ദേവഗീതം പാടി വയലിൻ തന്ത്രികൾ
text_fieldsപയ്യന്നൂർ: കേവലമൊരു അകമ്പടി വാദ്യമായ വയലിനെക്കൊണ്ട് സ്വതന്ത്രമായി കർണാടക രാഗം പാടിച്ചത് വയലിൻ ചക്രവർത്തി കുന്നക്കുടിയാണ്. കുന്നക്കുടി തീർത്ത വിസ്മയപെയ്തിന്റെ തുടർച്ചയാണ് പതിനെട്ടാമത് തുരീയം സംഗീതോത്സവം ഏഴാം ദിനം ശ്രീപ്രഭ ഓഡിറ്റോറിയത്തിൽ നിറഞ്ഞു കവിഞ്ഞ പ്രേക്ഷകവൃന്ദം ദർശിച്ചത്.
കീർത്തനങ്ങളെ തഴുകി തലോടിയും രാഗഭാവങ്ങളെ ലാളിച്ചും വയലിൻ തന്ത്രികളിൽ ദേവഗീതം വിരിയിച്ചെടുത്തത് വ്യഖ്യാത വയലിനിസ്റ്റ് ഡോ. എൽ. സുബ്രഹ്മണ്യം. വായ്പാട്ടിൽ നിന്ന് ഉപകരണങ്ങളിലേക്ക് വഴിമാറി സഞ്ചരിച്ച ദിനം കൂടിയായിരുന്നു കൊഴിഞ്ഞു വീണത്. പഴയ പാട്ടുശീലങ്ങളുടെ ഗരിമ ചോരാതെ തന്നെയാണ് എൽ. സുബ്രഹ്മണ്യം തന്ത്രി വാദ്യമായ വയലിനിൽ സ്വരങ്ങൾ വിളയിച്ചെടുത്തത്.സുബ്രഹ്മണ്യം ലയത്തിന്റെ പര്യായമായി മാറിയപ്പോൾ വി.വി. രമണമൂർത്തി മൃദംഗത്തിൽ മേളപ്പെരുക്കത്തിന്റെ വെടിക്കെട്ടുമായി കൂടെ സഞ്ചരിച്ചു. പരിചയസമ്പന്നനായ തൃപ്പൂണിത്തറ രാധാക്യഷ്ണന്റെ ഘടവാദനവും വയലിൻ കച്ചേരിയെ തെല്ലൊന്നുമല്ല സമ്പന്നമാക്കാൻ സഹായിച്ചത്.
കല്യാണി വർണം പാടിയാണ് സുബ്രഹ്മണ്യത്തിനെറ വയലിൻ തുടങ്ങിയത്. തുടർന്ന് നാട്ട രാഗം ആദിതാളത്തിൽ ദീക്ഷിതരുടെ പ്രസിദ്ധ കീർത്തനമായ മഹാഗണപതിം ... ആയിരുന്നു. രണ്ടാമതായി പ്രധാന രാഗമായി ഖരഹരപ്രിയ തിരഞ്ഞെടുത്ത സുബ്രഹ്മണ്യം രൂപക താളത്തിൽ ശിവ ശിവ....യാണ് വയലിനിൽ വിരിയിച്ചെടുത്തത്.തുടർന്ന് തില്ലാന രാഗത്തിൽ പിറന്ന ബിഹാക്കും വയലിൻ കച്ചേരിയെ ഭാവതീവ്രമാക്കി.ഏഴാം ദിനം സ്വാമി കൃഷ്ണാനന്ദ ഭാരതി സ്വാഗതം പറഞ്ഞു.
പോത്താങ്കണ്ടം ആനന്ദ ഭവനത്തിന്റെ പതിനെട്ടാമത് തുരീയം സംഗീതോത്സവ വേദിയിൽ തിങ്കളാഴ്ചയും പാട്ടൊന്ന് വഴിമാറിയൊഴുകും. പോളി വർഗീസിന്റെ മോഹനവീണയാണ് എട്ടാംനാൾ ഹിന്ദുസ്ഥാനി രാഗങ്ങളാലപിക്കുക. നരേഷ് മഡ് ഗോൺകർ സന്തൂറിലും പാർത്ഥ മുഖർജി തബലയിലും മോഹനവീണയെ അനുഗമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.