ജീവൻ തുടിക്കുന്ന കോലങ്ങൾ
text_fieldsപലരും നടന്നുതേഞ്ഞ വഴികളല്ല, അൽപം വേറിട്ട വഴിയിലൂടെ സഞ്ചരിക്കാനാണ് സന്തോഷ് കരിപ്പൂലിനിഷ്ടം. അരങ്ങിലും അണിയറയിലും ജീവൻ തുടിക്കുന്ന വേഷങ്ങളൊരുക്കാൻ സന്തോഷ് ഇറങ്ങിത്തിരിക്കുന്നത് അങ്ങനെയാണ്. മൂന്നു പതിറ്റാണ്ടായി കലയാണ് സന്തോഷിന്റെ ജീവിത സപര്യ. ഒരിക്കൽ മുന്നിൽ കണ്ട ഏത് രൂപവും വേഷവും അനായാസം നിർമിച്ചെടുക്കാനുള്ള കഴിവ് അദ്ദേഹത്തെ മറ്റുകലാകാരന്മാരിൽനിന്ന് വേറിട്ടതാക്കി.
നാടൻകലകളിൽ തുടക്കം
കുട്ടിക്കാലം മുതൽ നാടൻകലകളോടും നാടകങ്ങളോടും അടങ്ങാത്ത അഭിനിവേശമായിരുന്നു സന്തോഷിന്. കേരളോത്സവ വേദികളിലൂടെയാണ് കലാരംഗത്ത് ചുവടുറപ്പിക്കുന്നത്. സന്തോഷ് പരിശീലിപ്പിച്ച നാടൻപാട്ടുകൾക്കും നാടൻ നൃത്തങ്ങൾക്കും ജില്ല-സംസ്ഥാന തല കേരളോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. ആദിവാസി ഊരുകളിൽനിന്ന് ചുവടുകളും പാട്ടുകളും ശേഖരിച്ച് അവ പുതുതലമുറയിലേക്ക് പകർന്നുനൽകുകയെന്ന ശ്രമകരമായ ദൗത്യവും സന്തോഷ് നിറവേറ്റുന്നുണ്ട്.
ജീവന്റെ വേഷവിതാനങ്ങൾ
കരിപ്പൂൽ കേന്ദ്രമാക്കി നാട്ടിലെ കലാകാരന്മാരെ പങ്കെടുപ്പിച്ച് നാടൻ കലാസംഘം രൂപവത്കരിച്ച് വേദികളിൽ നാടൻ കലാമേള അവതരിപ്പിച്ചു വരുന്നതിനിടയിലാണ് മയ്യിൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കുട്ടികളുടെ തിയറ്റർ ഗ്രൂപ്പായ ഒറപ്പടി കലാ കൂട്ടായ്മയുടെ കലാപരിശീലകനായി സന്തോഷ് മാറുന്നത്. മുപ്പതിലധികം കുട്ടികൾ അരങ്ങിലെത്തുന്ന രണ്ട് മണിക്കൂർ ദൈർഘ്യമുള്ള നാടൻ കലാവിരുന്ന് കേരളത്തിലുടനീളവും കേരളത്തിന് വെളിയിലും അവതരിപ്പിക്കുന്നതിന് നേതൃത്വം നൽകി. പിന്നീട് സൗപർണിക കലാവേദിയിൽ കൊറിയോഗ്രാഫറും പെർഫോമറുമായി. അതോടെ, നാടൻപാട്ടരങ്ങുകൾക്കാവശ്യമായ വേഷവിധാനങ്ങളും തയാറാക്കിത്തുടങ്ങി. അങ്ങനെയാണ് സന്തോഷിന്റെ കലായാത്രക്ക് മറ്റൊരു മാനം കൈവരുന്നത്.
വർഷങ്ങളായി കേരളത്തിലെ നിരവധി നാടൻ കലാസംഘങ്ങൾക്ക് ആവശ്യമായ രൂപങ്ങളും വേഷങ്ങളും അണിയലങ്ങളും ഒരുക്കുന്നത് ഈ കലാകാരനാണ്. കാളി, ദാരികൻ, യക്ഷിക്കോലം, നാഗകാളി തിറ, ഓണപ്പൊട്ടൻ, പന്തക്കാളി, കരിങ്കാളി, പൂതനും തിറ, ചെങ്കോലം, കരിക്കോലം, രുദ്രകാളി, വട്ട മുടിക്കോലം, കുട്ടിച്ചാത്തൻ തിറ, കാലൻ, വേൽമുരുഗൻ, മയിലാട്ടം, പരുന്താട്ടം, പൊയിക്കാൽ കുതിര, പടയണി, തീക്കാളി, മഞ്ഞക്കാളി, കലിച്ചിത്തിറ, പാക്കനാരാട്ടം തുടങ്ങി നിരവധി വേഷങ്ങൾക്ക് സന്തോഷിന്റെ കരവിരുതിൽ ജീവൻവെക്കുന്നു. കേരള ഫോക് ലോർ അക്കാദമി അവാർഡ്, ദലിത് സാഹിത്യ അക്കാദമി വേദവ്യാസപുരസ്കാരം, അംബേദ്കർ നാഷനൽ അവാർഡ് തുടങ്ങിയ അംഗീകാരങ്ങളും അതിനിടെ സന്തോഷിനെ തേടിയെത്തി.
തളിപ്പറമ്പിനടുത്ത കരിപ്പൂൽ ആണ് സന്തോഷിന്റെ നാട്. നാട്ടുപാട്ടുകളുടെ ഈണവും താളവും ചുവടും പ്രേക്ഷക മനസ്സിലേക്ക് ഇറങ്ങിച്ചെല്ലുന്നതുപോലെ സന്തോഷ് കരിപ്പൂൽ ഒരുക്കുന്ന കോലങ്ങളും വേഷങ്ങളും കാഴ്ചക്കാരുടെ മനസ്സ് കീഴടക്കുകയാണ്. കണ്ണൂർ, കോഴിക്കോട് സർവകലാശാല കലോത്സവങ്ങൾ, കാലടി സംസ്കൃത സർവകലാശാല കലോത്സവം തുടങ്ങിയ മേളകളിൽ സന്തോഷ് പരിശീലിപ്പിച്ച കോളജുകൾ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിനുവേണ്ടി തുടർച്ചയായ 13 വർഷം നാടൻ നൃത്തം പരിശീലിപ്പിക്കുകയും സർവകലാശാല കലോത്സവത്തിൽ അഞ്ചു തവണ ഒന്നാം സ്ഥാനം ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തു. നിരവധി ഷോർട്ട് ഫിലിമുകളുടെയും പരസ്യചിത്രങ്ങളുടെയും കലാസംവിധായകനായും നൃത്ത സംവിധായകനായും അഭിനേതാവായും സന്തോഷ് പ്രവർത്തിച്ചിട്ടുണ്ട്. മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ സന്തോഷിന് കലാപ്രവർത്തനത്തിന് പിന്തുണയുമായി ഭാര്യ നീതുവും ഒപ്പമുണ്ട്. കരിപ്പൂലിലെ പരേതനായ കണ്ണൻ വിശ്വകർമന്റെയും എം. ഗൗരിയുടെയും മകനാണ് സന്തോഷ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.