മഴമേഘങ്ങൾക്കു കീഴെ കരുതലായി വാസുവേട്ടന്റെ ‘മാരിവിൽ’ വിപ്ലവം
text_fieldsകോഴിക്കോട്: വേറിട്ട, അതിലേറെ വീറുറ്റ ജീവിതമാണ് വാസുവേട്ടനിഷ്ടം. ജീവിത കാഴ്ചപ്പാടുകളിലും കാണും ഈ വ്യതിരിക്തത. അതുകൊണ്ടാണല്ലോ, ‘സഖാവ് ഇനി ജോലിക്കൊന്നും പോകണ്ട, ശനിയാഴ്ച തോറും എന്റെയടുത്ത് വന്നാൽ മതി. പൈസ ഞാൻ പിരിച്ചു തന്നോളാ’മെന്ന് പറഞ്ഞ മുൻ സഹപ്രവർത്തകനോട് വാസുവേട്ടൻ കട്ടായം പറഞ്ഞത്: ‘അവനവന്റെ അപ്പം അധ്വാനിച്ചുണ്ടാക്കണം’.
ജയിലിൽനിന്നിറങ്ങി ജോലി അന്വേഷിച്ച് കുറെ നടന്നപ്പോഴായിരുന്നു സുഹൃത്തിന്റെ വാഗ്ദാനം. രാഷ്ട്രീയക്കാർക്കുള്ള പ്രത്യേക അവകാശമാണല്ലോ പിരിവ്. അങ്ങനെ ജീവിക്കാൻ വാസുവേട്ടൻ ഒരുക്കമായിരുന്നില്ല. സംഭാവന വാങ്ങിക്കുന്നതോ ആരെയെങ്കിലും സേവിക്കുന്നതോ ഇഷ്ടമല്ല. അവനവന്റെ അപ്പം അധ്വാനിച്ചുണ്ടാക്കണം എന്നതായിരുന്നു മുദ്രാവാക്യം. അങ്ങനെയാണ് വാസുവേട്ടൻ കുട നിർമാണത്തിലേക്ക് തിരിയുന്നത്. ഈ ‘മുതലാളി ജീവിതം’ അര നൂറ്റാണ്ടിനോട് അടുക്കുകയാണ്. കോഴിക്കോടിന്റെ മഴക്കാല മേഘങ്ങൾക്ക് കീഴെ കരുതലായി വാസുവേട്ടന്റെ മാരിവിൽ കുടകൾ വിരിയും, പതിവുതെറ്റാതെ. അങ്ങനെ തീവ്രവിപ്ലവത്തിന്റെ കനൽവഴികൾ താണ്ടി 94ാം വയസ്സിലും കെടാതെ കത്തുകയാണ് ഗ്രോ വാസുവെന്ന വാസുവേട്ടൻ. കുട നിർമാണവും ഒരു വിപ്ലവ പ്രവർത്തനമാണ് അദ്ദേഹത്തിന്.
1977ലാണ് വാസുവേട്ടൻ കുട നിർമാണം ആരംഭിക്കുന്നത്. ‘1977 വരെ തൊഴിലാളി ആയിരുന്ന ഞാൻ തിരുനെല്ലി- തൃശിലേരി ആക്ഷൻ കഴിഞ്ഞ് ജയിലിൽനിന്ന് നാട്ടിൽ തിരിച്ചെത്തിയപ്പോൾ അങ്ങനെ മുതലാളിയായി’ എന്നാണ് അതേക്കുറിച്ച് വാസുവേട്ടൻ തമാശരൂപത്തിൽ പറയുക. ‘ജയിലിലായതോടെ കോംട്രസ്റ്റിലെ ജോലിയിൽനിന്ന് പിരിച്ചുവിടപ്പെട്ടിരുന്നു. ഒന്നാം പ്രതി ആയിട്ടും അന്നും കേസ് നടത്തുകയോ ജാമ്യമെടുക്കുകയോ ചെയ്തിരുന്നില്ല. 29 പ്രതികളെയും വെറുതെവിട്ടപ്പോൾ എന്നെയും വിട്ടു.
77 മുതൽ എല്ലാ മഴക്കാലത്തും വാസുവേട്ടന് കുടകളുണ്ടാക്കും. ജയിലിലാകുന്ന സമയത്ത് മാത്രമാണ് ആ പതിവ് മുടങ്ങിയത്. ഹീറോ എന്ന പേരിലായിരുന്നു ആദ്യം കുടകൾ ഉണ്ടാക്കിയത്. ഹീറോ പേനകളോടുള്ള ഇഷ്ടമാണ് ആ പേര് തിരഞ്ഞെടുക്കാൻ കാരണം. ധീരതയെ അത്രയങ്ങ് കൂട്ടുപിടിക്കണ്ട എന്നുതോന്നിയപ്പോൾ ഹീറോ പേര് മാറി മാരിവിൽ ആയി. നിർമാണ സീസണിൽ ബന്ധുക്കളും സുഹൃത്തുക്കളുമായ നാലഞ്ചുപേർ സഹായത്തിനുണ്ടാകും. ഇത്തവണ രണ്ടായിരത്തോളം കുടകൾ ഉണ്ടാക്കിയിട്ടുണ്ട്. പൊറ്റമ്മലിലെ കടയിൽ തന്നെയാണ് ഇപ്പോഴും വാസുവേട്ടൻ കുട വിൽക്കുന്നത്. കുട്ടികൾക്കുള്ള ഡിസൈൻ കുടയും കാലൻ കുടയും ത്രീ ഫോൾഡ് കുടകളുമാണ് വിൽപനക്കുള്ളത്. കാലൻ കുടക്ക് 420ഉം ത്രീ ഫോൾഡ് കുടകൾക്ക് 320, 340 രൂപയുമാണ് വില. കുട്ടികളുടെ കുടകൾ 240 രൂപ നിരക്കിൽ ലഭിക്കും. പണ്ട് കുടക്കച്ചവടം പൂട്ടിക്കാൻ പൊലീസുകാർ നിർബന്ധിച്ചിരുന്നതായി വാസുവേട്ടൻ വെളിപ്പെടുത്തുന്നു. അന്ന് കടയുടെ മുന്നിൽ എന്നും രണ്ടുവീതം പൊലീസുകാർ എപ്പോഴും നിരീക്ഷണത്തിനുണ്ടാകും. പ്രധാനമന്ത്രിയോ പ്രസിഡന്റോ അതുപോലുള്ള പ്രധാനപ്പെട്ടവരോ കോഴിക്കോടെത്തുന്ന ദിവസം കരുതൽ കൂടും. ഏതാനും വർഷങ്ങൾക്കു മുമ്പാണ് കടയുടെ മുമ്പിൽ പാറാവ് നിൽക്കുന്ന പണി പൊലീസുകാർ ഉപേക്ഷിച്ചത്.
കുത്തകക്കമ്പനികളുടേതുപോലെ വലിയതോതിൽ കുട നിർമിച്ച് വമ്പൻ ലാഭമുണ്ടാക്കാനൊന്നും വാസുവേട്ടന് താൽപര്യമില്ല. മൂന്നോ നാലോ മാസത്തേക്കുള്ള ചായക്കാശ്. അതിനപ്പുറമൊന്നും ഈ ജോലിയിൽ നിന്ന് ലഭിക്കില്ലെങ്കിലും അധ്വാനിച്ചു ജീവിക്കുക എന്ന മുദ്രാവാക്യം കൈവിടാൻ ഒരുക്കമല്ല വാസുവേട്ടൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.