നൂലിഴയിലെ ചിത്രവിസ്മയം
text_fieldsഅഞ്ചാലുംമൂട്: നൂലിഴയിൽ വിരിയുന്ന പെങ്ങളുടെ മുഖചിത്രം അവളുടെ പിറന്നാൾ സമ്മാനമായി നൽകാൻ കൊല്ലം ചാത്തിനാംകുളം സ്വദേശി രഞ്ജിത്ത് കൊതിച്ചിരുന്നു. വാങ്ങാൻ ശ്രമിച്ചപ്പോൾ വിലകേട്ട് ഞെട്ടി ആ ആഗ്രഹം തൽക്കാലം മാറ്റിവെച്ചു. സഹോദരന്റെ ആഗ്രഹമറിഞ്ഞ പെങ്ങളുടെ ചോദ്യം രഞ്ജിത്തിനെ മാറ്റി ചിന്തിപ്പിച്ചു, എന്തുകൊണ്ട് സ്വയം അങ്ങനെ ഒരു ചിത്രം നിർമിച്ചുകൂടാ? സഹോദരിയുടെ നിർദേശവും പിന്തുണയും നൽകിയ ആവേശത്തിൽ പ്ലൈവുഡും നൂലും ആണിയുമായി യൂട്യൂബ് ഗുരുവിന് മുന്നിലിരുന്ന രഞ്ജിത്ത്, കുറഞ്ഞകാലംകൊണ്ട് ഏറെ പ്രിയപ്പെട്ട പെങ്ങളുടെ ചിത്രംതന്നെ ആദ്യമായി ഉണ്ടാക്കി ഞെട്ടിച്ചു. ഇപ്പോൾ നൂലും ആണിയും കൊണ്ടുള്ള ചിത്രരചനയിലൂടെ വൈറലാകുകയും ചെയ്തു.
പ്ലൈവുഡിൽ പെയിന്റ് ചെയ്ത് വിവിധ അളവിൽ വൃത്തത്തിൽ ആണികൾ തറച്ച് നൈലോൺ നൂൽ ആണികൾ തമ്മിൽ കോർത്താണ് ചിത്രം നിർമിക്കുന്നത്. സഹോദരിയുടെ ചിത്രം നിർമിച്ചതിന് 200 ആണികളും 5500 മീറ്ററോളം നൂലും വേണ്ടി വന്നു. 19 മണിക്കൂർ എടുത്താണ് ആദ്യത്തെ ചിത്ര നിർമാണം പൂർത്തിയാക്കിയത്. ഇപ്പോൾ ചിത്രങ്ങൾ നിർമിക്കാൻ അഞ്ചു മണിക്കൂറോളം മതിയാകുമെന്ന് രഞ്ജിത്ത് പറയുന്നു. ഒരു ചിത്രം നിർമിക്കാൻ 1250 രൂപയോളം ചെലവ് വരുന്നുണ്ട്. അസംസ്കൃത വസ്തുക്കളുടെ വിലക്കുപരി സൂക്ഷ്മതയോടെ മണിക്കൂറുകൾ എടുത്താണ് നിർമാണം. ആണികൾ തമ്മിൽ നൂല് ഉപയോഗിച്ച് കണക്ക് തെറ്റാതെ കോർത്തെടുക്കുമ്പോഴാണ് ഒരു ചിത്രം ഭംഗിയായി പൂർത്തിയാകുന്നത്. ചിത്രരചന വശമില്ലെങ്കിലും ചിത്രങ്ങളുടെ ആസ്വാദകനാണ് രഞ്ജിത്ത്. ആസ്വാദനത്തിനൊപ്പം കഠിനാധ്വാനം കൂടി ചേർത്തപ്പോൾ പുത്തൻകല അനായാസം വഴങ്ങി.
മരപ്പണിക്കാരനായ രഞ്ജിത്ത് ഒഴിവ് സമയങ്ങളിലാണ് ചിത്ര നിർമാണം. നിലവിൽ 12ഓളം ചിത്രങ്ങൾ പൂർത്തിയാക്കിയ രഞ്ജിത്ത് മൂന്നെണ്ണത്തിന്റെ നിർമാണത്തിലാണ്. സുഹൃത്തുകളുടെ ചിത്രങ്ങളാണ് കൂടുതലായും നിർമിച്ചത്. ഒരോ ചിത്രത്തിന്റെയും പൂർണതയാണ് ഈ ലളിതമല്ലാത്ത കലാവിരുന്നിന്റെ പ്രത്യേകത. നൂലിന്റെ ഇഴയടുപ്പമാണ് ഒരോ ചിത്രത്തെയും മനോഹരമാക്കുന്നത്. പിതാവായ വിമലനും മാതാവായ രമാദേവിയും സഹോദരി ശ്രീപാർവതിയും എല്ലാ പിന്തുണയുമായി കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.