ഇന്ന് വന രക്തസാക്ഷിത്വ ദിനം; വനവത്കരണത്തിന്റെ ഒറ്റയാൾ പോരാട്ടവുമായി കുഞ്ഞോൻ
text_fieldsപരപ്പനങ്ങാടി: വന സംരക്ഷണത്തിന് അധികാര ശക്തികളോട് ഏറ്റുമുട്ടി ജീവാർപ്പണം ചെയ്തവരുടെ സ്മരണയിൽ പിറവി കൊണ്ട ലോക വന രക്തസാക്ഷി ദിനത്തിലും വനം ജീവിത സാക്ഷ്യമായേറ്റെടുത്ത് പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ആലിക്കകത്ത് അബ്ദുറസാഖ് (കുഞ്ഞോൻ).
പരിസ്ഥിതി ദിനത്തിലെ ചടങ്ങാചരണ പ്രകൃതി സ്നേഹികളുടെ കൂട്ടത്തിലല്ല കുഞ്ഞോന്റെ ഇടം. ഇതിനകം ആയിരത്തിൽ പരം ചെടികൾ വഴിയോരങ്ങൾക്ക് സമ്മാനിച്ച് മണ്ണിന് കരുത്തും വിണ്ണിൽ തണലും സമ്മാനിച്ച കുഞ്ഞോന്റെ ജീവിതം വനവത്കരണത്തിന്റെ ഒറ്റയാൾ പോരാട്ടമാണ്. വന സ്വപ്നങ്ങളുടെ ഇളം നാമ്പുകളുയർത്തി പതിവ് തെറ്റാതെ കുഞ്ഞോൻ പാതയോരങ്ങളിലെ ഹരിത കാഴ്ചകളോടൊപ്പമുണ്ട്.
2019ൽ സംസ്ഥാന സർക്കാറിന്റെ വനമിത്ര അവാർഡ് ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. വഴിയോരം, ആരാധനാലയ പരിസരം, പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ കുഞ്ഞോന്റെ കൈകളാൽ വേരൂന്നിയ ചെടികൾ ഇന്ന് വലിയ മരങ്ങളായിട്ടുണ്ട്. നാളെയത് അദ്ദേഹത്തിന്റെ സ്വപ്നം പോലെ വനമായി മാറുമെന്നാണ് പ്രകൃതിസ്നേഹികളുടെ ആത്മഗതം. ലോക വന രക്തസാക്ഷി ദിനത്തിലും മണ്ണിന് നൽകാനുള്ള ജീവിത വേരുകൾ അബ്ദുറസാഖ് ഒരുക്കിവെച്ചിട്ടുണ്ട്. അധികൃതരുടെ അവഗണനയിൽ കരിഞ്ഞുണങ്ങി രക്ത സാക്ഷിത്വം പേറിയ മരങ്ങൾക്ക് പുതുജീവനേകാൻ തന്റെ ഓട്ടോറിക്ഷയിൽ വെള്ളവുമായി പതിനായിരത്തോളം മരങ്ങൾക്കാണ് കുഞ്ഞോൻ ജീവൻ പകർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.