വിശ്വാസ്യതയുടെ പബ്ലിക് റിലേഷൻസ്
text_fieldsകണ്ണ് തുറന്ന്, കാതുകൂർപ്പിച്ച് വിശാലമായ ലോകത്തെ അദ്ദേഹം കാൻവാസാക്കി നിരീക്ഷിച്ചു. തുടക്കക്കാരന്റെ പരിഭ്രമമില്ലാതെ വിജയത്തിലേക്കുള്ള ചവിട്ടുപടികളിൽ പിച്ചവെച്ചു. ആദ്യദൗത്യം മികവോടെ പൂർത്തീകരിച്ചതോടെ മികച്ച കരിയറിന് ആരംഭമാകുകയായിരുന്നു. മുംബൈയിൽ സൗഭാഗ്യ അഡ്വർടൈസിങ് ഏജൻസിയിൽ 1980കളിലാണ് കഥ നടക്കുന്നത്. അഡ്വർടൈസിങ് ഡിപ്ലോമ പൂർത്തീകരിച്ചാണ് പാലക്കാട് ചിറ്റൂർ സ്വദേശി ഉക്കണ്ടത്ത് ശങ്കരൻ കുട്ടി എന്ന യു.എസ്. കുട്ടി ജോലിയിൽ പ്രവേശിച്ചത്.
തുടക്കക്കാരനായ അദ്ദേഹത്തിന് മുന്നിലേക്കെത്തിയത് ഗുജറാത്ത് ആസ്ഥാനമായ ഒരു ക്ലയൻറിന് ഒരു കോടിയുടെ മീഡിയ പ്ലാൻ തയാറാക്കുന്ന ദൗത്യമാണ്. സാങ്കേതികവിദ്യകൾ വികസിക്കാത്ത അക്കാലത്ത് ജോലി പൂർത്തീകരിക്കാൻ മുന്നിലുണ്ടായിരുന്നത് ഒരു മണിക്കൂർ മാത്രമാണ്. നിശ്ചിത സമയത്തിനുള്ളിൽ ജോലി പൂർത്തീകരിച്ചതോടെ കമ്പനി ചെയർമാൻ എസ്.എം. സിഗ്വി അതുമായി ക്ലയൻറിനരികിലേക്ക് പോയി. മടങ്ങിയെത്തിയത് ക്ലയൻറുമായി കരാർ ഉറപ്പിച്ചായിരുന്നു.
കുട്ടിയുടെ മികവ് സിഗ്വിയിൽ മതിപ്പുളവാക്കി. ഇതോടെ സൗഭാഗ്യയിലെ പ്രധാന ഉത്തരവാദിത്തങ്ങൾ അദ്ദേഹത്തെ ഏൽപിച്ചുതുടങ്ങി. അവിടെനിന്ന് ആരംഭിച്ച പബ്ലിക് റിലേഷൻസ് കരിയർ നാല് പതിറ്റാണ്ട് പിന്നിട്ട് മുന്നേറുകയാണ്. പബ്ലിക് റിലേഷൻസ് അത്ര പരിചിതമല്ലാത്ത 1990കളുടെ തുടക്കത്തിലാണ് മുംബൈയിൽനിന്നുള്ള പ്രവർത്തന പരിചയവുമായി കുട്ടി കേരളത്തിലെത്തിയത്. പബ്ലിക് റിലേഷൻസിന്റെ ആഗോളമാറ്റത്തെ കേരളത്തിലും വിധേയമാക്കാൻ അദ്ദേഹം പ്രയത്നിച്ചു. കണ്ണുകൾ തുറന്ന് നിരീക്ഷിച്ച്, വിശ്വാസ്യതയിലൂന്നി പ്രവർത്തിച്ചാൽ വിജയം ഒപ്പമെത്തുമെന്നാണ് തനിക്ക് പറയാനുള്ളതെന്ന് അദ്ദേഹം പറയുന്നു.
അച്ഛൻ പകർന്ന വാക്ക്
പാലക്കാട് ചിറ്റൂരിലെ നാട്ടിൻപുറത്ത് കലാപ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന ചെറുപ്പകാലമായിരുന്നു തന്റേതെന്ന് കുട്ടി പറഞ്ഞു. മണ്ഡലകാലത്ത് അയ്യപ്പൻപാട്ട് ക്ഷേത്രങ്ങളിൽ സജീവമായിരുന്നു. ഇടയ്ക്കയിലും തായമ്പകയിലുമായിരുന്നു താൽപര്യം. കേരള കലാമണ്ഡലത്തിൽ ചേർന്ന് പഠിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, കല മാത്രം അന്നം തരില്ലെന്ന അച്ഛന്റെ ഉപദേശം സ്വീകരിച്ചു.
ടൈപ്റൈറ്റിങ്ങിലും ഷോർട്ട്ഹാൻഡിലും ഡിപ്ലോമ നേടി 1982ൽ മുംബൈയിലുള്ള അമ്മാവൻ കെ.വി. മേനോന്റെ അടുത്തെത്തി. സെൻറ് സേവ്യേഴ്സ് കോളജിൽ അഡ്വർടൈസ്മെൻറിൽ ഡിപ്ലോമ നേടി. പിന്നീടുള്ള അഞ്ചുവർഷം ഇന്ത്യയിലെ പരസ്യ, പി.ആർ മേഖലയിലെ മികച്ച ക്ലയൻറുകൾക്കൊപ്പം ജോലിയെടുത്തു. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, തമിഴ്, മറാത്തി ഭാഷകൾ അദ്ദേഹം സ്വായത്തമാക്കി.
1991ൽ എൻ.ടി.പി.സിയുടെ വരവോടെയാണ് സൗഭാഗ്യ കേരളത്തിൽ തങ്ങളുടെ പ്രവർത്തനം ആരംഭിച്ചത്. വിശ്വസ്തനായ കുട്ടിയെ തന്നെ ചെയർമാൻ ആ ദൗത്യം ഏൽപിച്ചു. കേരളത്തിലെ പരസ്യ, പി.ആർ വിപണി അതിന്റെ പ്രാരംഭ നിലയിലായിരുന്നു അക്കാലത്ത്. മുൻ മാതൃകകളോ വിപണി വൈപുല്യമോ ഉണ്ടായിരുന്നില്ല. കുട്ടി എല്ലാം ഒന്നിൽനിന്ന് ആരംഭിച്ചു.
കേരളത്തിലെ വളർച്ച
അക്കാലത്ത് പരസ്യങ്ങൾക്ക് അടിത്തറയുണ്ടായിരുന്നെങ്കിലും ബ്രാൻഡ് നിർമാണം, പ്രതിസന്ധി കൈകാര്യം ചെയ്യൽ എന്നിവക്കുള്ള തന്ത്രപരമായ ഉപകരണമെന്ന നിലയിൽ പി.ആർ കേരളത്തിൽ അവികസിതമായിരുന്നുവെന്ന് കുട്ടി പറഞ്ഞു. കോർപറേറ്റ് ആശയവിനിമയത്തിന്റെ പ്രധാന ഘടകമായി പി.ആർ മാറ്റിയെടുക്കുന്നതിന് അദ്ദേഹം പ്രവർത്തിച്ചു.
നിരവധി ക്ലയൻറുകളെയും ഇവൻറുകളും കൈകാര്യം ചെയ്തു. കേരളത്തിലെ ഒരു ബാങ്കിനായി ആദ്യത്തെ കോർപറേറ്റ് പരസ്യം സൃഷ്ടിച്ചു. 200ഓളം ഐ.പികൾക്ക് നേതൃത്വം നൽകി. 1996ൽ കേരളത്തിൽ എൻ.ടി.പി.സിയുടെ പ്രവർത്തനങ്ങളുടെ തുടക്കം കൈകാര്യം ചെയ്തത് ശ്രദ്ധേയ നേട്ടമായി. ഈ പ്രോജക്ടിന് രണ്ട് പ്രധാനമന്ത്രിമാരായ അടൽ ബിഹാരി വാജ്പേയി, മൻമോഹൻ സിങ് എന്നിവരുടെ സന്ദർശനങ്ങൾ കൈകാര്യം ചെയ്തു. 1990കളുടെ അവസാനത്തിലും 2000ത്തിന്റെ തുടക്കത്തിലും പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ (പി.ആർ.സി.ഐ) കേരള ഘടകം സ്ഥാപിക്കുന്നതിലും കൊച്ചിയിൽ അഡ്വർടൈസിങ് ക്ലബ് സ്ഥാപിക്കുന്നതിലും പങ്കുവഹിച്ചു. ഭാര്യ ലതക്കും മക്കളായ അർജുനും അനാമികക്കും ഒപ്പം കൊച്ചിയിലാണ് താമസം.
സൂപ്പർ ലീഗ് കേരളയിലൂടെ കായിക പി.ആറിലേക്ക്
സൂപ്പർ ലീഗ് കേരളയുടെ പി.ആർ മാൻഡേറ്റ് കൈകാര്യം ചെയ്യുകയാണ് ഇപ്പോൾ അദ്ദേഹം. ലീഗിന്റെ ആശയവിനിമയത്തിനും മാധ്യമ ബന്ധത്തിനും നേതൃത്വം നൽകുന്ന കുട്ടി കായിക പി.ആറിലേക്കും തന്റെ അനുഭവം കൊണ്ടുവന്നു. 63ാം വയസ്സിലും അദ്ദേഹം വിശ്രമമില്ലാതെ മേഖലയിൽ വ്യാപൃതനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.