നവതിയിലും തിളങ്ങി അധ്യാപകൻ; 90ന്റെ നിറവിൽ കുമളിയുടെ സ്വന്തം ‘വി.എസ്’
text_fieldsകുമളി: മഞ്ഞും മഴയും ശരീരം കോച്ചുന്ന തണുപ്പും ഹൈറേഞ്ചിനെ മൂടി നിന്നിരുന്ന കാലം. കാടും നാടും ഒന്നായി ചേർന്ന് വന്യജീവികൾ അതിരുകളില്ലാതെ എങ്ങും ചുറ്റി നടന്ന നേരം. ഹൈറേഞ്ചിൽ കുടിയേറിപ്പാർത്ത ജനതക്ക് കൂട്ടായി ദാരിദ്യവും പകർച്ചവ്യാധികളും നിറഞ്ഞാടിയ കാലഘട്ടം. ഇതിലേക്കാണ് ചങ്ങനാശ്ശേരി പട്ടണത്തിലെ ജീവിതത്തിൽ നിന്നും ഹൈറേഞ്ചിലെ പ്രതികൂല കാലാവസ്ഥയിലേക്ക് മല കയറി ഒരു അധ്യാപകൻ എത്തുന്നത്. പിന്നീടുള്ള ജീവിതം ഹൈറേഞ്ചിനായി സമർപ്പിച്ച ആറര പതിറ്റാണ്ട്. നിരവധി കുരുന്നുകൾക്ക് അറിവിനൊപ്പം ലോക വാതിൽ തുറന്നു നൽകി ഉയരങ്ങളിലേക്ക് നയിച്ച അധ്യാപകനെ അവർ രണ്ടക്ഷരത്തിൽ നെഞ്ചോട് ചേർത്തുവെച്ചു. അതാണ് വി.എസ്. കുമളിയുടെ സ്വന്തം വി.എസ്. ഷംസുദ്ദീൻ എന്ന അധ്യാപകൻ.
നവതിയുടെ നിറവിൽ നിൽക്കുമ്പോഴും വി.എസ് ഇപ്പോഴും കുമളിയുടെ സാമൂഹിക, സാംസ്കാരിക, കായിക രംഗങ്ങളിലെല്ലാം സജീവമാണ്.1935 മേയ് 19ന് ചങ്ങനാശ്ശേരി, വാലുപറമ്പിൽ സെയ്ദ് മുഹമ്മദ് റാവുത്തർ - ബീവിയമ്മ ദമ്പതികളുടെ 10 മക്കളിൽ മൂത്തയാളായി ജനനം. ചങ്ങനാശ്ശേരിയിലെ പഠനത്തിനിടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു, മന്നത്ത് പത്മനാഭൻ, നിത്യഹരിത നായകൻ പ്രേംനസീർ എന്നിങ്ങനെ പ്രമുഖരെ കാണാനും അടുത്തിടപഴകാനും ലഭിച്ച അവസരം വഴിത്തിരിവായി. 1961ലാണ് അധ്യാപകനായി ഹൈറേഞ്ചിലെ കുമളിയിലെത്തുന്നത്. രണ്ടു തവണ ഹെഡ്മാസ്റ്ററായി പ്രമോഷൻ തേടിയെത്തിയപ്പോഴും കുമളി വിട്ടു പോകാനുള്ള വിഷമത്താൽ അതെല്ലാം ഉപേക്ഷിച്ച് അധ്യാപകനായി തന്നെ തുടർന്നു.1969ൽ കുമളി സ്വദേശിനി സൈനബ ബീവിയെ വിവാഹം കഴിച്ചു. മക്കൾ: ഷീന, ഷിജു, ഷിനു.
യു.പി വിഭാഗം മലയാളം അധ്യാപകൻ എന്നതിലുപരി ചെസ്സ്, ക്വിസ്സ് മാസ്റ്റർ, ഫുട്ബാൾ, ബാഡ്മിൻറൺ പരിശീലകൻ എന്നിങ്ങനെ വിവിധ രംഗങ്ങളിൽ വി.എസ് കൈപിടിച്ചുയർത്തിയവർക്ക് കണക്കില്ല. കായിക രംഗത്ത് മികവ് തെളിയിച്ച മിക്കവരും രാജ്യത്തെ വിവിധ സേനകളിൽ ജോലി നേടിയെന്നതിൽ അധ്യാപകന് അഭിമാനം. സ്കൂളിൽ ആദ്യമായി ഫോട്ടോഗ്രഫി ക്ലബ് രൂപീകരിച്ചതും ടെലിഫോൺ കണ്ടിട്ടില്ലാത്ത കുട്ടികൾക്കായി ആദ്യമായി ടെലിഫോൺ എത്തിച്ചപ്പോൾ കണ്ട കൗതുകവും അധ്യാപകൻ ഓർമിച്ചെടുക്കുന്നു. ഹൈറേഞ്ചിൽ ആദ്യമായി സ്കൂളിൽ സ്കൗട്ട് പരിശീലനം തുടങ്ങിയതും വി.എസ്. ഷംസുദ്ദീൻ എന്ന അധ്യാപകനായിരുന്നു.
മഞ്ഞ് മൂടിയ വഴികളിലൂടെ നടന്നെത്തുന്ന വിദ്യാർഥികളെ കാത്ത് രാവിലെ ഗ്രൗണ്ടിൽ യൂണിഫോമും വിസിലുമണിഞ്ഞ് ജാഗ്രതയോടെ വി.എസ് കാത്തു നിന്നിരുന്നു. കുമളിയിലെ കായിക ലോകത്തിന് തുടക്കമിട്ട ആനവച്ചാൽ, കുമളി ഹൈസ്കൂൾ ഗ്രൗണ്ടുകളുടെ നിർമാണത്തിന് മുന്നിൽ നിന്ന് പ്രവർത്തിച്ചതും വി.എസാണ്. 90ന്റെ നിറവിൽ നിൽക്കുമ്പോഴും വി.എസിന്റെ വിസിൽ മുഴക്കത്തിനായി കാത്തു നിൽക്കുന്ന യുവത്വം ഒപ്പമുള്ളതാണ് ഈ അധ്യാപകനെ ഊർജ്ജസ്വലനാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.