ദുരിതജീവിതത്തിന് അറുതിതേടി വനരാജും സഹോദരിയും
text_fieldsനെടുങ്കണ്ടം: ഇരുകണ്ണിനും കാഴ്ച നഷ്ടപ്പെട്ട വനരാജ്, ഹൃദ്രോഗിയായ സഹോദരി, ഇടിഞ്ഞുവീഴാറായ കൂര, ഇരുവര്‍ക്കും പ്രാഥമിക ആവശ്യം നിറവേറ്റാന്‍പോലും വീട്ടിൽ സൗകര്യമില്ല. ആകെ മൂന്ന് സെന്റിന്റെ രേഖകളെല്ലാം സ്വകാര്യ സ്വാശ്രയ ഗ്രൂപ്പിന്റെ പക്കൽ. ഗവർണർ, മുഖ്യമന്ത്രി, കലക്ടർ, എം.എൽ.എ, ഗ്രാമപഞ്ചായത്ത് അധികൃതർ എന്നിവർക്കെല്ലാം പരാതി നൽകിയിട്ടും വയോധികരായ ഈ സഹോദരങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ല.
പാമ്പാടുംപാറ പഞ്ചായത്ത് 15ാം വാര്‍ഡ് പ്രാക്കണ്ടം പുതുക്കുടിയിൽ വനരാജും സഹോദരി മീനാക്ഷിയുടെയും ദുരിതജീവിത കഥയാണിത്. നിലവിൽ ഇവരെ അലട്ടുന്ന പ്രധാന പ്രശ്നം പ്രാഥമിക ആവശ്യം നിറവേറ്റാൻ സൗകര്യമില്ലെന്നതാണ്. ഉണ്ടായിരുന്ന ശുചിമുറി ആറുമാസം മുമ്പ് നിറഞ്ഞതോടെ ഈ വയോധികർ വലയുകയാണ്. ശുചിമുറി വൃത്തിയാക്കാൻ വന്നവർ ആവശ്യപ്പെട്ടത് 22,000 രൂപയാണ്. ഒരുനേരത്തെ ആഹാരത്തിന് വകയില്ലാത്ത സഹോദരങ്ങൾ ഇതോടെ പ്രതിസന്ധിയിലായി.
അയല്‍വാസികളും ചില സുമനസ്സുകളും സൗജന്യമായി നല്കുന്ന ഭക്ഷണമാണ് വിശപ്പ് അകറ്റുന്നത്. പട്ടികജാതി വിഭാഗത്തിൽപെട്ട 60കാരനായ വനരാജിന് പാമ്പാടുംപാറ പഞ്ചായത്തിൽ വീട് അനുവദിച്ചിട്ടുണ്ട്. എന്നാൽ, സ്വന്തമായുണ്ടായിരുന്ന മൂന്ന് സെന്റ് സ്ഥലത്തിന്റെ ആധാരമടക്കമുള്ള രേഖകൾ കൈവശമില്ലാത്തിനാൽ പഞ്ചായത്ത് അനുവദിച്ച വീടും ലഭിക്കാത്ത അവസ്ഥയായി.
മാത്രമല്ല വീട് നിര്‍മിക്കാൻ എസ്.എച്ച്.ജിക്കാർ അനുവദിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് രൂപവത്കരിച്ച സ്വാശ്രയ സംഘം യോഗം ചേർന്നിരുന്നത് ഈ വീട്ടിലായിരുന്നു. കണ്ണ് ചികിത്സക്ക് മധുരയിൽ പലതവണ കൊണ്ടുപോകുകയും ചികിത്സയിനത്തിൽ ചെലവായ തുകക്ക് 2018 മേയ് 25ന് വീടും സ്ഥലവും എഴുതി വാങ്ങിയതായാണ് ഇവർ നല്കിയ പരാതിയിൽ പറയുന്നത്. 1,60,000 രൂപ വനരാജ് സംഘത്തിന് നല്‍കാനുണ്ടെന്നാണ് സംഘാംഗങ്ങൾ പറയുന്നത്.
എന്നാൽ, 10000 രൂപയേ കൊടുക്കാനുള്ളൂവെന്ന് വനരാജ് പരാതിയിൽ പറയുന്നു. സി.പി.എം പാമ്പാടുംപാറ പ്രാദേശിക നേതാവ് സുരേന്ദ്രന്റെ നേതൃത്വത്തിൽ പ്രദേശവാസികളിൽനിന്ന് സ്വരൂപിച്ചു നൽകുന്ന തുക കൊണ്ടാണ് ഈ സഹോദരങ്ങൾ ദിവസങ്ങൾ തള്ളിനീക്കുന്നത്. 2010ല്‍ ഏലത്തോട്ടത്തിലെ ജോലിക്കിടെ തുമ്പ തലയില്‍ തട്ടിയാണു വനരാജിനു കണ്ണിന് തകരാര്‍ സംഭവിച്ചത്. തുടര്‍ ചികിത്സ ലഭിക്കാത്തതിനാല്‍ 2014ല്‍ പൂര്‍ണമായി കാഴ്ച നഷ്ടപ്പെട്ടു. ഒപ്പമുള്ള വിധവയായ സഹോദരി മീനാക്ഷി (54) മുമ്പ് ഏലത്തോട്ടത്തിൽ ജോലിക്ക് പോയിരുന്നു. വാല്‍വ് തകരാറിലായതിനാൽ ഇപ്പോൾ ജോലിക്ക് പോകാനും കഴിയുന്നില്ല. ഗ്രാമപഞ്ചായത്ത് മുന്‍കൈ എടുത്ത് ഇവര്‍ക്ക് ശൗചാലയമെങ്കിലും നിർമിച്ചു നല്‍കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.