷയം അവതരിപ്പിച്ചിരുന്നു. 2019ൽ ജർമൻ തലസ്ഥാനമായ ബെർലിനിൽ നടന്ന വിക്കി ഡാറ്റ കോൺഫറൻസിലും പങ്കെടുക്കാൻ അവസരം ലഭിച്ചു. 2023ൽ ഏപ്രിലിൽ ഹൈദരാബാദിൽ നടന്ന വിക്കി ഇന്ത്യാ സമ്മേളനത്തിലും ക്ഷണിതാവായി. ദുബൈ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയിൽ കഴിഞ്ഞ വർഷം നടന്ന വിക്കി അറേബ്യ കോൺഫറൻസിലും പ്രത്യേക ക്ഷണം ലഭിച്ചു. യു.എ.ഇയുടെ പൈതൃക സാംസ്കാരിക അറിവുകൾ സംരക്ഷിക്കാനായി ‘വിക്കി ലവ്സ് മോണിമെന്റ്സ്’ എന്ന ശീർഷകത്തിൽ ലോകവ്യാപകമായി നടക്കുന്ന കാമ്പയിൻ യു.എ.ഇയിൽ സംഘടിപ്പിച്ചിരുന്നു. നിരവധി പേരാണ് ഈ കാമ്പയിനിൽ പങ്കെടുത്ത് യു.എ.ഇയുടെ ചരിത്രപ്രധാനമായ നൂറുകണക്കിന് ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിൽ അപ്ലോഡ് ചെയ്തതത്.
ഷാർജയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും ചരിത്രപ്രധാനമായ സ്ഥലങ്ങളുടെയും ചിത്രങ്ങളും ഇന്റർനെറ്റിലെത്തിക്കാൻ പരിശ്രമിച്ചു. അറബി മലയാള കൃതികൾ കണ്ടെത്തി സ്കാൻ ചെയ്യുകയും മലയാള ലിപിയിൽ ടൈപ്പ് ചെയ്ത് വിക്കിഗ്രന്ഥശാലയിലെത്തിക്കുകയും ചെയ്യുന്ന പ്രവർത്തനത്തിനും നേതൃത്വം നൽകി. ഇതുവഴി നിരവധി പഴയ ഗ്രന്ഥങ്ങളാണ് വെളിച്ചത്തേക്ക് വന്നത്. അറബിമലയാള രംഗത്ത് പ്രവർത്തിക്കുന്ന ഗവേഷകരുടെയും മറ്റും സഹായത്തോടെയാണിത് ശേഖരിക്കുന്നത്. മാപ്പിളപ്പാട്ടുകൾ ആലപിച്ച് റെക്കോർഡ് ചെയ്തും ലഭ്യമാക്കുന്നുണ്ട്. ഇതുവഴി മലയാള ഭാഷയിൽ വായിക്കാനും ഗാനം കേൾക്കാനും സൗജന്യമായി സാധിക്കും.
മഞ്ചേരി കെ.പി.പിഎം ടീച്ചേഴ്സ് ട്രെയ്നിങ് കോളേജിൽ നിന്ന് ബി.എഡ് ബിരുദവും മദ്രാസ് സർവകലാശലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ അക്ബറി, എട്ടുവർഷത്തിലേറെയായി പ്രവാസിയായി യു.എ.ഇയിലുണ്ട്. വിക്കി മീഡിയ പ്ലാറ്റ്ഫോമുകൾ എങ്ങനെ വിദ്യഭ്യാസ ശാക്തീകരണത്തിന് ഉപയോഗിക്കാം എന്ന ആലോചനയിൽ ചില പദ്ധതികൾ ആലോചനയിലുണ്ട്. ആർട് അധ്യാപകരുടെ സഹായത്തോടെ വിദ്യാർഥികൾക്ക് ഉപകാരപ്പെടുന്ന സ്വതന്ത്രമായി ഉപയോഗിക്കാവുന്ന കോപിലെഫ്റ്റ് ശേഖരങ്ങൾ വർധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.വണ്ടൂർ ചാത്തങ്ങോട്ടുപുറം കറുത്തേടത്ത് സൈനബയുടെയും പരേതനായ മുണ്ടയിൽ അഹമ്മദ് കുട്ടിയുടെയും മകനാണ്. ആയിശ മർജാനയാണ് ഭാര്യ. മകൾ ഫാത്തിമ മറിയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.