ജീവൻ നൽകാൻ ചോര തുളുമ്പും സേവനം; 25 വർഷത്തിനിടെ ഉണ്ണി രക്തം നൽകിയത് 93 തവണ
text_fieldsരക്തദാനം ജീവിതത്തിന്റെ ഭാഗമാക്കിയ സാമൂഹിക പ്രവർത്തകൻ തൃശൂർ സ്വദേശി ഉണ്ണി രണ്ടര പതിറ്റാണ്ടിനിടക്ക് രക്തം പകർന്നു നൽകിയത് 93 തവണ. ഇതിൽ ഇരുപത് വർഷത്തെ പ്രവാസ ജീവിതത്തിനിടക്ക് മാത്രം നൽകിയത് 54 തവണയും. 2014 മുതൽ ഓരോ 57 ദിവസം കഴിയുമ്പോഴും പതിവായി ചോരത്തുള്ളികൾ ദാനം നൽകി ഒരിക്കൽ പോലും കാണാത്ത അപരനെ ജീവിതത്തിലേക്ക് വഴി നടത്താന്‍ സഹായിക്കുകയാണിദ്ദേഹം.
സ്വയം ദാനം ചെയ്യുന്നതിനൊപ്പം സുഹൃത്തുക്കളെയും ബന്ധുക്കളെയും രക്ത ദാനത്തിന് പ്രേരിപ്പിക്കുകയും രക്ത ദാതാക്കളെ കണ്ടെത്തി ആശുപത്രികളിലും ബ്ലഡ് ബാങ്കുകളിലും ക്യാമ്പുകളിലും കൊണ്ടുപോയി രക്തം നൽകിപ്പിക്കുകയും ചെയ്യും. അങ്ങനെ രക്തദാനത്തിന്റെ മഹത്വം സ്വന്തം ജീവിതത്തിലുപരി ജനങ്ങളിലേക്ക് കൂടി പകർന്നു നൽകുകയാണ് തൃശൂർ ചാവക്കാട് സ്വദേശിയായ ഉണ്ണി പുന്നാര എന്നറിയപ്പെടുന്ന ഷിജിത് വിദ്യാസാഗർ.
ദുബൈയിൽ ഒരു ജർമൻ മെഷീൻ മാനുഫാക്ച്ചറിങ് കമ്പനിയിൽ പ്രോഡക്റ്റ് ട്രെയിനർ ആയി ജോലി ചെയ്യുന്ന 44 കാരന് പഠന കാലത്ത് തന്നെ രക്ത ദാനത്തിന്റെ മഹത്വം ഉൾകൊണ്ട് ഈ രംഗത്തേക്ക് ഇറങ്ങിതിരിച്ചതാണ്. സ്വന്തം ജീവിതാനുഭവത്തില്‍ നിന്നാണ് രക്ത ദാനത്തിന്റെ ആവശ്യകത ഉണ്ണി തിരിച്ചറിയുന്നത്. പ്രവാസത്തിലേക്ക് ചേക്കേറും മുമ്പ് 1999 ലാണ് ആദ്യമായി രക്തം നൽകേണ്ടി വരുന്നത്. രക്താർബുദ രോഗിയായിരുന്ന അച്ഛന്റെ അനിയന് ചികിത്സാ ആവശ്യാർഥം ഒ പോസിറ്റിവ് ഗ്രൂപ്പിലുള്ള രക്തം കിട്ടാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു.
ഒടുവിൽ ഒ ഗ്രൂപ്പുകാരനായ ഉണ്ണി തന്നെ രക്തം നൽകാൻ തയ്യാറായി. അവിടുന്നിങ്ങോട്ട് രക്തദാനം തന്റെ കര്‍ത്തവ്യമായി ഏറ്റെടുത്തു വരികയാണ്. ഒ പോസിറ്റിവ് ഗ്രൂപ്പുകാരൻ ആയതുകൊണ്ടുതന്നെ നാട്ടിൽ ഉണ്ണിയുടെ രക്തത്തിന് ആവശ്യക്കാർ ഏറെയായിരുന്നു. യു.എ.ഇയില്‍ എത്തിയതോടെയാണ് ഈ രംഗത്ത് കൂടുതല്‍ സജീവമായി ഇടപെടാനുള്ള സാഹചര്യമൊരുങ്ങിയത് . ദുബൈയിലെ ആശുപത്രികൾ കേന്ദ്രീകരിച്ചായിരുന്നു തുടക്കം. ഒമ്പത് വർഷം മുമ്പ് സുഹൃത്തുക്കൾ ചേർന്ന് ബ്ലഡ് ഡോണേഴ്സ് കേരള യു.എ.ഇ (ബി.ഡി.കെ-യു.എ.ഇ) എന്ന കൂട്ടായ്മക്ക് രൂപം നൽകിയതോടെ ഉണ്ണിയും ആ ജീവകാരുണ്യ സംഘത്തിന്റെ ഭാഗമായി . പിന്നീട് ഉണ്ണിയുടെ സന്നദ്ധ സേവനം കൂട്ടായ്മയെ കേന്ദ്രീകരിച്ചുള്ളതായി.
ജോലി കഴിഞ്ഞുള്ള ഒഴിവ് വേളകളെല്ലാം വിവിധ എമിറേറ്റുകളിൽ രക്ത ദാന ക്യാമ്പുകൾ സജ്ജീകരിക്കാനും അവിടേക്ക് ദാതാക്കളെ എത്തിക്കാനും മറ്റു സൗകര്യങ്ങൾ ഒരുക്കാനുമായി ഓടി നടക്കുന്ന സന്നദ്ധ ഭടന്മാരിൽ പ്രധാനിയാണ് ഉണ്ണിയും. രക്തം നൽകാൻ താല്പര്യമുള്ളവർക്ക് ആവശ്യമെങ്കിൽ യാത്രാസൗകര്യവും ഭക്ഷണവും അടക്കം എല്ലാം സജ്ജമാക്കികൊടുക്കാനുള്ള ഉണ്ണിയുടെ സേവന സന്നദ്ധത ഒട്ടും ലാഭേശ്ചയില്ലാത്തതാണ് .
ലോകാരോഗ്യ സംഘടനയുടെ എല്ലാ മാനദണ്ഡങ്ങളും പൂർണ്ണമായും ഉൾക്കൊണ്ടാണ് ഇദ്ദേഹം ഈ മഹാ ദാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഒരിക്കൽ രക്തം നൽകി കഴിഞ്ഞാൽ, വീണ്ടും നൽകണമെങ്കിൽ കുറഞ്ഞത് 56 ദിവസമെങ്കിലും കാത്തിരിക്കണമെന്നാണ് ഡബ്ല്യു.എച്ച്.ഒ യുടെ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നത്. ഇത് പിന്തുടർന്നാണ് ഓരോ 57 ദിവസത്തിലും രക്തം നൽകുന്ന രീതി സ്വീകരിച്ചു വരുന്നത്. ഇന്ത്യയിലിത് മൂന്ന് മാസത്തിലൊരിക്കൽ എന്ന ഇടവേളയിലാണ് നടപ്പിലാക്കി വരുന്നത്.
രക്തത്തോടൊപ്പം പ്ലേറ്റ് ലെറ്റ് ദാനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട് . ഓരോ 15 ദിവസത്തിലും പ്ലേറ്റ് ലെറ്റ് ദാനം ചെയ്യാമെന്നാണ് ഡബ്ല്യു.എച്ച്.ഒ യുടെ നിർദേശമെന്നത് കൊണ്ടുതന്നെ ഓരോ രണ്ടാഴ്ചയിലും ഉണ്ണി പ്ലേറ്റ് ലെറ്റുകളും നൽകുന്നു. യു.എ.ഇ കേന്ദ്രീകരിച്ച് വലിയൊരു രക്ത ബന്ധ സൗഹൃദമുണ്ട് ഉണ്ണിക്ക്. ഈ അടുപ്പത്തിലൂടേയും സമ്പര്‍ക്കത്തിലൂടെയും എത്രയോ ചെറുപ്പക്കാര്‍ രക്തദാന സന്നദ്ധരായി. പലരും ഈ രംഗത്ത് പ്രചാരകരായി പ്രവര്‍ത്തിക്കുന്നു. മറ്റൊരാള്‍ക്ക് രക്തം നല്‍കുന്നതിലൂടെ സമൂഹത്തില്‍ പരസ്പരമുള്ള സ്നേഹാനുകമ്പയും വിശ്വാസ്യതയും മാനവികതയുമൊക്കെ പൂത്തുലയാന്‍ കാരണമാകുകയും ചെയ്യുന്നു . ആ നിലക്ക് ഉണ്ണിയുടെ രക്തബന്ധുക്കള്‍ ആയിരങ്ങളാണ്.
ആരോഗ്യമുള്ള മുതിർന്നവർക്ക് സ്വമേധയാ ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തായ സേവനമാണ് രക്തദാനമെന്ന് ഉണ്ണി അടിവരയിടുന്നു. ഒരു ഹെൽത്ത് കെയർ പ്രൊഫഷണൽ ആകാതെ തന്നെ ആളുകളുടെ ജീവൻ രക്ഷിക്കുന്നതിലെ സന്തോഷവും സംതൃപ്തിയുമാണ് തന്നെപ്പോലുള്ള രക്തദാതാക്കൾക്ക് പ്രചോദനമെന്ന് ഉണ്ണി ‘ഗൾഫ് മാധ്യമ’ ത്തോട് പറഞ്ഞു. രക്തം സ്വീകരിക്കുന്നത് ആരായാലും അയാൾക്ക് ഒരു പുതിയ ജീവിതം നൽകാൻ സഹായിക്കുന്നുവെന്നതിനാൽ ഓരോ ദാതാവും ഒരു ഹീറോയാണെന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തൽ. ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം രക്തദാനവുമായി മുന്നോട്ടു പോകാനും കൂടുതല്‍ പേരെ ഈ മാര്‍ഗത്തിലേക്ക് കൊണ്ടുവരാനുമാണ് ഉണ്ണിയുടെ തീരുമാനം. അധ്യാപികയായ ഭാര്യ ചിത്രയുടെയും വിദ്യാർഥികളായ മക്കൾ ലക്ഷ്മിയുടെയും കൃഷ്ണ സാഗറിന്റെയും പൂർണ്ണ പിന്തുണയും കൂടെയുണ്ട്.
നാട്ടിൽ ഈ രംഗത്ത് നടത്തിയ സമഗ്ര സംഭാവനക്ക് കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും, ദുബൈ, റാസൽഖൈമ ആരോഗ്യ വകുപ്പുകളുടെ അവർഡുകളും ഇതിനകം തേടിയെത്തി. കൂടാതെ യു.എ.ഇ യിൽ നിന്ന് നിരവധി സംഘടനകളുടെയും കൂട്ടായ്മകളുടെയും അംഗീകാരവും ലഭിച്ചു.
രക്തബന്ധമാണ് ബ്ലഡ് ഡോണേഴ്സ് കേരള യു.എ.ഇ
രക്തദാനമെന്ന ജീവകാരുണ്യ പ്രവർത്തനത്തിൽ കൈകോർക്കുന്ന ഒരു കൂട്ടം സുമനസുകളുടെ കൂട്ടായ്മയാണ് ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ-യു.എ.ഇ). പത്തു വർഷത്തോളമായി യു.എ.ഇയിൽ രക്തം നൽകിയും രക്ത ദാതാക്കളെ സംഘടിപ്പിച്ചും മാതൃകാ പ്രവർത്തനങ്ങളുമായി ഈ ‘രക്ത കൂട്ടായ്മ’ സജീവമാണ്. വിവിധ എമിറേറ്റുകളിൽ സദാ സേവന സന്നദ്ധരായ അമ്പതിലധികം വളണ്ടിയർമാരും 20,000 ൽ പരം രക്ത ദാതാക്കളും കൂട്ടായ്മക്ക് കീഴിലുണ്ട്. ആശുപത്രികളിൽ രക്ത ലഭ്യത ഉറപ്പു വരുത്താൻ ഹെൽത്ത് അതോറിറ്റിയുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ. ദുബൈ ആരോഗ്യവകുപ്പിന്റെ എല്ലാ പിന്തുണയും കൂട്ടായ്മക്കുണ്ട്.
രക്തം കിട്ടാതെ ഒരു രോഗിപോലും ഒറ്റപ്പെട്ട് പോവരുതെന്ന എന്ന ഉറച്ച തിരുമാനത്തോടെയാണ് ബി.ഡി.കെയിലെ ഓരോ അംഗങ്ങളും മുന്നോട്ട് പോവുന്നത്. രക്തത്തിന് പകരം പണമോ പാരിതോഷികമോ വാങ്ങാതെ മറ്റുള്ളവർക്ക് മാതൃകയാകാൻ ഈ സംഘടനയ്ക്ക് കഴിയുന്നു.
വർഷം ചുരുങ്ങിയത് നൂറുലധികം രക്ത ദാന ക്യാമ്പുകൾ യു.എ.ഇ യിൽ സംഘടിപ്പിച്ചു വരുന്നുണ്ട്. കഴിഞ്ഞ വർഷം 7000 ത്തിലധികം പേർ വിവിധ ഭാഗങ്ങളിലായി രക്തം നൽകി. സോഷ്യൽ മീഡിയ വഴിയാണ് പ്രവർത്തനങ്ങളെല്ലാം ഏകോപിപ്പിക്കുന്നത്. എല്ലാ എമിറേറ്റ്സിലെയും ആരോഗ്യ മന്ത്രാലയങ്ങളുടെ അംഗീകാരങ്ങളും കൂട്ടായ്മക്ക് ലഭിക്കുന്നു.
കേരളത്തിൽ പ്രവർത്തിക്കുന്ന രക്ത ദാന സംഘടനയായ ബ്ലഡ് ഡോണേഴ്സ് കേരളയുടെ പാത പിന്തുടർന്ന് 2014 നവംബർ ഒന്നിന് കേരള പിറവി ദിനത്തിലാണ് കൂട്ടായ്മക്ക് യു.എ.ഇ യിൽ തുടക്കമായത്. ദുബൈ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ പ്രത്യേക അനുമതിയോടെയാണ് കൂട്ടായ്മയുടെ പ്രവർത്തനം. എല്ലാ വാരാന്ത്യത്തിലും ആവശ്യകതയെ അടിസ്ഥാനമാക്കി പ്ലേറ്റ് ലെറ്റ് ശേഖരണത്തിനായി ക്യാമ്പുകൾ നടത്തി വരുന്നു. ഇക്കഴിഞ്ഞ ലോക രക്തദാന ദിനത്തോടാനുബന്ധിച്ച് 226 യൂണിറ്റ് പ്ലേറ്റ് ലെറ്റ് സംഭാവന ചെയ്തു. ആഴ്ചയിൽ രണ്ടോ മൂന്നോ അടിയന്തിര കേസുകൾ കൈകാര്യം ചെയ്യുന്നു. ആഴ്ചയിൽ 20 മുതൽ 30 യൂണിറ്റ് വരെ രക്തം ബി.ഡി.കെ-യു.എ.ഇ അംഗങ്ങൾ ദാനം ചെയ്തു വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.