ആ കാമറക്കണ്ണുകൾ പറയുന്നു...തുരുത്തിൽ കുരുങ്ങിയ ജീവിതത്തെ കുറിച്ച്
text_fieldsആലുവ: ആ കാമറക്കണ്ണുകളിൽ പകർത്തപ്പെട്ടത് തുരുത്തിൽ കുരുങ്ങിയ ജീവിതമാണ്, നിസ്സഹായതകളാണ്. എടത്തല അൽ-അമീൻ കോളജിലെ ഒരുപറ്റം വിദ്യാർഥികളാണ് വർണങ്ങൾ നിറഞ്ഞ നഗരത്തിനരികെ ദ്വീപിൽ ഒറ്റപ്പെട്ട് കഴിയുന്ന ജോസഫിന്റെ ജീവിതത്തിലേക്ക് കാമറ തിരിച്ചത്.
ഗ്രാമങ്ങൾ മെട്രോപൊളീറ്റൻ നഗരങ്ങളായി രൂപം മാറിയപ്പോൾ സാധ്യതകൾ അടഞ്ഞ് ഒറ്റപ്പെട്ട തുരുത്തുകളിൽ ജീവിതം തള്ളിനീക്കുന്ന നിരവധിയാളുകളുണ്ട്. ഇത്തരത്തിൽ ഒരാളാണ് എറണാകുളം നഗരത്തോട് ചേർന്ന കടമക്കുടി പഞ്ചായത്തിലെ മുറിക്കൽ എന്ന കൊച്ചുതുരുത്തിൽ 20 വർഷമായി ഒറ്റപ്പെട്ടു കഴിയുന്ന ജോസഫ്. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ നേർക്കാഴ്ചകളാണ് ‘മുറിക്കൽ ദ്വീപിന്റെ ചരിത്ര ശബ്ദങ്ങൾ’ എന്ന ഡോക്യുമെന്ററിയിലൂടെ വിദ്യാർഥികൾ കാമറയിൽ പകർത്തിയിരിക്കുന്നത്.
14 ദ്വീപ് ഉൾപ്പെടുന്നതാണ് കടമക്കുടി പഞ്ചായത്ത്. ഇതിൽ ഏറ്റവും ചെറിയ ദ്വീപാണ് മുറിക്കൽ. ആദ്യകാലത്ത് കടമക്കുടിയോട് ബന്ധപ്പെട്ട് കിടന്നിരുന്ന ദീപായിരുന്നു മുറിക്കൽ. ഒറ്റത്തടി പാലത്തിലൂടെ ചെറിയ തോട് കടന്നാണ് കടമക്കുടിയിൽനിന്നു അങ്ങോട്ടും ഇങ്ങോട്ടും പോയിരുന്നത്.
പിന്നീടുണ്ടായ വെള്ളപ്പൊക്കത്തിലും ശക്തമായ മഴവെള്ളപ്പാച്ചിലിലും ഈ ഭാഗം കടമക്കുടിയിൽ നിന്നും ഒറ്റപ്പെട്ട് മുറിഞ്ഞുപോവുകയായിരുന്നു. അങ്ങനെയാണ് ദ്വീപിന് മുറിക്കൽ എന്ന പേര് ലഭിച്ചത്. പണ്ട് ഇതൊരു ജനവാസ മേഖലയായിരുന്നു. പിന്നീട്, ഇവിടത്തെ താമസക്കാർ മറ്റു പ്രദേശങ്ങളിലേക്ക് ചേക്കേറി.
എന്നാൽ, ജോസഫ് മാത്രം എവിടേക്കും പോയില്ല. തുരുത്തിലെ ഏക നാട്ടുകാരനായ 72കാരനായ ജോസഫിന് കടമക്കുടിയെ കുറിച്ചും മുറിക്കൽ ദ്വീപിനെ കുറിച്ചും പറയാൻ ഏറെയുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തിലൂടെയാണ് കടമക്കുടിയുടെയും മുറിക്കൽ ദ്വീപിന്റെയും ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം വിദ്യാർഥികൾ കാമറയിൽ പകർത്തിയിരിക്കുന്നത്.
എടത്തല അൽ അമീൻ കോളജിലെ ബിവോക് സൗണ്ട് എൻജിനീയറിങ് വിഭാഗം വിദ്യാർഥികൾ തയാറാക്കിയ ഡോക്യുമെന്ററി 29ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന ‘കാകം -23’ പരിപാടിയിൽ പ്രദർശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.