ഓൾ സ്റ്റൈൽ ഡാൻസ് മത്സരത്തിൽ വീണ്ടും ഒന്നാമനായി വൈഭവ് ദത്ത്
text_fieldsമനാമ: കഴിഞ്ഞ ദിവസം ബഹ്റൈനിൽ നടന്ന ഓൾ സ്റ്റൈൽ ഡാൻസ് മത്സരത്തിൽ വൈഭവ് ദത്ത് ഒന്നാമനായി. ആഫ്രിക്ക, ഫിലിപ്പീൻസ്, അമേരിക്ക, സൗദി, ദുബൈ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലെ ചാമ്പ്യന്മാരോട് ഏറ്റുമുട്ടിയാണ് വൈഭവ് ദത്ത് വിജയകിരീടം കരസ്ഥമാക്കിയത്.
ഓരോ പാട്ടിനുമനുസരിച്ച് നിമിഷവേഗത്തിൽ അപ്പോൾതന്നെ സ്റ്റെപ്പുകൾ വെക്കേണ്ടതുള്ളതിനാൽ മത്സരം കടുത്തതായിരുന്നു. ആറു മാസംമുമ്പ് ബഹ്റൈനിൽ നടന്ന പത്തോളം രാജ്യങ്ങളിൽനിന്നും അമ്പതോളം ഹിപ് ഹോപ് ചാമ്പ്യന്മാർ മത്സരിച്ച ഓൾ സ്റ്റൈൽ ഡാൻസ് മത്സരത്തിലും വൈഭവ് ദത്ത് ഒന്നാം സ്ഥാനക്കാരനായിരുന്നു.
ആറു വർഷത്തോളമായി ഹിപ് ഹോപ് ഡാൻസിൽ ബിരുദാനന്തര ബിരുദത്തിനായുള്ള പഠനം തുടർന്നുകൊണ്ടിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. എസ്.ടി.സി ടെലികമ്യൂണിക്കേഷൻ, ബെറ്റൽക്കോ തുടങ്ങിയ കമ്പനികൾക്ക് മോഡലായി അഭിനയിച്ചിരുന്നു. കഴിഞ്ഞമാസം ബംഗളൂരുവിൽ നൂറിൽപരം ഹിപ് ഹോപ് ഡാൻസേഴ്സ് പങ്കെടുത്ത മത്സരത്തിൽ രണ്ടാം സ്ഥാനം വൈഭവ് ദത്തിനായിരുന്നു.
സ്റ്റേജ് ഷോ സംഘാടകനും സംവിധായകനുമായ മനോജ് മയ്യന്നൂരിന്റെയും സ്മിതയുടെയും മകനാണ്. പ്ലസ് ടുവരെ ഇസാടൗൺ ഇന്ത്യൻ സ്കൂളിലാണ് പഠിച്ചത്. ഇപ്പോൾ ഓറ ആർട്ട് സെന്റർ ഹിപ് ഹോപ് മാസ്റ്റർ കൂടിയാണ്. ജ്യേഷ്ഠൻ വൈഷ്ണവ് ദത്ത് ബഹ്റൈനിൽ അറിയപ്പെടുന്ന മോഡലും ഡാൻസറുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.