വ്യത്യസ്തനാമൊരു ബാർബറാം ഉണ്ണിയെ...
text_fieldsപയ്യന്നൂർ: വ്യത്യസ്തനായ ബാർബർ ഉണ്ണിയെ നാട് തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. കത്രിക താളത്തിനൊപ്പം വിടരുന്ന കവിതകളിലൂടെ സൂക്ഷിക്കുന്ന സർഗാത്മകത പ്രതിഫലിക്കുന്നത് ഉണ്ണിയുടെ നിഷ്കളങ്കമായ ചിരിയിലൂടെയാണ്.
പിലാത്തറ ടൗണിൽ മാതമംഗലം റോഡരികിലെ ഉണ്ണീസ് ബാർബർ ഷോപ്പിൽക്കയറി മുടിമുറിച്ച് സുന്ദരനായി മടങ്ങാമെന്ന് മാത്രം ധരിച്ചാൽ തെറ്റി. മുടിമുറിക്കുന്നതിനിടയിൽ ചൊല്ലുന്ന കവിതകൾ കൂടി കേട്ടാലേ സന്ദർശനത്തിന് പൂർണത വരുകയുള്ളൂ. മൂന്നാംക്ലാസ് വിദ്യാഭ്യാസം മാത്രമേ കവി ഉണ്ണികൃഷ്ണൻ കടന്നപ്പള്ളിക്കുള്ളൂ. എന്നാൽ, ഉണ്ണിക്കവിതകൾക്ക് ലവൽ വേറെ. ഇപ്പോൾ രണ്ട് കവിതസമാഹാരം പുറത്തിറക്കി. ഉണ്ണിക്കവിതകൾ എന്ന പേരിൽ എഴുതിയതിന് നല്ല സ്വീകരണമാണ് വായനക്കാർക്കിടയിൽ.
'ഇക്ഷിതിയിലക്ഷരം ഗ്രഹിച്ചിടാത്ത മർത്ത്യനപ്പക്ഷമറ്റ കിളികളെപ്പോൽ ദുർബലമായ് തീർന്നിടാം' എന്ന് അക്ഷരം എന്ന ഉണ്ണിക്കവിതയിൽ കുറിക്കുമ്പോൾ ഒരുപക്ഷേ, അതിൽ കവിയുടെ അനുഭവം തന്നെ വായിച്ചെടുക്കാം. 'ഉയരാം സ്നേഹച്ചിറകുവിടർത്തി പടരാം മാനവഹൃദയത്തിൽ' എന്നുറക്കെ പറയാൻ കഴിയുന്നു എന്നതാണ് ഈ കവിയെ വ്യതിരിക്തനാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.