കൂടുതേടി പറന്നവർ
text_fieldsആയിരക്കണക്കിന് അനാഥകളുടെ പോറ്റുമ്മയാണ് തൃശൂർ ജില്ലയിലെ വാടാനപ്പള്ളി ഓർഫനേജ്. കാരുണ്യത്തിന്റെ ഉറവ പൊടിയുന്ന ഈ മണ്ണിലേക്ക് 1980കളുടെ തുടക്കത്തിൽ ഒരു അർധരാത്രിയിൽ, ആറു കുഞ്ഞുങ്ങളുമായി ഇടുക്കിക്കാരനായ പാപ്പച്ചൻ എത്തി. ആ സ്നേഹത്തണലിൽ ആ കുഞ്ഞുങ്ങൾ വളർന്നുവലുതായി...
ഈ കുഞ്ഞുങ്ങൾ ഇവിടെ സുരക്ഷിതരായിരിക്കും.’’ അതെ, ആ തണലിൽ അവർ സുരക്ഷിതരായിരുന്നു. ആ ആറു കുഞ്ഞുങ്ങളും പഠിച്ചും കളിച്ചും വളർന്നത് വാടാനപ്പള്ളി അനാഥാലയത്തിന്റെ തണലിനു കീഴിലായിരുന്നു
1982. ഇടവപ്പാതിയിലെ ഒരു മഴതോരാ രാത്രിയിലാണ് ഇളംദേശത്തെ കുന്നിന്മുകളിൽനിന്ന് ആ യാത്ര തുടങ്ങുന്നത്. ദേശത്തെ പ്രമുഖ പ്ലാന്ററായ പാപ്പച്ചൻ, വളഞ്ഞും പുളഞ്ഞുമുള്ള പാതയിലൂടെ അതീവ ശ്രദ്ധയോടെയാണ് കാർ ഓടിക്കുന്നത്. സുഹൃത്ത് ഉസ്മാനും കൂടെയുണ്ട്.
അവിചാരിത കാരണങ്ങളാൽ മാതാപിതാക്കൾ വേർപെട്ടുപോയ പ്ലാന്റേഷൻ പാഡിയിലെ സഹോദരങ്ങളായ ആറു കുഞ്ഞുങ്ങളുമായി ഒരു സംരക്ഷണാലയം തേടിയാണ് ആ പുറപ്പാട്. കൂട്ടത്തിലെ ഇളയകുഞ്ഞിന് പ്രായം രണ്ടാണ്. ശൈശവത്തിലും ബാല്യത്തിലുമുള്ള മറ്റ് അഞ്ചു പേരും. കണ്ണുകാണാ മഴയാണെങ്കിലും പ്രതീക്ഷയുടെ അരണ്ടവെളിച്ചത്തിൽ അവർ മലവാരമിറങ്ങി.
ദീർഘയാത്രക്കൊടുവിൽ പുലർച്ചയോടെ തൃശൂർ ജില്ലയിലെ വാടാനപ്പള്ളി അനാഥാലയത്തിനു മുന്നിൽ പാപ്പച്ചൻ ബ്രേക്ക് ചവിട്ടി. നേരം പുലരാനായിട്ടുണ്ട്. അവരെയും കാത്ത് അനാഥാലയത്തിലെയും അനുബന്ധ സ്ഥാപനമായ ഇസ്ലാമിയ കോളജിലെയും മുഴുവൻ വിദ്യാർഥികളും ജീവനക്കാരും കവാടത്തിനു മുന്നിൽ നിൽപുണ്ടായിരുന്നു. സ്ഥാപനത്തിന്റെ ചെയർമാൻ വി.പി. കുഞ്ഞിമൊയ്തീൻകുട്ടി സാഹിബിന്റെ നേതൃത്വത്തിൽ അവരെ സ്വീകരിച്ചിരുത്തി.
ദീർഘയാത്രയിൽ അവശരായ കുഞ്ഞുങ്ങളെ ഒരു റൂമിലേക്കു മാറ്റി. അവരുടെ സ്നേഹവും കരുതലും കണ്ടപ്പോൾ പാപ്പച്ചനും ഉസ്മാനും പരസ്പരം പറഞ്ഞു: ‘‘ഈ കുഞ്ഞുങ്ങൾ ഇവിടെ സുരക്ഷിതരായിരിക്കും.’’ അതെ, ആ തണലിൽ അവർ സുരക്ഷിതരായിരുന്നു. ആ ആറു കുഞ്ഞുങ്ങളും പഠിച്ചും കളിച്ചും വളർന്നത് ആ തണലിനു കീഴിലായിരുന്നു. ആറു പേരും കുടുംബവും കുട്ടികളുമായി ഇന്ന് സന്തോഷപൂർവം ജീവിക്കുന്നു.
മൂത്തവൾ സൈനബ മക്കളുമൊത്ത് വളാഞ്ചേരിയിലാണ് താമസം. അവരുടെ ഭർത്താവ് മാളിയേക്കൽ ഉമർ കഴിഞ്ഞ വർഷമാണ് അന്തരിച്ചത്. രണ്ടാമത്തവൾ സാനിദ വെളിയംകോട് പാലപ്പെട്ടിയിലാണ്. മൂന്നാമത്തെയാൾ ഹനീഫ പുലാമന്തോൾ കട്ടുപ്പാറയിലും ഇളയവൾ റഷീദ കുന്നംകുളത്തും. അതിനു താഴെയുള്ള അയ്യൂബ് വാടാനപ്പള്ളിയിൽ സ്ഥിരതാമസക്കാരനായി.
അന്ന് രണ്ടു വയസ്സുണ്ടായിരുന്ന ഇളയവൻ ഇല്യാസ് സൈനബയുടെ വീടിനടുത്ത് വീടുവെച്ച് താമസിക്കുന്നു. പലയിടത്താണെങ്കിലും ഇടക്കിടെ അവർ ഒരുമിച്ചൊരു യാത്ര നടത്താറുണ്ട്. അനാഥത്വത്തിന്റെയും അരക്ഷിതത്വത്തിന്റെയും കരകാണാക്കയങ്ങളിൽനിന്ന് അവരെ കൈപിടിച്ചുയർത്തിയ, ഇപ്പോഴും കാരുണ്യത്തിന്റെ ഉറവപൊടിയുന്ന ആ മണ്ണിലേക്ക്, വാടാനപ്പള്ളി ഓർഫനേജിലേക്ക്.
‘‘ഞങ്ങളുടെ വീടാണത്. അവിടെയുള്ളവരെല്ലാം ഞങ്ങളുടെ വീട്ടുകാരും. അവിടേക്ക് പോകുക എന്നത് പെരുന്നാളിനേക്കാൾ വലിയ സന്തോഷമാണ്.’’
പറയുമ്പോൾ സൈനബയുടെ കണ്ണുനിറഞ്ഞു. വാടാനപ്പള്ളിയിലേക്ക് വരാനുണ്ടായ സാഹചര്യവും തുടർന്ന് തങ്ങളുടെ ജീവിതത്തിലുണ്ടായ വഴിത്തിരിവുകളും സൈനബ വിശദീകരിച്ചു. അവർക്കന്ന് 11 വയസ്സാണ്. അനുഭവങ്ങളുടെ തീക്ഷ്ണതകൊണ്ടാവണം നാലു പതിറ്റാണ്ട് മുമ്പുള്ള ഓർമകൾക്ക് എന്തെന്നില്ലാത്ത ആഴവും പരപ്പും.
മലങ്കര എസ്റ്റേറ്റിലെ ‘പാഡി’ക്കാലം
ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത മലങ്കര റബർ പ്ലാന്റേഷനിലെ ടാപ്പിങ് തൊഴിലാളികളായിരുന്നു ഉപ്പയും ഉമ്മയും. പ്ലാന്റേഷൻ പാഡിയിലായിരുന്നു ഞങ്ങൾ താമസം. കമ്പനി ഒരുക്കുന്ന നിരനിരയായുള്ള ഒറ്റമുറിക്കൂരകൾ. ഉപ്പ മലബാറിൽനിന്ന് ഇങ്ങോട്ട് തൊഴിൽ തേടി വന്നതാണ്.
ഇവിടെനിന്നാണ് ഉമ്മയെ വിവാഹം കഴിച്ചത്. നല്ല രീതിയിൽ കഴിഞ്ഞുവരവെയാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്. അത് മൂർധന്യത്തിലെത്തിയതോടെ ഞങ്ങൾ ആറു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് ഉപ്പ പോയി. സഹോദരിയും കുടുംബവും താമസിച്ചിരുന്ന ഇളംദേശത്താണ് ഉപ്പ പോയത്. അവിടെനിന്ന് മറ്റൊരു വിവാഹം കഴിക്കുകയും പിന്നീട് അവർ ഇരുവരും മൈസൂരുവിലേക്ക് തൊഴിൽതേടി പോവുകയും ചെയ്തു.
അപ്പോഴേക്കും ഞാൻ അഞ്ചാം ക്ലാസിലെത്തിയിരിക്കുന്നു. മോശം സാഹചര്യമാണ് അന്ന് മലങ്കരയിൽ ഉണ്ടായിരുന്നത്. സ്ത്രീകൾ ഉൾപ്പെടെ മുതിർന്നവരെല്ലാം പകൽ ജോലിക്കു പോയാൽ പാഡിയിലും പരിസരങ്ങളിലും കുട്ടികൾ മാത്രമാകും. ആരും നിയന്ത്രിക്കാനില്ലാത്ത സ്ഥിതി. കുട്ടികൾക്ക് വഴിതെറ്റാനും ചൂഷണങ്ങൾക്ക് ഇരയാകാനും സാധ്യത വളരെ കൂടുതലായിരുന്നു. ഉപ്പയില്ലാത്തതിനാൽ ഞങ്ങൾ വഴിതെറ്റിപ്പോകാനുള്ള സാധ്യത ഏറെയെന്നു കണ്ട സുമനസ്സുകളായ നാട്ടുകാരിൽ ചിലർ ഉപ്പയെ കണ്ടുപിടിക്കാൻ ശ്രമം തുടങ്ങി.
ഉപ്പയെ വരുത്തിച്ചു. ഉപ്പ ഞങ്ങളെ ഏറ്റെടുക്കാമെന്നായി. നാട്ടുകാർ പൊലീസിലും സ്ഥിതി അറിയിച്ചിരുന്നു. ഞാനുൾപ്പെടെ മൂന്നു പേരും ഉപ്പയുടെ കൂടെ പോകണമെന്നായി. ബാക്കിയുള്ളവരെ വിട്ടുതരില്ലെന്ന് ഉമ്മയും.
നീണ്ട തർക്കങ്ങൾക്കൊടുവിൽ ഉമ്മയിൽനിന്ന് ഇളയ കുഞ്ഞുങ്ങളെ തട്ടിപ്പറിക്കുകയായിരുന്നു. ഇളംദേശത്ത് അമ്മായിയുടെയും (ഉപ്പയുടെ സഹോദരി) അമ്മായിക്കാക്ക (അമ്മായിയുടെ ഭർത്താവ്)യുടെയും വീട്ടിലാണ് ഞങ്ങളെ എത്തിച്ചത്. അതിനിടയിൽതന്നെ അമ്മായിക്കാക്കയും പരിചയക്കാരായ പാപ്പച്ചൻ ചേട്ടനും ഉസ്മാനിക്കയും ഞങ്ങളെ ഏൽപിക്കാൻ അനാഥാലയങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു. പക്ഷേ, പല പ്രായത്തിലുള്ള ആറു പേരെയും ഒരുമിച്ചെടുക്കാൻ പലരും തയാറായില്ല. അങ്ങനെയാണ് വി.പി. കുഞ്ഞിമൊയ്തീൻകുട്ടി സാഹിബിലേക്ക് അവർ എത്തുന്നത്.
വഴിത്തിരിവായ യാത്ര
പോകാൻ ഉറച്ചശേഷം ഒരു തവണ ഞാൻ ഉമ്മയെ കണ്ടിരുന്നു. വാടാനപ്പള്ളി എന്ന സ്ഥലത്തേക്കാണ് പോകുന്നതെന്നും ഇന്ന ദിവസമാണ് യാത്രയെന്നും ഉമ്മയോട് പറഞ്ഞു. പോകുന്ന ദിവസം വരാമെന്നു പറഞ്ഞാണ് ഉമ്മ അന്ന് പിരിഞ്ഞത്. പോകും ദിവസം രാവിലെ മുതൽ ഞാൻ ഉമ്മയെ കാത്തിരിപ്പായിരുന്നു. യാത്രക്കുള്ള വാഹനത്തിൽ കയറുമ്പോഴും എന്റെ കണ്ണുകൾ ഉമ്മയെ തിരഞ്ഞുകൊണ്ടേയിരുന്നു.
ഇളയവർക്കൊന്നും എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്ന പ്രായമല്ലല്ലോ. ഉമ്മ വന്നില്ല. വല്ലാത്ത സങ്കടമായി. അതുകൊണ്ടാകാം, കലശലായ പനി തുടങ്ങി. യാത്രക്കിടെ പനി കാരണം പാപ്പച്ചൻ ചേട്ടൻ പലയിടത്തായി വണ്ടി നിർത്തി. ഇടക്ക് ഡോക്ടറെ കണ്ടു, മരുന്നു വാങ്ങിച്ചു, ചായ വാങ്ങിത്തന്നു.
പുലർച്ചെയോടടുത്ത നേരത്താണ് ഞങ്ങൾ വാടാനപ്പള്ളിയിലെത്തുന്നത്. നിറയെ ആളുകളുണ്ടായിരുന്നു ഞങ്ങളെ സ്വീകരിക്കാൻ. അവർ കണ്ണിലെണ്ണയൊഴിച്ച് ഞങ്ങളെ കാത്തിരിക്കുകയാണ്. വൈകുന്നേരം നമസ്കാര ശേഷം വി.പി പള്ളിയിൽനിന്ന് അവരോട് പറഞ്ഞിരുന്നുവത്രെ. അഞ്ചാറ് കുഞ്ഞുങ്ങൾ ഇടുക്കിയിൽ നിന്ന് വിരുന്നുവരുന്നുണ്ടെന്ന്, അവരെ നമുക്ക് സ്വീകരിക്കണമെന്നും!
പുതിയ സ്ഥലവും ചുറ്റുപാടും അമ്പരപ്പുണ്ടാക്കിയെങ്കിലും അന്ന് പെയ്ത സ്നേഹമഴയിൽ അതലിഞ്ഞുതീർന്നു. കുഞ്ഞുങ്ങളെല്ലാവരും എന്നെ ചേർത്തുപിടിച്ച് ആ രാവിൽ സുഖമായുറങ്ങി. ഞങ്ങളെ ഒാരോരുത്തരെയും നോക്കാൻ മുതിർന്ന ക്ലാസുകളിലെ ഇത്തമാരെ വി.പി ചുമതലപ്പെടുത്തി.
കുളിപ്പിക്കാനും മുടിചീകാനും നഖംമുറിക്കാനും കൺമഷിയും പൗഡറുമിട്ടുതരാനും റൂം വൃത്തിയാക്കാനും ഇത്താത്തമാർ മത്സരിക്കുകയായിരുന്നു. സ്വന്തം മക്കളെപ്പോലെ അവർ ഞങ്ങളെ വളർത്തി. ആൺകുഞ്ഞുങ്ങൾ അൽപം വലുതാകുന്നതുവരെ എന്റെ കൂടെ തന്നെയായിരുന്നു. അവരുടെ കാര്യങ്ങൾ എല്ലാം ഞാൻതന്നെയാണ് നോക്കിയിരുന്നത്. കുറച്ച് വലുതായപ്പോൾ അവരെ ബോയ്സ് ഹോസ്റ്റലിലേക്കു മാറ്റി.
അൽപം മുതിർന്നപ്പോൾ അവധിക്കാലത്ത് ഒാരോ കുടുംബങ്ങൾ ഞങ്ങളെ ഏറ്റെടുത്ത് അവരുടെ വീട്ടിൽ കൊണ്ടുപോകും. സ്കൂൾ തുറക്കാനാകുമ്പോൾ തിരിച്ചെത്തിക്കും. പോയ വീടുകളിൽനിന്ന് ചില ബുദ്ധിമുട്ടുകൾ ഉണ്ടായതിനാൽ പിന്നീട് എങ്ങോട്ടും പോകേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.
വി.പി എന്ന തണൽവൃക്ഷം
പാപ്പച്ചൻ ചേട്ടനും ഉസ്മാനിക്കയും ഞങ്ങൾ ആറു കുഞ്ഞുങ്ങളുടെ കാര്യം പറയുമ്പോൾ ഇപ്പാക്കാക്ക് (വി.പി) വേണമെങ്കിൽ ‘നോ’ പറയാമായിരുന്നു. കാരണം, രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഒരു സംവിധാനവും അവിടെ ഉണ്ടായിരുന്നില്ല. പക്ഷേ, അദ്ദേഹം ‘യെസ്’ പറഞ്ഞു.
ആ കരുണാർദ്രമായ വാക്കാണ് ഞങ്ങളെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത്. ജീവിതാവസാനം വരെ ഉപ്പയെപ്പോലെയായിരുന്നു അദ്ദേഹം. കുഞ്ഞുങ്ങളായിരിക്കുമ്പോൾ ഞങ്ങളെ നോക്കേണ്ട ചുമതല ഇത്താത്തമാർക്കായിരുന്നല്ലോ. ഞങ്ങളിൽ ആരുടെയെങ്കിലും നഖം അൽപം നീണ്ടുകണ്ടാൽ ഇത്താത്തമാർക്ക് അദ്ദേഹത്തിന്റെ വക നല്ല ചീത്ത കേൾക്കുമായിരുന്നു. അവധിക്കാലത്ത് പല തവണ അദ്ദേഹം എല്ലാവരെയും വളാഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
എന്റെ വിവാഹവും ഇപ്പാക്കയുടെ മുൻകൈയിലായിരുന്നു. കല്യാണം അടുത്തപ്പോൾ സ്ഥാപന മേധാവികൾ ഉപ്പയെ തിരഞ്ഞുകണ്ടുപിടിച്ചു. ഉപ്പയാണ് എന്റെ ഭർത്താവിന് കൈ കൊടുത്തത്. നേരെ ഇളയവൾ സാനിദ ഡിഗ്രി പൂർത്തിയാക്കി. റഷീദയും നന്നായി പഠിച്ചു.
ഒരു നിയോഗിയെപ്പോലെ,പാപ്പച്ചൻ ചേട്ടൻ
പാപ്പച്ചൻ ചേട്ടൻ നല്ല സ്നേഹവും കരുതലുമുള്ള മനുഷ്യനായിരുന്നു. ഞങ്ങളെ സ്വന്തം മക്കളെപ്പോലെ അദ്ദേഹം കണ്ടു. വർഷത്തിൽ ഒരുതവണയെങ്കിലും മിഠായിയും പലഹാരങ്ങളുമായി അദ്ദേഹം ഞങ്ങളെ കാണാൻ വാടാനപ്പള്ളിയിൽ വരുമായിരുന്നു. ആദ്യമൊക്കെ അദ്ദേഹം വരുമ്പോൾ ഞങ്ങളെ ഇവിടെ നിന്ന് കൊണ്ടുപോകണമെന്ന് പറഞ്ഞ് കരയുമായിരുന്നു. അത് കാണുമ്പോൾ പാപ്പച്ചൻ ചേട്ടനും സങ്കടം വരും.
അങ്ങനെ അദ്ദേഹം ഓഫിസിൽ ചെന്ന് ചോദിക്കും. സ്വന്തം മക്കളെപ്പോലെ നോക്കിക്കൊള്ളാമെന്നും എന്റെ കൂടെ വിട്ടുതരണമെന്നും. പക്ഷേ, സ്ഥാപന മേധാവികൾ സമ്മതിക്കില്ല. ഞാൻ പത്താം ക്ലാസ് പാസായത് അറിഞ്ഞ് പാപ്പച്ചൻ ചേട്ടൻ വന്നിരുന്നു. വലിയ സന്തോഷമായിരുന്നു ആ മുഖത്ത്.
എനിക്കദ്ദേഹം ഒരു ഹീറോ പെൻ സമ്മാനിച്ചു. അതായിരുന്നു അവസാന കൂടിക്കാഴ്ച. പിന്നീട് എന്റെ കല്യാണം കഴിഞ്ഞശേഷം അദ്ദേഹം ഇടക്ക് കത്തയച്ചിരുന്നു. എന്റെ സഹോദരങ്ങൾ വലുതായപ്പോൾ അദ്ദേഹത്തെ കാണാൻ പോയിരുന്നു. പിന്നീട് അസുഖമൊക്കെ ബാധിച്ചുവെന്നും മരിച്ചുവെന്നും അറിഞ്ഞു.
ഉമ്മയുടെ തിരിച്ചുവരവ്
1982ൽ പോരുമ്പോൾ വാടാനപ്പള്ളിയിലേക്കാണ് എന്നൊരു വാക്ക് ഉമ്മയോട് പറഞ്ഞിരുന്നല്ലോ. ആ ഓർമയിൽ എട്ടിലോ മറ്റോ പഠിക്കുമ്പോൾ ഉമ്മ ഞങ്ങളെ തേടി വാടാനപ്പള്ളിയിലെത്തി. ഒന്നോ രണ്ടോ ദിവസം അവിടെ നിന്ന് ഉമ്മ തിരിച്ചുപോയി. എന്റെ കല്യാണം കഴിഞ്ഞതോടെ ഹനീഫ ഹോസ്റ്റലിൽനിന്ന് ചാടി ഉമ്മയുടെ അടുത്തേക്കു പോയി. പിന്നെ അവിടെ ടാപ്പിങ്ങും മറ്റുമായി ജോലി നോക്കി.
തോട്ടത്തിൽനിന്ന് ഉമ്മ പിരിഞ്ഞപ്പോൾ കിട്ടിയ പണം ഉപയോഗിച്ചും മറ്റും അവൻ ഇവിടെ പുലാമന്തോൾ കട്ടുപ്പാറയിൽ സ്ഥലം വാങ്ങി വീടുവെച്ചു. ഇപ്പോൾ ഉമ്മ അവന്റെ കൂടെയാണ് താമസം.
സ്നേഹപ്പെരുപ്പത്തിന്റെ ബാല്യം
ആയിരക്കണക്കിന് അനാഥകളുടെ പോറ്റമ്മയാണ് വാടാനപ്പള്ളി ഓർഫനേജ്. ഓർഫനേജിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അഡ്മിഷൻ ഒരുപക്ഷേ, ഇല്യാസിന്റേതാകും. മുലകുടിപ്രായത്തിലാണ് ഇത്താത്തയുടെ ഒക്കത്തിരുന്ന് ഇല്യാസ് ആ മണ്ണിലെത്തുന്നത്. ഇല്യാസിന്റെ ഓർമകൾ തുടങ്ങുന്നതുതന്നെ വാടാനപ്പള്ളിയിൽനിന്നാണ്. ഇത്താത്തക്കൊപ്പമിരുന്ന് ഇല്യാസ് അക്കഥ പറഞ്ഞു:
‘‘ഓർമവെച്ച നാൾമുതലേ വാടാനപ്പള്ളിയിലായിരുന്നു. ഇത്തയുടെ കൂടെ ബനാത്തിലും ബോയ്സ് ഹോസ്റ്റലിലുമായാണ് ഞാൻ വളർന്നത്. ഉമ്മയില്ലാത്തതിന്റെ ഒരു കുറവും അനുഭവിച്ചിരുന്നില്ല. ഇത്തമാരും ഇക്കാക്കമാരും അധ്യാപകരുമെല്ലാം സ്നേഹത്താൽ എന്നെ പൊതിഞ്ഞു. അതുകൊണ്ടുതന്നെ, എന്റെ ബാല്യം മധുരമൂറുന്നതായിരുന്നു. കോളജിലെ മൂന്നാം വർഷം കഴിഞ്ഞശേഷം പാലക്കാട് ഓർഫനേജിൽ ചെറിയ ജോലിക്ക് ചേർന്നു. അതിനിടയിൽ പഠനവും പൂർത്തിയാക്കി. ആറു വർഷം അവിടെ ജോലി ചെയ്തു. അവിടെനിന്നുതന്നെയാണ് വിവാഹം കഴിച്ചത്. ഇപ്പോൾ ഗൾഫിലാണ്. -ഇല്യാസ് പറഞ്ഞു.
എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതിയിടത്തുനിന്ന്, ജീവിതം തിരിച്ചുപിടിച്ചവരാണ് ഈ സഹോദരങ്ങൾ. അതിജീവനത്തിന്റെ വിസ്മയ മാതൃക. ആറു പേരും ആറായി പിരിയുന്നേടത്തുനിന്ന് ദൈവസഹായം പാപ്പച്ചൻ ചേട്ടന്റെയും ഉസ്മാനിക്കയുടെയും രൂപത്തിൽ അവർക്കു മുന്നിൽ വന്നണഞ്ഞു. അവർ വാടാനപ്പള്ളി ഓർഫനേജ് എന്ന പോറ്റമ്മയുടെ മടിയിൽ ആ കുഞ്ഞുങ്ങളെ സുരക്ഷിതമായി ഏൽപിച്ചു. ആ മടിത്തട്ടിൽ അവർ സനാഥരായി. കാലം മുന്നോട്ടുപോകെ, ജീവിതവഴിയിൽ വേർപെട്ടുപോയ മാതാപിതാക്കളെ അവർക്ക് തിരിച്ചുകിട്ടി.
‘‘എവിടെ ചെന്നാലും പരിചയമുള്ള ആളുകൾ ഉണ്ട്. ഞങ്ങൾ അങ്ങോട്ട് അറിഞ്ഞില്ലേലും ഞങ്ങളെ തിരിച്ചറിയും. വാടാനപ്പള്ളിയുമായി ബന്ധമുള്ളവരൊക്കെ അവരുടെ വിശേഷാവസരങ്ങളിലേക്ക് ഞങ്ങളെ ക്ഷണിക്കും. നാടാകെ ഞങ്ങൾക്ക് ബന്ധുക്കളാണ്’’ -അവർ പറഞ്ഞുനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.