വട്ടപ്പാട്ട് സൗഹൃദ കൂട്ടായ്മയിൽ ഇനി മൊയ്തീൻകുട്ടിയില്ല
text_fieldsകോട്ടക്കൽ: മാപ്പിളകലകളെ നെഞ്ചോട് ചേർത്ത ആ കൂട്ടായ്മയിൽ കൊല്ലേത്ത് മൊയ്തീൻകുട്ടി ഇനിയില്ല. 35 വർഷംമുമ്പ് പുത്തൂരിൽ ആരംഭിച്ച വട്ടപ്പാട്ട് സംഘത്തിലെ തബലയും ഹാർമോണിയവും വായിച്ചിരുന്ന അരിച്ചോൾ സ്വദേശി മൊയ്തീൻകുട്ടിയുടെ മരണം നാടിനെ സങ്കടത്തിലാഴ്ത്തി. കൊല്ലേത്ത് കുടുംബാംഗങ്ങളും ബന്ധുക്കളുമായ കോയ, കമ്മു, മൊയ്തീൻകുട്ടി, പൂളക്കുണ്ടൻ ഉമ്മർ, മൂസാലി മുസ്ലിയാർ, തൊട്ടിയൻ ബാവ, പുത്തൂർ ബാവു, കമ്മു, കുഞ്ഞിമരക്കാർ ഹാജി, മുഹമ്മദ് എന്നിവരടങ്ങുന്നതായിരുന്നു കൂട്ടായ്മ. ഇവരിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല.
അക്കാലത്ത് മരച്ചട്ടയിൽ കൈ കൊണ്ട് കൊട്ടിയായിരുന്നു പാട്ടിനൊപ്പം താളം പിടിച്ചിരുന്നത്. മാപ്പിളപ്പാട്ട് കലാരംഗത്തും തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തും പരിപാടികൾ അവതരിപ്പിച്ച് സജീവ സാന്നിധ്യമായിരുന്നു ഇവർ. പുത്തൂരിലായിരുന്നു വട്ടപ്പാട്ടിനായി ഒത്തുകൂടിയിരുന്നത്. പിന്നീട് കല്യാണങ്ങൾക്കും മറ്റ് ആഘോഷ പരിപാടികൾക്കും സംഘം സജീവമായി. ഇതിനിടയിൽ കെട്ടിടം മാറേണ്ടി വന്നതോടെ കേന്ദ്രം കോട്ടക്കലിലേക്ക് മാറ്റി. വട്ടപ്പാട്ട് കൂട്ടായ്മ മാറ്റി ഗസൽ ഓർക്കസ്ട്ര എന്ന പേരിൽ പറങ്കിമൂച്ചിക്കലിലായി പിന്നീട് പ്രവർത്തനം.
മാപ്പിളപ്പാട്ട് രംഗത്തെ കുലപതിയായ രണ്ടത്താണി ഹംസക്കൊപ്പം തബലയിൽ കൊട്ടിക്കയറിയും ഹാർമോണിയം വായിച്ചുമാണ് മൊയ്തീൻകുട്ടി ശ്രദ്ധേയനാകുന്നത്. ഇതോടെ ഒരുപാട് ശിഷ്യഗണങ്ങളെയും മേഖലയിലേക്ക് എത്തിക്കാൻ കഴിഞ്ഞു. രണ്ടത്താണി ഹംസയുടെ സഹോദരൻ സെയ്തിനൊപ്പവും മൊയ്തീൻകുട്ടി വേദി പങ്കിട്ടിരുന്നു. നൂറോളം അംഗങ്ങളുള്ള കൂട്ടായ്മയായി പിന്നീട് ഗസൽ മാറി. പ്രദേശത്തെ പവർ കിങ് ആർട്സ് സ്പോർട്സ് ക്ലബിന്റെ മുഖ്യരക്ഷാധികാരിയും മുതിർന്ന അംഗവുമായിരുന്നു മൊയ്തീൻകുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.