പഠനോപകരണ നിർമാണത്തിലൂടെ വി.വി. മണികണ്ഠൻ
text_fieldsതിരൂര്‍: പഠനോപകരണങ്ങള്‍ സ്വയം നിര്‍മിച്ച് വിദ്യാര്‍ഥികളുടെ ഗണിത പഠനം ഉല്ലാസകരമാക്കി അധ്യാപക ജീവിതത്തിൽനിന്ന് വിരമിച്ച ചേന്നര സ്വദേശി വി.വി. മണികണ്ഠന് സംസ്ഥാന അധ്യാപക പുരസ്കാരം. 2021-22 വര്‍ഷത്തെ മികച്ച അധ്യാപകനുള്ള പുരസ്കാരമാണ് ചേന്നര വി.വി.യു.പി സ്കൂളിൽനിന്ന് വിരമിച്ച ഈ ജനകീയ അധ്യാപകനെ തേടിയെത്തിയിരിക്കുന്നത്. 1991ല്‍ ചേന്നര വി.വി.യു.പി സ്കൂളില്‍ അധ്യാപകനായി പ്രവേശിച്ചത് മുതല്‍ ശിശുകേന്ദ്രീകൃത പഠനത്തിനാണ് ഇദ്ദേഹം മുന്‍തൂക്കം നല്‍കിയിരുന്നത്. പഠനോപകരണങ്ങളിലൂടെ പഠനം ഉല്ലാസകരമാക്കുന്ന രീതിയിലാണ് ക്ലാസ്മുറികൾ സജ്ജീകരിച്ചിട്ടുള്ളത്.
കുട്ടികളിലെ പഠനം മികവുറ്റതാക്കാന്‍ പഠനോപകരണങ്ങള്‍ക്കുള്ള പങ്ക് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ച അധ്യാപകനായിരുന്നു. 20 വര്‍ഷമായി ഗണിത അധ്യാപകനായിരുന്ന ഇദ്ദേഹം ഒറിഗാമി പോലെയുള്ള പഠനോപകരണങ്ങളുടെ സംസ്ഥാനതല പരിശീലകനാണ്. ഇത്തവണ നവ അധ്യാപകര്‍ക്കായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല ക്യാമ്പിലെ പരിശീലകനുമായിരുന്നു. തിരൂര്‍ ബി.ആര്.സിയില്‍ അഞ്ച് വര്‍ഷം ട്രെയിനറായും എസ്.എസ്.കെ സ്റ്റേറ്റ് റിസോഴ്സ് പേഴ്സനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യമായി മുട്ടനൂര്‍ ജി.എല്‍.പി സ്കൂളില്‍ നടപ്പാക്കിയ മാതൃക പ്രീപ്രൈമറി സ്കൂള്‍ പദ്ധതിയുടെ ചുക്കാന്‍ പിടിച്ചത് മണികണ്ഠനായിരുന്നു. എസ്.ഇ.ആര്.ടി പരിശീലക സംഘത്തിലെ സംസ്ഥാനതല അംഗമാണ്. ജനകീയാസൂത്രണ പദ്ധതിയുടെ കീ റിസോഴ്സ് പേഴ്സനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല സെക്രട്ടറിയാണ്. 32 വര്‍ഷത്തെ അധ്യാപക ജീവിതത്തിന് ശേഷം കഴിഞ്ഞ മേയ് 31ന് സർവിസില്‍നിന്ന് വിരമിച്ചു. പരേതരായ കൗസല്യ, കുഞ്ഞിമോന് എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: വി.ബി. സജിത (അധ്യാപിക, പുറത്തൂര്‍ ജി.എച്ച്.എസ്.എസ്). മക്കള്‍: അതുല്യ, അപര്‍ണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.