വേദാന്ത്: സ്വപ്നം ഒളിമ്പിക്സ്
text_fieldsസിനിമയിൽ നിന്ന് അവാർഡുകൾ കൊയ്തെടുക്കുന്ന തിരക്കിലാണ് നടൻ മാധവനെങ്കിൽ നീന്തൽ കുളത്തിൽ നിന്ന് മെഡലുകൾ വാരിക്കൂട്ടുന്ന തിരക്കിലാണ് മകൻ വേദാന്ത്. അടുത്ത ഒളിമ്പിക്സ് ലക്ഷ്യമിട്ട് ദുബൈയിലെ അക്വ നേഷൻ സ്പോർട്സ് അക്കാദമിയിൽ കടുത്ത പരിശീലനത്തിലാണ് ഈ 16കാരൻ. സിനിമയിലെ തിരക്കൊഴിവാക്കി പരമാവധി സമയം ദുബൈയിൽ മകനോടൊപ്പം ചെലവഴിക്കുകയാണ് മാധവനും ഭാര്യ സരിതയും.
ബംഗളൂരുവിൽ നടന്ന ജൂനിയർ അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പിൽ വേദാന്ത് നീന്തിയെടുത്തത് ഏഴ് മെഡലാണ്. മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് നീന്താനിറങ്ങിയ വേദാന്ത് 800 മീറ്റർ ഫ്രീസ്റ്റൈൽ, 1500 മീറ്റർ ഫ്രീസ്റ്റൈൽ, 4x100 മീറ്റർ ഫ്രീസ്റ്റൈൽ റിലേ, 4x200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ എന്നിവയിൽ വെള്ളിയും 100, 200, 400 മീറ്റർ ഫ്രീസ്റ്റൈലിൽ വെങ്കലവും കരസ്ഥമാക്കിയിരുന്നു.
മകന് ഏറ്റവും വലിയ പ്രോൽസാഹനം അഛൻ തന്നെയാണെന്ന് മാധവന്റെ അടുത്തിടെയുള്ള പോസ്റ്റുകൾ ശ്രദ്ധിച്ചാൽ മനസിലാകും. താനൊരു അനുഗ്രഹീതനായ പിതാവാണെന്നും മകനിൽ നിന്ന് കൂടുതൽ പഠിക്കുകയാണെന്നുമായിരുന്നു അടുത്തിടെ പോസ്റ്റ് ചെയ്ത കുറിപ്പ്. മകന്റെ നേട്ടങ്ങളോരോന്നും സാമൂഹിക മാധ്യമങ്ങളിൽ ആഘോഷിക്കുന്നുമുണ്ട്.
കോവിഡ് മൂലം മുംബൈയിലെ സ്വിമ്മിങ് പൂൾ അടച്ചുപൂട്ടിയതോടെയാണ് മാധവനും ഭാര്യ സരിതയും മകനുമായി ദുബൈയിലെത്തിയത്. പിന്നീടുള്ള പരിശീലനം ഇവിടെയായിരുന്നു. ഇടവും വലവും നിന്ന് പ്രചോദനമേകി മാധവനും സരിതയും ഒപ്പമുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച നീന്തൽ സൗകര്യമാണ് തന്നെ ദുബൈയിലേക്ക് ആകർഷിച്ചതെന്ന് മാധവൻ പറയുന്നു. വേദാന്ത് അഭിനയവഴി തെരഞ്ഞെടുക്കാത്തതിൽ മാധവന് വിഷമമൊന്നുമില്ല. അവൻ അവന്റെ വഴിയെ സഞ്ചരിക്കട്ടെ എന്നതാണ് മാധവന്റെ ലൈൻ.
കടുത്ത പരിശീലനം
2024 പാരീസ് ഒളിമ്പിക്സാണ് വേദാന്തിന്റെ സ്വപ്നം. തിരക്കിട്ട ഷെഡ്യൂളിലാണ് വേദാന്ത്. രാവിലെ 4.15ന് എഴുന്നേൽക്കും. 4.30ന് പൂളിൽ പരിശീലനത്തിന് എത്തും. 4.15 മുതൽ 6.30 വരെ പരിശീലനം. ഇതിന് ശേഷം കുളിച്ച് ഭക്ഷണവും കഴിച്ച് 7.45ന് സ്കൂളിൽ. 3.15 വരെ ക്ലാസ്. വീട്ടിൽ തിരിച്ചെത്തിയാൽ ഹോംവർക്കും പഠനവും. 6.30ഓടെ വീണ്ടും പൂളിലേക്ക്. രാത്രി ഒമ്പത് വരെ ഇവിടെ പരിശീലനം. ദിവസവും അഞ്ച് മണിക്കൂറാണ് പരിശീലനം. മലയാളി കോച്ചും ഒളിമ്പ്യൻ സജൻ പ്രകാശിന്റെ പരിശീലകനുമായ പ്രദീപ് കുമാറാണ് വേദാന്തിനെയും നീന്തൽ പഠിപ്പിക്കുന്നത്. ദുബൈ യൂനിവേഴ്സൽ അമേരിക്കൻ സ്കൂളിലെ വിദ്യാർഥിയാണ്.
റൊമേനിയൻ നീന്തൽ താരം ഡേവിഡ് പൊപൊവിസിയാണ് തന്റെ പ്രചോദനമെന്ന് വേദാന്ത് പറയുന്നു. 17 വയസുള്ള പൊപൊവിസി ടോേക്യാ ഒളിമ്പിക്സിന് യോഗ്യത നേടിയിരുന്നു. പലകാര്യത്തിലം പൊപൊവിസിയെ മാതൃകയാക്കാറുണ്ട്. അവനെ പോലെയാവണമെന്ന് മാത്രമല്ല, അവനെ തോൽപിക്കണമെന്നുമാണ് വേദാന്തിന്റെ ആഗ്രഹം. ആരാണ് മാതൃക പുരുഷൻ എന്ന് ചോദിച്ചാൽ വേദാന്തിന് ഒറ്റ മറുപടിയേയുള്ള 'മാധവൻ'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.