വെയ്റ്റ് എ മിനുറ്റ് !
text_fieldsഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള റാപ്പർമാരിൽ ഒരാളാണ് ഇപ്പോൾ ഹനുമാൻകൈൻഡ്. സമൂഹ മാധ്യമങ്ങളിൽ വൈറലായ സൂരജിന്റെ ‘ബിഗ് ഡൗഗ്‌സ്’ എട്ടു കോടിയിലധികം പേർ കണ്ടുകഴിഞ്ഞു
മരണക്കിണറിൽ വിസ്മയം തീർത്ത് ഒരു റാപ് ഗാനം പുറത്തിറങ്ങി, ആൽബത്തിന്റെ പേര് ബിഗ് ഡൗഗ്സ്. യൂട്യൂബിലും സ്പോട്ടിഫൈയിലും പാട്ട് വൈറലായതോടെ അത് സൃഷ്ടിച്ച റാപ്പറെ തേടിയായി ആരാധകരുടെ യാത്ര. ‘ഹനുമാൻകൈൻഡ്...’ പേരിൽതന്നെ കൗതുകം തീർത്തൊരു റാപ്പർ. പേരിലെ ഹനുമാൻ എന്ന വാക്കുകൊണ്ടുതന്നെ ഇന്ത്യക്കാരനാണോ? എന്നതായി സംശയം. അധികം തിരയുന്നതിനുമുമ്പേ തന്നെ നല്ല അസ്സൽ മലപ്പുറം മലയാളം പറയുന്ന സൂരജ് ചെറുകാട് എന്ന റാപ്പറെ കണ്ടെത്തി.
ലോകത്തെവിടെ പോയാലും ഒരു മലയാളിയെ കാണാൻ സാധിക്കുമെന്ന് പറയുന്നതുപോലെ റാപ്പ് സംഗീതത്തിൽ ലോകത്തിനു മുമ്പിൽ മലയാളിയുടെ പേര് എഴുതി ചേർത്തിരിക്കുകയാണ് സൂരജ് ചെറുകാട്. ചിലർ കരുതുന്നതുപോലെ ഹനുമാൻകൈൻഡും ഹനുമാനുമായി ബന്ധമൊന്നുമില്ലെന്ന് സൂരജ് തന്നെ പറയുന്നു. രണ്ട് വാക്കുകൾ സൂരജ് തന്റെ സംഗീതത്തിലേക്ക് ചേർത്തുവെച്ചപ്പോൾ ‘ഹനുമാൻകൈൻഡ്’ എന്ന വൈറൽ പേര് ജനിക്കുകയായിരുന്നു.
ലോകത്തെ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള റാപ്പർമാരിൽ ഒരാളാണ് ഇപ്പോൾ ഹനുമാൻകൈൻഡ്. സമൂഹ മാധ്യമങ്ങളിൽ വൈറലായ സൂരജിന്റെ ‘ബിഗ് ഡൗഗ്‌സ്’ റാപ്പ് സോങ് എട്ടു കോടിയിലധികം പേർ യൂട്യൂബിലൂടെ കണ്ടുകഴിഞ്ഞു. ബിജോയ് ഷെട്ടിയാണ് ബിഗ് ഡൗഗ്സിന്റെ സംവിധായകൻ.
മരണക്കിണറിന്റെ പശ്ചാത്തലത്തിൽ തയാറാക്കിയിരിക്കുന്ന ഈ വിഡിയോ റാപ് ഗാനം ഇരുപത് മിനിറ്റുകൊണ്ടെഴുതി ഇരുപത് മിനിറ്റുകൊണ്ട് റെക്കോഡ് ചെയ്തതാണ്. യൂട്യൂബിലും സ്പോട്ടിഫൈയിലുമെല്ലാം പല പ്രമുഖരെയും ഹനുമാൻ കൈൻഡിന്റെ ബിഗ് ഡൗഗ്സ് മറികടന്നുകഴിഞ്ഞു. മരണക്കിണറിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലും കാറിലും സ്റ്റണ്ട് നടത്തിയാണ് ഹനുമാൻകൈൻഡിന്റെ ഈ റാപ്പ് സോങ് അവതരിപ്പിച്ചിരിക്കുന്നത്.
റാപ്പിന്റെ ചടുലതപോലെത്തന്നെയാണ് സൂരജിന്റെ ജീവിതവും. മലയാളിയായാണ് ജനനമെങ്കിലും സൂരജ് വളർന്നത് അമേരിക്കയിലെ ഹൂസ്റ്റണിലാണ്. ബിരുദത്തിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ സൂരജ് പിന്നീട് കോയമ്പത്തൂരിലും മറ്റുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ജോലികിട്ടിയശേഷം ഒഴിവുസമയങ്ങളിൽ റാപ് സംഗീതത്തിന്റെ ലോകത്തേക്ക് കടന്നു. റാപ് ആണ് വഴിയെന്ന് മനസ്സിലാക്കിയപ്പോൾ മുതൽ ഫുൾടൈം റാപ്പർ ആയി. ചെറിയ ഇവന്റുകളിലൂടെ ആളുകളുടെ മനസ്സിലിടംപിടിച്ചു. റാപ്പിൽ തന്റേതായ സ്റ്റൈൽ കണ്ടെത്തിയ സൂരജ് പിന്നീട് ‘ഹനുമാൻകൈൻഡ്’ ആയിമാറി. ‘കളരി’യായിരുന്നു ഹനുമാൻകൈൻഡിന്റെ ശ്രദ്ധനേടിയ ആദ്യ ആൽബം. റഷ് അവർ, ഗോ ടു സ്ലീപ് മുതൽ നിരവധി ആൽബങ്ങളിലൂടെ ഹനുമാൻകൈൻഡ് പ്രേക്ഷകരുടെ ഇഷ്ട താരമായി. ‘ആവേശം’ എന്ന മലയാള സിനിമയിലെ ‘ദ ലാസ്റ്റ് ഡാൻസി’ലൂടെ മലയാളികൾക്കിടയിലും താരമായി. മലയാളികൾ റാപ്പിനൊപ്പം സഞ്ചരിച്ചു തുടങ്ങിയിട്ടേയുള്ളൂ. ഈ സമയത്താണ് ഒരു മലയാളിതന്നെ റാപ് സംഗീതലോകത്തിന്റെ നെറുകയിലേക്ക് നടന്നുകയറുന്നത്. അതിനിടെ ആഷിഖ് അബു സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തിലൂടെ ഹനുമാൻകൈൻഡ് വെള്ളിത്തിരയിലേക്ക് എത്തുമെന്ന റിപ്പോർട്ടുകളും വന്നുകൊണ്ടിരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.