47 വർഷത്തെ പ്രവാസം; അജ്മാൻകാരുടെ ‘കന്തൂറ കുഞ്ഞോൻ’ ഇനി നാട്ടിൽ
text_fieldsദുബൈ: അറബികൾക്കിടയിൽ മൊയ്തീനായും അജ്മാൻകാരുടെ ‘കന്തൂറ കുഞ്ഞോനാ’യും നാട്ടുകാർക്കിടയിൽ കുഞ്ഞിമോനായും നാലര പതിറ്റാണ്ടിലധികം പ്രവാസം അനുഭവിച്ച തിരൂർ തൃപ്രങ്ങോട് സ്വദേശി കളത്തിപ്പറമ്പിൽ കുഞ്ഞിമൊയ്തീൻ ഇനി നാട്ടിലേക്ക്. 47 വർഷം അന്നം തന്ന അറബ് നാടിന്റെ വിവിധ വളർച്ചഘട്ടങ്ങള്‍ കണ്ട കുഞ്ഞിമൊയ്തീൻ പ്രവാസ ലോകത്തെ നാല് തലമുറകളുമായുള്ള സുഹൃദ്ബന്ധവും പടുത്തുയര്‍ത്തിയാണ് നാട്ടിലേക്ക് തിരിക്കുന്നത്. 1976 ഒക്ടോബർ 24നാണ് കുഞ്ഞിമൊയ്തീൻ ദുബൈയിൽ വന്നിറങ്ങിയത്.
അതുവരെ നാട്ടിലെ പള്ളിയിലും ദർസിലും മുസ്ലിയാരായി ജോലി ചെയ്തുവരുകയായിരുന്നു. അമ്മാവൻ കന്മനം ബാവാഹാജിയാണ് ഗൾഫിലേക്കുള്ള വിസ അയച്ചുനൽകുന്നത്. കുടുംബം പോറ്റാനുള്ള വലിയ ഉത്തരവാദിത്തവും പേറി തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്നും വണ്ടി കയറി ബോംബെ എയർപോർട്ടിൽ എത്തി. ഒരാഴ്ചക്ക് ശേഷമാണ് ദുബൈയിലേക്കുള്ള ടിക്കറ്റ് ലഭിച്ചത്. അവിടെ നിന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് ഫ്ലൈറ്റില്‍ ദുബൈയില്‍ വന്നിറങ്ങി. അന്ന് 16 വയസ്സായിരുന്നു. മദ്രാസിൽനിന്നും മൈനർ പാസ്പോർട്ട് സംഘടിപ്പിച്ചാണ് വരവ്.
കുറച്ചുകാലം അമ്മാവന്റെ കൂടെ സഹായിയായി. പിന്നീട് ഒരു ഈജിപ്ഷ്യൻ പൗരന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ സാബിയയിൽ ജോലിക്കു കയറി. കുറച്ചു കാലം എ.ടി.എസ്. അലി ഹാജിയുടെ ജഫ്രാൻ സ്റ്റോറിൽ ജോലിചെയ്തു. 1979ലാണ് അബൂദബി കേന്ദ്രമായുള്ള ഫെഡറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ ഓഫിസ് ബോയ് ആയി ജോലി ലഭിച്ചത്. യു.എ.ഇ ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയതോടെ 1990ൽ മിനിസ്റ്ററി ഓഫ് എനർജി എന്ന ഡിപ്പാർട്ട്മെന്റിലേക്ക് ഡ്രൈവറായി ജോലിമാറ്റം ലഭിച്ചു. അന്നുമുതൽ തിരിച്ചുപോകുന്നതുവരെ 33 വർഷക്കാലം ഈ ജോലിയിൽതന്നെ തുടർന്നു.
അറബി വേഷമായ കന്തൂറ മാത്രം കാലങ്ങളായി ധരിച്ചുവരുന്നതുകൊണ്ടുതന്നെ അജ്മാൻ മലയാളികൾക്കിടയിൽ കന്തൂറ കുഞ്ഞോൻ എന്നാണ് അറിയപ്പെടുന്നത്. അഞ്ചു സഹോദരിമാരുടെയും മൂന്ന് പെണ്മക്കളുടെയും വിവാഹം നടത്തി. സഹോദരന്മാരെയും മകനെയും യു.എ.ഇയിൽ ജോലിക്കു കൊണ്ടുവന്നു.
കുറച്ചു കാലം അജ്മാൻ കെ.എം.സി.സി.യിൽ തവനൂർ മണ്ഡലം പ്രസിഡന്റായി പ്രവർത്തിച്ചു. തിരൂർ തൃപ്രങ്ങോട്ടെ പരേതരായ കളത്തിപ്പറമ്പിൽ മുഹമ്മദിന്റെയും ആയിഷുമ്മയുടെയും മകനാണ്. കദീജയാണ് ഭാര്യ. മക്കൾ: ഷാഹിന, ലുബ്ന, നസറീന, നിയാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.