അന്ധതയെ മറികടന്ന സാബിറിന് യു.ജി.സി ജൂനിയർ ഫെലോഷിപ്
text_fieldsമണ്ണാർക്കാട്: അന്ധതയോട് പൊരുതി സാബിർ യു.ജി.സി. ജൂനിയർ റിസേർച്ച് ഫെലോഷിപ്പ് നേടി. മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജിലെ ഒന്നാം വർഷ എം.എ.ഇസ്ലാമിക് ഹിസ്റ്ററി വിദ്യാർഥിയായ പി.സാബിർ ആണ് അന്ധതയെ കീഴ്പ്പെടുത്തി യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷന്റെ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് നേടിയത്.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാർ നൽകി വരുന്ന ഏറ്റവും വലിയ സ്കോളർഷിപ്പാണിത്. മലപ്പുറം ജില്ലയിലെ വേങ്ങര ഊരകം പാങ്ങാട്ട് അബ്ദുൽ റഹ്മാൻ -സുബൈദ ദമ്പതികളുടെ ആറ് മക്കളിൽ ഇളയ മകനായ സാബിറിന് ജന്മന കാഴ്ച ശക്തി നഷ്ടപ്പെട്ടതാണ്.
കോഴിക്കോട് ഫാറൂഖ് കോളജിൽനിന്ന് സോഷ്യോളജിയിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം ഒറ്റപ്പാലം എൻ.എസ്.എസ് ട്രൈനിങ് കോളജിൽ നിന്നാണ് സോഷ്യൽ സയൻസ് ബി.എഡ് കരസ്ഥമാക്കിയത്. കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് നേരത്തെ നേടിയിട്ടുണ്ട്.
കേരള ബ്ലൈൻഡ് ക്രിക്കറ്റ് ടീം അംഗമായിരുന്നു. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് സ്റ്റുഡന്റ്സ് ഫോറം സെക്രട്ടറിയാണ്. അധ്യാപകരും രക്ഷിതാക്കളും സുഹൃത്തുക്കളും നൽകിയ പിന്തുണയാണ് ബുദ്ധിമുട്ടുകൾ തരണം ചെയ്ത് പഠനത്തിൽ മികവ് പുലർത്താൻ സഹായകമായതെന്ന് സാബിർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.