Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightകബഡിക്കളത്തിൽ നിന്ന്...

കബഡിക്കളത്തിൽ നിന്ന് കാമറയിലേക്കൊരു "റൈഡ്''

text_fields
bookmark_border
കബഡിക്കളത്തിൽ നിന്ന് കാമറയിലേക്കൊരു റൈഡ്
cancel
camera_alt

ടിറ്റു ഷാജി തോമസ്​

കബഡിയിൽ എതിര്‍ടീമിന്‍റെ കളത്തില്‍ പ്രവേശിച്ച്​ ആക്രമിക്കുന്ന പേരാളിയാണ്​ 'റൈഡർ'. എതിർ ടീമംഗങ്ങളെ തൊട്ട്​ പിടികൊടുക്കാതെ തിരിച്ചുവരുന്ന റൈഡറാണ്​ കളിയിലെ താരമാകാറുള്ളത്​. കബഡിയും ഫോട്ടോഗ്രഫിയും തമ്മിൽ ബന്ധമൊന്നുമില്ല. എന്നാൽ ആലപ്പുഴ മാന്നാർ സ്വദേശി ടിറ്റു ഷാജി തോമസിന്‍റെ ആഗ്രഹങ്ങൾ കബഡിക്കളത്തിൽ നിന്ന്​ നേരെ ചേക്കേറിയത്​ കാമറയിലാണ്​. യാദൃശ്​ചികതകൾ നിറഞ്ഞ ജീവിത കഥയി​ൽ തോറ്റു കൊടുക്കാതെ മുന്നേറിയ 'റൈഡറാ'ണയാൾ...

കബഡി ചെറുപ്പം മുതലേ ജീവിതത്തോട്​ ചേർന്നതാണ് ടിറ്റുവിന്​. കുട്ടിക്കാലത്ത്​ ചിത്രങ്ങൾ വരക്കാറുമുണ്ടായിരുന്നു. എന്നാൽ കബഡി മനസിനെ കീഴടക്കിയതോടെ മറ്റെല്ലാം സൈഡായി. കായംകുളം എം.എസ്​ കോളേജ്​ പഠന കാലത്ത്​ കേരള യൂനിവേഴ്​സിറ്റി ടീമിൽ അംഗമായിരുന്നു. പിന്നീട്​ ബംഗളൂരുവിലേക്ക്​ തട്ടകം മാറ്റി. സൈന്യത്തിൽ ജോലിക്ക്​ ചേരണമെന്നായിരുന്നു സ്വപ്നം. എന്നാൽ വിധി മറ്റൊന്നായിരുന്നു. പ്രായത്തിലെ മാസങ്ങളുടെ വ്യത്യസം സൈനിക ജോലിയിൽ പ്രവേശിക്കുന്നതിന്​ തടസമായി. അങ്ങനെയാണ്​ 2009ൽ ജീവിതത്തിന്‍റെ പച്ചപ്പ്​ തേടി ദുബൈ എന്ന സ്വപ്നലോകത്തേക്ക്​ പറക്കുന്നത്​.

ടിറ്റു പകർത്തിയ ചിത്രങ്ങൾ

ജോലി തേടി കടൽ കടന്നെങ്കിലും കബഡി ഉപേക്ഷിക്കാൻ മനസനുവദിച്ചില്ല. അതിനാൽ തന്നെ ദുബൈയിലും കബഡിയിൽ സജീവമായി. റെഡ്​ സ്റ്റാർ ദുബൈ ടീമിന്‍റെ ഭാഗമായി മൽസരങ്ങളിൽ പ​ങ്കെടുത്തു. അങ്ങനെ ജീവിതം മുന്നോട്ടു​ പോകുമ്പോഴാണ്​ കബഡി കളിക്കിടെ ഒരിക്കൽ പരിക്കേൽക്കുന്നത്​. കാൽമുട്ടിനേറ്റ പരിക്ക്​ കളിക്കളത്തിൽ നിന്ന്​ എന്നന്നേക്കുമായി പുറന്തള്ളുന്നതായിരുന്നു. കബഡിക്കളത്തിൽ നിന്ന്​ പിന്തിരിഞ്ഞു നടക്കുക എന്നത്​ വേദനയായിരുന്നു ടിറ്റുവിന്​. ജീവിതത്തിന്‍റെ ത്രില്ലും രസവുമായി ചെറുപ്പം മുതൽ കൂടെയുണ്ടായിരുന്ന കബഡിയെ ജീവിതക്കളത്തിന്​ പുറത്താക്കിയപ്പോൾ വല്ലാത്ത ശൂന്യത. ആ വേദനയെ മറികടന്നേ പറ്റൂ. അനേകം എതിരാളികളുടെ കളത്തിൽ നിന്ന്​ സൂത്രത്തിൽ രക്ഷപ്പെട്ട അയാൾക്ക്​ അതിന്​ കഴിയുമായിരുന്നു. അങ്ങനെയിരിക്കെയാണ്​ ഫോട്ടോഗ്രഫിയിൽ ഒരു കൈ നോക്കാൻ ആഗ്രഹമുദിച്ചത്​. ദുബൈ അതിന്​ യോജിച്ച സ്ഥലമായിരുന്നു. കാരണം ധാരാളം ഫോട്ടോഗ്രാഫർമാരും അവരുടെ കൂട്ടായ്മകളും ഇവിടുണ്ട്​. അതിലൊന്നായ 'ഫ്രൈഡേ ഷൂട്ടൗട്ട്​' എന്ന ഗ്രൂപ്പിൽ അംഗമാകുന്നത്​ അങ്ങനെയാണ്​.

അവാർഡുകൾ നേടിത്തന്ന്​ കാമറ

'ഫ്രൈഡേ ഷൂട്ടൗട്ട്​' ഗ്രൂപ്പിനൊപ്പം രണ്ടര വർഷം കൂടെ നടന്നാണ്​ ടിറ്റു ഫോട്ടോഗ്രഫിയെ മനസിലാക്കിയത്​. കൂട്ടായ്മക്കൊപ്പം ചേർന്ന്​ കൂട്ടുകൂടി കാമറയെ മെരുക്കിയെടുത്തു. ടെക്നിക്കുകൾ പലതും സ്വയം പഠിച്ചെടുക്കാനും സമയം കണ്ടെത്തി. ചെറുപ്പത്തിലെ ചിത്രരചന ശീലം ഫ്രെയിമുകളിൽ പ്രതിഫലിച്ചതോടെ മനോഹര ചിത്രങ്ങൾ പിറവിയെടുത്തു. '​ട്രാവൽ ആൻഡ്​ സ്​ട്രീറ്റ്​' വിഭാഗത്തിലെ ചിത്രങ്ങളാണ്​ കൂടുതലായി പകർത്തിയത്​. തെരുവിന്‍റെ തിരക്കുകൾക്കിടയിലെ അത്യപൂർവമായ സൗന്ദര്യങ്ങൾ ടിറ്റുവിന്‍റെ കാമകൾ ഒപ്പിയെടുത്തു. നല്ല ഫ്രെയിമുകൾക്കായി യു.എ.ഇയിലെ തെരുവുകളിലും ഗ്രാമങ്ങളിലും കാമറയുമായി സഞ്ചരിച്ച കാലമായിരുന്നു പിന്നീട്​.


കാമറ ഒപ്പിയെടുക്കുന്ന ചിത്രങ്ങൾ തനിക്ക്​ തന്നെ ആത്മവിശ്വാസം പകർന്നതോടെ അന്താരാഷ്​രട തലത്തിലെ മൽസരങ്ങളിൽ പ​ങ്കെടുക്കാൻ തുടങ്ങി. അങ്ങനെ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇന്‍റർനാഷണൽ ഫോട്ടോഗ്രാഫി അവാർഡിന് നൂറോളം രാജ്യങ്ങളിലെ ആയിരക്കണക്കിന്​ മത്സരാർഥികളുമായി മാറ്റുരച്ച്​ വിജയിയായത്​ രണ്ടു തവണയാണ്​. 2019ൽ റഷ്യയിലെ '35 അവാർഡ്​സ്​' എന്ന അന്താരാഷ്ട്ര ഫോട്ടോഗ്രാഫി അവാർഡ് ലഭിച്ചു. യു.എ.ഇയിലെ തന്നെ ചെറുതും വലുതുമായ മറ്റു നിരവധി മൽസരങ്ങളിലും പുരസ്കാരങ്ങൾ കരസ്ഥമാക്കി. കാനൻ മിഡ്​ൽ ഈസ്റ്റ്​ ഫോട്ടോഗ്രഫി മൽസരം, കാൾ​ ടെയ്​ലർ ഇന്‍റർനാഷണൽ ഫോട്ടോഗ്രഫി മൽസരം എന്നിവയിലെല്ലാം നേട്ടം കൊയ്തു. നാഷണൽ ജിയോഗ്രഫിക്​ മാഗസിനിലടക്കം ചിത്രങ്ങൾ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.

കണ്ണുതുറപ്പിച്ച കശ്മീർ

കാമറയിൽ പയറ്റിത്തെളിഞ്ഞപ്പോൾ ലോകത്തിന്‍റെ സൗന്ദര്യം തേടി സഞ്ചരിക്കണമെന്ന്​ ആഗ്രഹമായി. അങ്ങനെ സ്ഥലങ്ങളിൽ കറങ്ങി. ഏറ്റവും അവസാനമായി 'ഭൂമിയിലെ സ്വർഗ'മായ ജമ്മു കശ്മീരിലേക്ക്​ നടത്തിയ യാത്ര അവിസ്മരണീയാണെന്ന്​ ടിറ്റു പറയുന്നു. നിറയെ ചിത്രങ്ങൾ ലഭിച്ചത്​ മാത്രമല്ല, മനസിൽ നിറഞ്ഞ നിരവധി മുൻ ധാരണകൾ ഇല്ലാതാക്കിയതും യാത്രയുടെ മെച്ചമായി​ അദ്ദേഹം പറയുന്നു. ദുബൈയിലെ ഗ്രാമങ്ങളുടെയും തെരുവുകളുടെയും ജീവസുറ്റ ചിത്രങ്ങൾ ഏറെ പകർത്തിയ ടിറ്റുവിന്​ കശ്മീർ സമ്മാനിച്ചതും മികവുറ്റ ചിത്രങ്ങളായിരുന്നു. ചെമ്മരിയാടുകളെ മേക്കുന്ന ഗ്രാമീണരും മലയോരങ്ങളിൽ മേയുന്ന കുതിരകളും കുട്ടികളും വയോധികരുമെല്ലാം കാമറയിൽ പതിഞ്ഞു. 20ദിവസമായിരുന്നു യാത്ര.


ഓരോയിടത്തും കശ്മീരിലെ ജനങ്ങൾ ഏ​റെ ആഹ്ലാദത്തോടെയാണ്​ തന്നെ സ്വീകരിച്ചത്​. തെക്കൻ കശ്മീരിലെ ഒരു ഉൾഗ്രാമത്തിലെ സ്കൂളിൽ ഫോട്ടോയെടുക്കാൻ എത്തിയപ്പോൾ ആരും പറയാതെ തന്നെ വീട്ടി​ലേക്ക്​ ഓടിപ്പോയി ചായയുമായി വന്ന കുട്ടിയുടെ സ്​നേഹത്തെ കാമറയിൽ പകർത്താനാവില്ലെന്ന്​ ടിറ്റു ഓർക്കുന്നു. അതീവ സുന്ദരമായ ആതിഥേയത്വവും നല്ല ചിത്രങ്ങളും നൽകിയ കശ്മീരിനെ കുറിച്ച്​ ഒരു പ്രദർശനം ഒരുക്കണമെന്നാണ്​ മനസിലുണ്ട്​.

ദുബൈയിൽ ഒരു കമ്പനിയിൽ സെയിൽസ്​ വിഭാഗത്തിൽ ജോലി ചെയ്യുന്ന ടിറ്റു പ്രവാസത്തിന്​ വിരാമമിട്ട്​ നാട്ടിലേക്ക്​ മാറുന്നത്​ ആലോചിക്കുകയാണ്​. ഫോട്ടോഗ്രഫിയിൽ കൂടുതൽ മുന്നേറണം​. കൂടുതൽ നാടുകളും തെരുവുകളും, മനുഷ്യരുടെ കണ്ണുകളിലെ സ്​നേഹവും തീഷ്ണതയും കാമറയിൽ പകർത്തണം. അത്​ ലോകത്തിന്​ കാണിച്ചുകൊടുക്കണം. നല്ല ഡോക്യൂമെന്‍ററികൾ നിർമിക്കണം -ഇങ്ങനെ കാമറ കൊണ്ട്​ ടിറ്റുവിന്​ സ്വപ്നങ്ങളേറെയാണ്​. ജീവിതത്തിന്​ നിറം പകർന്ന്​ സ്വപ്നങ്ങൾക്ക്​ കൂട്ടായി പത്നി രാഖി എലിസബത്തും ഏകമകൾ ആമിയുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:photographykabadi
News Summary - Tittu Shaji Thomas' journey from kabadi to photography
Next Story