‘കുയിൽനാദം’ വേലു നായർ; നാടകം നിഴലാക്കിയ നടൻ
text_fieldsകുയിൽനാദം വേലു നായർ
പാലക്കാട്: പാലക്കാടിന്റെ നാടകചരിത്രത്തിൽ സുവർണലിപികളിൽ എഴുതപ്പെട്ട അഭിനേതാവ്, ജില്ലയിലെ ആദ്യ നാടകനടൻ... വിശേഷണങ്ങൾ ഏറെയാണെങ്കിലും ‘കുയിൽനാദം’ വേലു നായർ എന്ന പ്രതിഭ കാലത്തിന്റെ വിസ്മൃതിയിലാണ്. അഞ്ചു പതിറ്റാണ്ട് തമിഴ് സംഗീത നാടകവേദിയിലൂടെ തമിഴ്നാട്ടിലും കേരളത്തിലും ആസ്വാദകവൃന്ദം സൃഷ്ടിച്ച പള്ളത്തേരി സുബ്രഹ്മണ്യൻ വേലുനായർ നാടകത്തിന് നൽകിയ സംഭാവനകൾ ചെറുതല്ല. മക്കൾതിലകം എം.ജി.ആർ, പത്മശ്രീ കെ.ബി. സുന്ദരാംബാൾ തുടങ്ങിയ പ്രതിഭകൾക്ക് അവസരം നൽകിയ നാടകക്കമ്പനിയുടമയായ പി.എസ്. വേലു നായർ 1938ൽ രൂപവത്കരിച്ച ദക്ഷിണേന്ത്യൻ ഫിലിം ആർട്ടിസ്റ്റ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റായിരുന്നു. 1883ൽ പള്ളത്തേരി സുബ്രഹ്മണ്യൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനായി നായർത്തറ ആന്തൂർ വീട്ടിൽ ജനിച്ച വേലു നായരെക്കുറിച്ച് നാടക പ്രവർത്തകനായ ബോബൻ മാട്ടുമന്തയാണ് കൂടുതൽ പഠനം നടത്തിയത്.
18ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് വേലു നായർ അഭിനയമോഹവുമായി തമിഴ്നാട്ടിലേക്ക് വണ്ടി കയറിയത്. അക്കാലത്തെ പ്രമുഖ നാടകക്കമ്പനിയായ മദ്രാസിലെ ‘കണ്ണയ്യ’യിൽ ചേർന്നു. തമിഴ് സംഗീതജ്ഞനായ കോനേരരാജപുരം വൈദ്യനാഥ അയ്യരുടെയും ശങ്കർ ദാസ് സ്വാമികളുടെയും ശിക്ഷണത്തിൽ സംഗീതവും അഭിനയവും പഠിച്ചു. പിന്നണിയിൽ ഗാനമാലപിച്ചായിരുന്നു അഭിനേതാവിലേക്കുള്ള യാത്രയാരംഭിച്ചത്.
കഠിനാധ്വാനവും നിരന്തര ഉത്സാഹവുംമൂലം സഹനടനിൽനിന്ന് പ്രധാന കഥാപാത്രം വരെയെത്തി. തമിഴ്നാട്ടിലെ പ്രമുഖ നാടകക്കമ്പനികളിലെല്ലാം വേലു നായരുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. വെലിങ്ടൺ പ്രഭു, അദ്ദേഹത്തിന്റെ ഭാര്യ, സി.പി. രാമസ്വാമി അയ്യർ, മൈസൂർ മഹാരാജാവ് തുടങ്ങി പ്രമുഖരുടെ പ്രശംസ വരെ വേലു നായരെ തേടിയെത്തിയിരുന്നു.
സ്ഥിരം നാടകകൊട്ടകയും സഞ്ചരിക്കുന്ന നാടക കൊട്ടകയുമായി നാടകം എന്ന കലയെ ഗ്രാമങ്ങളിലും പ്രാപ്യമാക്കി ജനകീയവത്കരിക്കുന്നതിൽ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു. ആസ്വാദകരുടെ ആവശ്യപ്രകാരം ബർമ, സിലോൺ, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിലും വേലു നായർ ആടിത്തിളങ്ങി. കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി വേദികളിൽ പുരാണ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ വേലു നായർ സ്വരമാധുരിയുള്ള ഗായകനുമായിരുന്നു. അതിനുള്ള അംഗീകാരമായാണ് ‘കുയിൽനാദ’മെന്ന വിളിപ്പേര് ലഭിക്കുന്നത്. 1934ൽ പയനീയർ ഫിലിംസ് നിർമിച്ച് പി.വി. റാവു സംവിധാനംചെയ്ത ശകുന്തളയെന്ന സിനിമയിൽ നായകനായി അഭിനയിച്ചു.
1938ൽ ദക്ഷിണേന്ത്യൻ ഫിലിം ആർട്ടിസ്റ്റ് അസോസിയേഷൻ രൂപവത്കരിച്ചു.
സ്ഥാപക പ്രസിഡന്റായിരുന്നു. ചലച്ചിത്ര-നാടക നടൻ എം.വി. മണിയായിരുന്നു സെക്രട്ടറി. നടികർ സംഘത്തിന്റെ പൂർവരൂപമായിരുന്നു ഈ സംഘടന. സംഗീത നാടക ഗാനങ്ങൾ അടങ്ങിയ ഗാനമാലികയും (1909), സുന്ദരീ സ്വയംവരം (1919) സംഗീത നാടകവും മലയാളത്തിൽ പ്രസിദ്ധീകരിച്ചത് കണ്ടെത്തിയിട്ടുണ്ട്.
നാടകം ഉപജീവനമാർഗമായി സ്വീകരിച്ച് അരങ്ങിലും അണിയറയിലും നിറഞ്ഞാടിയ പി.എസ്. വേലു നായർ, ചരിത്രത്തിൽ അർഹിക്കുന്ന പരിഗണന ലഭിക്കാതെ 1958ൽ കുംഭകോണത്തുവെച്ചാണ് മരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.