ശബ്ദ കലാകാരൻ തങ്കയം ശശികുമാറിന് നാടിന്റെ ആദരം ഇന്ന്
text_fieldsബാലുശ്ശേരി: ഗാമ ഇന്റർനാഷനൽ ഷോർട്ട് ഫിലിം (ജി.ഐ.എസ്.എഫ്) മേളയിൽ മികച്ച വോയിസ് ഓവർ ആർട്ടിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട ശബ്ദ കലാകാരനും നാടക സംവിധായക -രചയിതാവും നടനുമായ തങ്കയം ശശികുമാറിനെ കോക്കല്ലൂർ കാറലാപൊയിൽ ഗ്രാമചേതനയുടെ ആഭിമുഖ്യത്തിൽ ആദരിക്കുന്നു. ജനപ്രിയ റേഡിയോ പരിപാടികളിലൂടെ ശബ്ദവിസ്മയം തീർത്ത ഖാൻ കാവിലിന്റെ പേരിലുള്ള ശബ്ദ കലാകാരന്മാർക്കുള്ള പ്രഥമ പുരസ്കാരം ലഭിച്ചത് ശശികുമാറിനായിരുന്നു. ജില്ലക്കകത്തും പുറത്തുമായി തിരഞ്ഞെടുപ്പ് പ്രചരണ രംഗത്തും പരസ്യപ്രചാരണ രംഗത്തും തങ്കയം ശശികുമാറിന്റെ ശബ്ദം ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. കോഴിക്കോട് കലിംഗ, കോഴിക്കോട് കലാഭവൻ, ഉപാസന കോഴിക്കോട്, രംഗവേദി ബാലുശ്ശേരി തുടങ്ങിയ നാടക സമിതികളിലൂടെ അമേച്ചർ പ്രഫഷനൽ നാടകങ്ങളിൽ നിരവധി കഥാപാത്രങ്ങൾക്ക് ശശികുമാർ ജീവൻ പകർന്നിട്ടുണ്ട്. ജില്ല സംസ്ഥാന നാടക മത്സരങ്ങളിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.
പത്മവ്യൂഹത്തിലെ അഭിമന്യു എന്ന സിനിമയിൽ തിരക്കഥാരചനയിൽ പങ്കാളിയാവുകയും പ്രധാന കഥാപാത്രത്തിന് ശശികുമാർ ശബ്ദം നൽകുകയും ചെയ്തിട്ടുണ്ട്. നാടക അഭിനയരംഗത്തേക്ക് പുതുനാമ്പുകളെ വളർത്തിയെടുക്കുന്നതിനായി നാട്ടിൻ പുറത്തെ ഒട്ടേറെ നാടക പരിശീലനക്കളരികളിലും ശശികുമാറിന്റെ സംഭാവനയുണ്ട്. സ്കൂൾ, കോളജ് കലോത്സവങ്ങളിലെ നാടക മത്സരങ്ങളിൽ ഒന്നാംസ്ഥാനക്കാരായി തിരഞ്ഞെടുക്കപ്പെട്ടവരിലധികവും ശശികുമാറിന്റെ ശിഷ്യഗണങ്ങളാണ്.
നാടക കലാകാരന്മാരുടെ സംഘടനയായ നാടകിന്റെ മുൻ ജില്ല പ്രസിഡന്റായിരുന്ന ശശികുമാർ സംസ്ഥാനകമ്മിറ്റി അംഗമാണിപ്പോൾ. നാടകാഭിനയ കലയെയും ശബ്ദ കലയേയും തപസ്യയാക്കിയ തങ്കയം ശശികുമാറിന് കാറലാപൊയിൽ ഗ്രാമചേതനയുടെ ചെണ്ടമേളം അരങ്ങേറ്റ വേദിയിൽവെച്ച് നാടിന്റെ ആദരം നൽകും. കെ.എം. സചിൻദേവ് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ മുഖ്യാതിഥിയായി പങ്കെടുക്കും. ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ബ്ലോക്ക് പഞ്ചായത്തംഗം സി.കെ. രാജീവൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.