വീട്ടുമുറ്റത്ത് ഇടുക്കി ഡാം തീർത്ത് യുവാവ്
text_fieldsകട്ടപ്പന: പതിവായി കാണുന്ന ഇടുക്കി ഡാം വീട്ടുമുറ്റത്ത് നിർമിക്കാനുള്ള ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് കട്ടപ്പന നരിയംപാറ സ്വദേശി അരുൺ കുമാർ പുരുഷോത്തമൻ. ഇടുക്കി മെഡിക്കൽ കോളജിൽ നഴ്സിങ് ഓഫിസറായ അരുൺ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകുന്നത് ചെറുതോണി ഡാമിനെ കണ്ടാണ്. നിരവധി വാഹനങ്ങളുടെ മോഡലുകൾ നിർമിച്ച അരുണിന്റെ മനസ്സിൽ ഏറെ നാളായുള്ള മോഹമായിരുന്നു ഇടുക്കി ഡാമിന്റെ മോഡൽ നിർമിക്കണമെന്നത്. എട്ട് മാസം നീണ്ട പരിശ്രമത്തിനൊടുവിൽ വീടിനോട് ചേർന്ന സ്ഥലത്ത് ഡാം മാതൃക പൂർത്തിയാക്കി. സിമന്റും വാട്ടർ പ്രൂഫ് പേസ്റ്റും തടിയും ഉപയോഗിച്ചായിരുന്നു നിർമാണം.
ചെറുതോണി അണക്കെട്ടിനുള്ളതുപോലെ അഞ്ച് ഷട്ടറുകളാണ് ഇതിനുമുള്ളത്. സുരക്ഷ ജീവനക്കാർക്ക് കയറുന്നതിന് കോണിപ്പടികളും വൈദ്യുതി പോസ്റ്റുകളും വൈദ്യുതി വിളക്കുകളും പാലവും റോഡും അതുവഴി സഞ്ചരിക്കുന്ന കാറുമെല്ലാം അരുണിന്റെ ഡാമിന്റെ പ്രത്യേകതകളാണ്. വെള്ളം ഉയരത്തിൽ കെട്ടിനിർത്തി പെൻസ്റ്റോക് പെപ്പുകൾ വഴി ടർബൈനിൽ എത്തിച്ച് കറക്കി വൈദ്യുതി ഉൽപാദിക്കുന്ന ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ ചെറുരൂപവും സജ്ജമാക്കിയിട്ടുണ്ട്. സമീപത്തായി കെട്ടിടത്തിന്റെ മാതൃകയും നിർമിച്ചിട്ടുണ്ട്. ഇവിടെയാണ് ഡാമിന്റെ പ്രവർത്തനത്തിന് ആവശ്യമായ ബട്ടണുകൾ ക്രമീകരിച്ചിരിക്കുന്നത്. ജലവിഭവ മന്ത്രിയും മണ്ഡലത്തിലെ എം.എൽ.എയുമായ റോഷി അഗസ്റ്റിൻ തന്റെ ഡാം കാണാനെത്തണമെന്നാണ് അരുണിന്റെ ആഗ്രഹം. ഇടുക്കി മെഡിക്കൽ കോളജിലെ നഴ്സിങ് ഓഫിസർ ആര്യ കെ. ചന്ദ്രനാണ് ഭാര്യ. മാധവ് കൃഷ്ണ, കേശിനി കൃഷ്ണ, ശ്രേഷ്ഠലക്ഷ്മി എന്നിവരാണ് മക്കൾ. മൂത്തേടത്തുപറമ്പിൽ പുരുഷോത്തമൻ-പുഷ്പ എന്നിവരാണ് മാതാപിതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.