കാട്ടിലേക്കുള്ള വഴി
text_fieldsമൂന്നു മാസത്തിനിടെ രണ്ടു കടുവാ ആക്രമണങ്ങളെ സാഹസികമായി അതിജീവിച്ച വനപാലകനാണ് വയനാട് സ്വദേശി ശശികുമാർ. മൂന്നര പതിറ്റാണ്ട് നീണ്ട വനജീവിതത്തിൽ നിരവധി അപകടങ്ങളിൽപെട്ടിട്ടുണ്ടെങ്കിലും ഏറ്റവും ഭയാനകമായത് വിരമിക്കാൻ ദിവസങ്ങൾ അവശേഷിക്കേ അഭിമുഖീകരിച്ച ആ ജീവന്മരണ പോരാട്ടങ്ങളാണ്...
കടുവയെ കാടിനുള്ളിലേക്ക് തുരത്തി പിന്തിരിഞ്ഞ് നടക്കുകയായിരുന്നു അവർ ആറുപേരും. അപ്പോഴാണവൻ കുതിച്ചുവരുന്നത്. പ്രാണഭയത്താൽ എല്ലാവരും ഓടിയപ്പോൾ രണ്ടുപേർ മാത്രം ബാക്കിയായി. കടുവയുടെ കടിയേറ്റത് ശശികുമാറിന്‍റെ തലയിൽ. റോയൽ എൻഫീൽഡ് ഹെൽമറ്റും തുളച്ചിറങ്ങിയ നഖം തലക്കും ചെവിക്കുമിടയിലാണ് മുറിവേൽപിച്ചത്. ഇതിെൻറ ആഘാതത്തിൽ കുറച്ചുസമയം ചുറ്റും ഇരുട്ടുപടർന്നു.
വീണ്ടുമൊരിക്കൽകൂടി കടുവയുടെ ആക്രമണം നേരിട്ടു. ചെമ്പരത്തി വേലിക്കപ്പുറത്തുനിന്നും കടുവ കുതിച്ചുചാടിയ നിമിഷത്തിൽ തലയൊന്ന് വെട്ടിക്കാൻ കഴിഞ്ഞതുകൊണ്ട് മാത്രം ജീവൻ തിരിച്ചുകിട്ടി. കൂർത്ത പല്ലുകൾ കഴുത്തിന് പകരം ഇടത് തോളെല്ലിലാണ് ആഴ്ന്നിറങ്ങിയത്. കടിയേറ്റ് നുറുങ്ങിയ ശശികുമാറിെൻറ തോളെല്ല് പൂർവസ്ഥിതിയിലാക്കാൻ 24 ദിവസത്തെ ആശുപത്രി വാസം വേണ്ടിവന്നു.
ഇക്കഴിഞ്ഞ മേയ് 31ന് സർവിസിൽനിന്ന് വിരമിച്ച ജനകീയ വനപാലകൻ ടി. ശശികുമാർ 78 ദിവസങ്ങൾക്കിടെ രണ്ടു കടുവ ആക്രമണങ്ങളിൽനിന്നാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. ട്രൗസർ യൂനിഫോമിടുന്ന ഫോറസ്റ്റ് ഗാർഡായി തുടങ്ങി വയനാട് ചെതലയത്ത് റേഞ്ച് ഓഫിസറായി വിരമിക്കുന്നതിനിടെ അനവധി അപകടങ്ങളിൽപെട്ടിട്ടുണ്ടെങ്കിലും ഏറ്റവും ഭയാനകമായത് വിരമിക്കാൻ ദിവസങ്ങൾ അവശേഷിക്കേ അഭിമുഖീകരിക്കേണ്ടിവന്ന ആ രണ്ടു ജീവൻമരണ പോരാട്ടങ്ങളാണ്. തോളെല്ലിൽ സ്റ്റീൽ ഘടിപ്പിച്ച വേദനയുമായി ഇരിക്കുേമ്പാഴും നടുങ്ങുന്ന ആ ഒാർമകൾ അദ്ദേഹം പങ്കുവെച്ചു.
2020 ഒക്ടോബർ 24
വയനാട് ചെതലയത്ത് ഫോറസ്റ്റ് റേഞ്ച് പരിധിയിൽപെട്ട പുൽപള്ളി പനങ്കൊല്ലിയിലെ കർഷക െൻറ പശുവിനെ കടുവ കൊന്നുവെന്നാണ് ഓഫിസിൽ അറിയിപ്പ് ലഭിച്ചത്. വനവുമായി അതിർത്തി പങ്കിടുന്ന 50 സെൻറ് സ്ഥലമുള്ള വീട്ടിലെ പശുവിനെയാണ് കൊന്നത്. ശശികുമാറിെൻറ നേതൃത്വത്തിൽ വനപാലകരെത്തി കാമറ ഘടിപ്പിച്ച് പ്രദേശത്ത് നിരീക്ഷണം ആരംഭിച്ചു. രണ്ടുദിവസത്തേക്ക് കടുവയെ കാണാനില്ലായിരുന്നു. മൂന്നാം നാൾ കണ്ടതായി വിവരം ലഭിച്ചു. വൈകീട്ട് നാലുമണിയോടെ കാടുപിടിച്ച പറമ്പിലെത്തി പരിശോധിച്ചപ്പോൾ കടുവ കുറ്റിക്കാട്ടിൽ പതുങ്ങിയതായി കണ്ടെത്തി. എങ്ങനെ ഓടിക്കാമെന്ന ചർച്ചക്കിടെ മഴപെയ്തു. സംഘത്തെ നയിക്കുന്ന ശശികുമാർ ഒഴികെയുള്ളവർ ജാക്കറ്റടക്കം സുരക്ഷ ഉപകരണങ്ങൾ ധരിച്ചിരുന്നു.
തലയിൽ മഴകൊള്ളാതിരിക്കാൻ സഹപ്രവർത്തകെൻറ ഹെൽമറ്റും ധരിച്ച് പുറത്തിറങ്ങി. രണ്ടുതവണ, ചൈനീസ് പടക്കമായ ബസൂക്ക പോലുള്ളവ പൊട്ടിച്ചും സൗണ്ട് ഗൺ പ്രവർത്തിപ്പിച്ചും ബഹളമുണ്ടാക്കിയുമെല്ലാം കടുവയെ ഓടിക്കാൻ ശ്രമിച്ചു. അതുവരെ കൂടെയുണ്ടായിരുന്ന നാട്ടുകാരെയെല്ലാം ആ ഭാഗത്തുനിന്നും മാറ്റി വീണ്ടും ശ്രമിച്ചപ്പോൾ, ഒന്നര കിലോമീറ്ററോളം സ്വകാര്യ വ്യക്തികളുടെ ഭൂമിയിലൂടെ സഞ്ചരിച്ച കടുവയെ അവസാനം ട്രഞ്ചിനപ്പുറത്തുള്ള കാട്ടിൽ കയറ്റി. ട്രഞ്ച് കടന്ന് 200 മീറ്ററോളം വനത്തിനുള്ളിലേക്ക് ഓടിച്ചു. ഇനിയും മുന്നോട്ടുപോവുന്നത് അപകടമാണെന്നു തോന്നിയതിനാൽ തിരിച്ചുവരവേ വെറുതെ തിരിഞ്ഞു നോക്കിയതായിരുന്നു. കാണുന്നത് കുതിച്ചുവരുന്ന കടുവയെ.
രണ്ടു കുതിപ്പിന് മുന്നിലെത്തിയ കടുവ ശശികുമാറിെൻറ തലയിൽ കടിച്ചു. ആ ആഘാതത്തിൽ കുറച്ചുസമയത്തേക്ക് ചുറ്റും ഇരുട്ടായി മാറി. കണ്ണിൽ വെളിച്ചം വീണപ്പോൾ കാണുന്നത് അരികിൽ വീണുകിടക്കുന്ന സഹപ്രവർത്തകൻ ജോർജ് മാനുവലിനെ കടിക്കുന്ന കടുവയെ. ജാക്കറ്റ് ധരിച്ചതിനാൽ ശരീരത്തിൽ കടി ഏറ്റിരുന്നില്ല. കൈയിലുണ്ടായിരുന്ന തോക്കിെൻറ പാത്തികൊണ്ട് ശശികുമാർ കുത്തിയപ്പോൾ, മാനുവലിെൻറ ഒരു കാലിലെ ബൂട്ട് കടിച്ചെടുത്ത് കടുവ സാവധാനം കാട്ടിലേക്ക് തിരിച്ചുപോയി. ഭക്ഷണമായി കാലു കിട്ടിയെന്ന ധാരണയിലായിരിക്കാം പിന്തിരിഞ്ഞത്.
കടിയുടെ ശക്തിയിൽ, ധരിച്ചിരുന്ന ഹെൽമറ്റിനുള്ളിലേക്ക് പല്ല് തുളഞ്ഞുകയറിയാണ് തലക്കും ചെവിക്കുമിടയിൽ മുറിവേറ്റത്. ചാടിവീണതിെൻറ ആഘാതവും മരണഭയവും ഉത്കണ്ഠയുമെല്ലാം കാരണം ആ സമയത്ത് വേദന അറിഞ്ഞിരുന്നില്ല. കൈക്കും മാന്ത് കിട്ടിയിരുന്നു. കാലിൽ മുറിവേറ്റ മാനുവലിനെ ശശികുമാർ ഉൾപ്പെടെയുള്ളവർ എടുത്തുകൊണ്ടുപോവുേമ്പാഴാണ് ചെവിയുടെ ഭാഗത്തുനിന്ന് ചോരയൊഴുകുന്നത് മറ്റുള്ളവർ കാണുന്നത്. കാലിലെ മുറിവുണങ്ങാൻ പത്തു ദിവസം ആശുപത്രിയിൽ കിടക്കേണ്ടിവന്നു. കടുവ ഒരാഴ്ചക്കുശേഷം എട്ടുകിലോമീറ്റർ അകലെ കാട്ടിൽ ചത്തുകിടക്കുന്നതായി കണ്ടെത്തി. 12 വയസ്സുള്ള കടുവയായിരുന്നു. പരമാവധി 15 വയസ്സുവരെയാണ് കടുവകൾ ജീവിക്കാറുള്ളത്.
2021 ജനുവരി 10
വയനാട് മുള്ളൻകൊല്ലി പഞ്ചായത്തിലെ സീതാമൗണ്ട് കൊളവള്ളിയിൽ 15 ദിവസത്തോളമായി കടുവഭീതിയിലായിരുന്നു നാട്ടുകാർ. നിറയെ വീടുകളുള്ള പ്രദേശം. ഒരു കിലോമീറ്റർ കഴിഞ്ഞാൽ എത്തുന്ന പുഴക്ക് അക്കരെ കർണാടക വനം. അവിടെനിന്ന് പലപ്പോഴും കടുവകൾ ഇങ്ങോട്ട് എത്താറുണ്ട്. ഈ കടുവ ദിവസങ്ങളായി ജനവാസകേന്ദ്രത്തിൽ തമ്പടിച്ചുവരുകയായിരുന്നു. രാത്രിയും പകലും പട്രോളിങ് നടത്തി. കാട്ടിലേക്ക് ഓടിക്കാൻ രണ്ടുതവണ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. ഇതോടെ, നാട്ടുകാർ വൻ പ്രതിഷേധത്തിലായി. അടുത്ത ദിവസം ഒരു കർഷകൻ കടുവയുടെ മുന്നിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇതറിഞ്ഞാണ് ഉച്ചയോടെ ശശികുമാറും 22 പേരും അങ്ങോട്ട് പോയത്. അവിടെയെത്തി മൂന്നു സംഘങ്ങളായി തിരിഞ്ഞു.
ഒരു കൂട്ടർ കടുവയെ കണ്ടെത്തി. ഫോണിലൂടെ എവിടെയാണെന്ന് അവരോട് അന്വേഷിക്കുന്നതിനിടയിലാണ് തൊട്ടടുത്ത ചെമ്പരത്തി വേലിയിലൂടെ കടുവ ശശികുമാറിെൻറ ശരീരത്തിലേക്ക് ചാടിയത്. സാധാരണ കഴുത്തിനാണ് പിടിക്കാറുള്ളത്. ഭാഗ്യത്തിന് തലയൊന്ന് വെട്ടിച്ചതിനാൽ കൂർത്ത ദംഷ്ട്ര പതിച്ചത് ഇടതു തോളിൽ. ആ ശക്തിയിൽ നിലത്തുവീണുപോയി. കടുവയെക്കണ്ടപ്പോൾ മറ്റുള്ളവർ ഓടിയെങ്കിലും പെട്ടെന്നുതന്നെ തിരിച്ചുവന്നു ബഹളമുണ്ടാക്കി, കല്ലെടുത്തെറിഞ്ഞതോടെ അവൻ പതിയെ പിൻവാങ്ങി. പുൽപള്ളിയിലെ ആശുപത്രിയിൽനിന്ന് പ്രാഥമിക ചികിത്സക്കുശേഷം ബത്തേരിയിലേക്ക് കൊണ്ടുപോയി. തോളെല്ലിന് പൊട്ടലുള്ളതുകാരണം മേപ്പാടി വിംസ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നു പല്ലുകൾ ആഴ്ന്നിറങ്ങിയിരുന്നു.
സാധാരണ മാംസം കടിച്ചെടുക്കാറാണ് കടുവകളുടെ പതിവെങ്കിലും ഭാഗ്യത്തിന് അതുണ്ടായില്ല. ഒരു പല്ല് തട്ടിയാണ് എല്ല് നുറുങ്ങിയത്. എല്ലിൽ സ്റ്റീൽ ഘടിപ്പിക്കുന്ന ഓപറേഷന് വിധേയനായി 22 ദിവസം ആശുപത്രിയിൽ കിടക്കേണ്ടിവന്നു. ആ കടുവക്ക് എന്തോ അസുഖവും കഴുത്തിന് ചെറിയ പരിക്കുമുണ്ടായിരുന്നു. അതിനാലാണ് ഇരയെ ഓടിച്ചിട്ട് പിടിക്കാൻ കഴിയാത്ത അവസ്ഥയിലായത്. അപകടദിവസംതന്നെ കണ്ണൂരിൽനിന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിൽ വൻ സംഘം എത്തി കടുവയെ പുഴക്ക് അക്കരെ വനത്തിലേക്ക് തുരത്തി. പിന്നീട് അതിനെ കർണാടക വനപാലകർ കൂടുവെച്ച് പിടിച്ചുവെന്നാണ് അറിഞ്ഞത്. എട്ടുവയസ്സുള്ള കടുവയായിരുന്നു.
വയനാട് ജില്ലയിൽ വനം വകുപ്പിെൻറ കണക്കുപ്രകാരം 150 കടുവകളുണ്ട്. ഒറ്റനോട്ടത്തിൽ ഒരേപോലെ തോന്നുമെങ്കിലും കടുവയുടെ വയറിെൻറ ഭാഗത്തെ വരകൾ, കാൽപാട്, മുഖത്തെ മീശയുടെെയാക്കെ ആകൃതി എന്നിവെയാക്കെ നിരീക്ഷിച്ചാൽ ഓരോ കടുവയേയും തിരിച്ചറിയാൻ കഴിയും. സർവിസിനിടെ ആനയാക്രമണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട അനുഭവവും ഇൗ വനപാലകനുണ്ട്. വനത്തിൽനിന്ന് 13 കിലോമീറ്റർ സഞ്ചരിച്ച് പനമരം നീർവാരത്തെ ജനവാസകേന്ദ്രത്തിലെത്തിയ ആനകളെ തുരത്തുന്നതിനിടെയാണ് ശശികുമാറും സംഘവും സഞ്ചരിച്ച ജീപ്പ് കൊമ്പൻ ആക്രമിച്ചത്. ജീപ്പ് മറിച്ചിടാനായിരുന്നു ശ്രമം. മുന്നിലെ ഡോർ തുറന്ന് ഓടാൻ കഴിഞ്ഞതിനാലാണ് അന്ന് രക്ഷപ്പെടാനായത്. 13 കിലോമീറ്ററോളം ഓടിച്ചിട്ടുണ്ടായ ദേഷ്യത്തിലാണ് ആന വന്ന് ജീപ്പ് ആക്രമിച്ചത്. പിന്നെ ശ്രമകരമായി കാട്ടിലേക്ക് കയറ്റിവിട്ടു.
കാടറിഞ്ഞുള്ള ജീവിതം
കാട്ടിലൂടെ നടക്കുേമ്പാൾ ശരിക്ക് ഭക്ഷണം പോലും വേണ്ടിവരില്ല. എങ്ങും പച്ചപ്പാവുേമ്പാൾ കണ്ണിന് തെളിഞ്ഞ കാഴ്ച ലഭിക്കും. അന്നൊക്കെ കാടിനെ തൊട്ടറിഞ്ഞ് ഓരോ മുക്കുംമൂലയും പഠിച്ചായിരുന്നു യാത്ര. ആന, കടുവ, പുലി, കരടി എന്നിവയൊക്കെയാണ് ആക്രമിക്കുമോയെന്ന് ഭയക്കേണ്ടവ. എന്നാൽ, കാടിനുള്ളിൽനിന്ന് ഒരിക്കലും ആക്രമണം ഏൽക്കേണ്ടിവന്നിട്ടില്ല. ആക്രമിക്കുകയാണെങ്കിൽതന്നെ അവ ഭയപ്പെട്ട് സ്വയരക്ഷക്ക് വേണ്ടിയായിരിക്കും.
കാട്ടിൽ മൂന്നു കടുവകളെയൊക്കെ തൊട്ടടുത്ത് ഒരുമിച്ച് കണ്ടിട്ടുണ്ട്. അവ വിശന്നാൽ മാത്രം ഭക്ഷണം കഴിക്കുന്ന ജീവിയാണ്. വിശക്കുേമ്പാഴേ ഇരതേടൂ. വളരെ അപൂർവമായേ കാട്ടിനുള്ളിൽനിന്ന് ആക്രമണമേൽക്കേണ്ടി വരാറുള്ളു. മൃഗങ്ങൾ അരികത്തുണ്ടോയെന്ന് ഗന്ധത്തിലൂടെ, ശബ്ദത്തിലൂടെയൊക്കെ മനസ്സിലാക്കാനാവും. വനത്തിനുള്ളിൽ വാഹനത്തിൽ പോവുേമ്പാൾ മൃഗങ്ങൾ മുന്നിൽപെട്ടാൽ അവ പോവുന്നതുവരെ കാത്തുനിൽക്കും.
വനത്തോട് ചേർന്ന ഇടങ്ങളിലാണ് വന്യജീവികൾ ഇറങ്ങുന്നത്. ഇത് തടയൽ നിലവിൽ വളരെ പ്രയാസകരമാണ്. ഓരോ വിളകളുടെയും സീസൺ ആനകൾക്ക് കൃത്യമായി അറിയാം. അവ ആ സമയത്ത് എങ്ങനെയും എത്തും. വൈദ്യുതി വേലി തകർത്തും റെയിൽ ഫെൻസിങ് ചാടിയും മതിൽ ചാടിയുംവരെ തോട്ടങ്ങളിലെത്തും. തുമ്പികൈ നിലത്ത് കുത്താൻ കഴിയുന്ന ഇടമാണെങ്കിൽ ആനകൾ ചാടിയിറങ്ങും. ഉണക്കക്കമ്പുകൊണ്ട് അടിച്ച് വൈദ്യുതി വേലി തകർത്തിട്ടുണ്ട്. വേലിക്കിടയിലെ ഗ്യാപ് കണ്ടെത്തി തകർത്തിട്ടുണ്ട്.
വേലിക്കാലിന് പകരം മരത്തിലേക്ക് കണക്ഷൻ കൊടുത്തപ്പോൾ മരം തള്ളിയിടാൻ തുടങ്ങി. കൊമ്പുപയോഗിച്ച് വേലി തകർക്കും. തൂക്കുവേലിയും തകർക്കുന്നുണ്ട്. പുതുതായി അവതരിപ്പിക്കപ്പെട്ട മാങ്കുളം മോഡൽ വേലി പൊളിച്ച അനുഭവവുമുണ്ട്. കാടും നാടും വേർതിരിക്കലാണ് ശാശ്വത പരിഹാരം. ഇത് പ്രയാസമായ ഭൂപ്രകൃതികളുള്ളിടത്ത് പരിഹാരം എളുപ്പമല്ല. വനത്തിന് സമീപമുള്ളവർ സ്വമനസ്സാലെ വീടൊഴിയുകയാണെങ്കിൽ അവർക്ക് നഷ്ടപരിഹാരം നൽകുന്ന പദ്ധതിയുണ്ട്. ഇത് കാര്യക്ഷമമായി നടപ്പാക്കിയാൽ ഒരു പരിധിവരെ കാടും നാടും വേർതിരിക്കാൻ കഴിഞ്ഞേക്കും.
കാടിന് മേലുള്ള മനുഷ്യെൻറ കൈകടത്തലാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം. കുറുക്കൻമാർ ഇല്ലാതായത് പന്നിശല്യത്തിന് കാരണമായി. കീടനാശിനികളുടെയൊക്കെ അമിതോപയോഗമാണ് കുറുക്കൻമാർ ഇല്ലാതാവാൻ കാരണമായത്. പന്നി പ്രസവിക്കുന്ന 12ഓളം കുഞ്ഞുങ്ങളിൽ അധികയെണ്ണത്തിനെയും കുറുക്കൻമാർ ഭക്ഷിക്കും. അതിനാൽ പന്നികൾ പെറ്റുപെരുകുന്നത് നിയന്ത്രിക്കപ്പെട്ടിരുന്നു. കുറുക്കൻമാർ ഇല്ലാതായതോടെ പന്നികൾ അനിയന്ത്രിതമായി പെരുകി കർഷകർക്ക് വൻ ശല്യമായിത്തുടങ്ങി. കുറുക്കന് ഇഷ്ടപ്പെട്ട ആഹാരങ്ങളിൽ ഒന്നാണ് ഞണ്ടുകൾ. കൃഷിയിടത്തിലെ ഞണ്ടുകളിൽനിന്നുള്ള കീടനാശിനി കുറുക്കൻമാരുടെ അന്തകനാവുകയായിരുന്നു.
ജനപിന്തുണയോടെ മാത്രമേ വനം സംരക്ഷിക്കാനാകൂ. വാർഡ്തലത്തിൽ ജനകീയ കൂട്ടായ്മകളുണ്ടാകണം. സർക്കാറിെൻറ പഞ്ചായത്തുതലത്തിലുള്ള ജനജാഗ്രത സമിതികളുടെ പ്രവർത്തനം വാർഡ്തലത്തിലാക്കണം. സമൂഹമാധ്യമ കൂട്ടായ്മകൾ രൂപവത്കരിച്ചും നിശ്ചിത ഇടവേളകളിൽ യോഗം ചേർന്നും കാര്യങ്ങൾ വിശകലനം ചെയ്യണം. ജനങ്ങൾക്കും വനപാലകർക്കും പറയാനുള്ള കാര്യങ്ങൾ പരസ്പരം പങ്കുവെക്കാനുള്ള ഇടങ്ങളായി ഈ സമിതികൾ മാറണം. ജനപ്രതിനിധികൾ ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കുമിടയിലെ മധ്യവർത്തികളായി മാറണം. ആവശ്യമായ കാര്യങ്ങൾ ഇൗ തട്ടിൽതന്നെ നടപ്പാക്കി സാധിക്കാത്തവ മാത്രം ഉന്നതാധികാരികൾക്ക് കൈമാറുന്ന സംവിധാനം രൂപപ്പെടണം.
നടപ്പാകേണ്ടത് ഗാഡ്ഗിൽ റിപ്പോർട്ട്
മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് മലയാളത്തിലാക്കി, പരിസ്ഥിതിലോല പ്രദേശങ്ങളിലെ എല്ലാ ജനങ്ങളെയും ബോധവത്കരിക്കാൻ സർക്കാറിന് കഴിഞ്ഞിരുന്നുവെങ്കിൽ എതിർപ്പ് ഇല്ലാതാക്കാൻ കഴിയുമായിരുന്നുവെന്ന് 36 വർഷം കാടിനോടിണങ്ങി ജീവിച്ച ഈ വനപാലകൻ പറയുന്നു. വിഷയത്തെപ്പറ്റി വലിയ ധാരണയില്ലാതെയാണ് പലരും റിപ്പോർട്ടിനെതിരെ പ്രതികരിച്ചത്. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ശശികുമാർ, ചാലിയം റിവർ ചെക്ക്പോസ്റ്റിലെ െഡപ്യൂട്ടി റേഞ്ചറായിരുന്ന അച്ഛൻ രാധാകൃഷ്ണ െൻറ മരണശേഷമാണ് സർവിസിൽ പ്രവേശിക്കുന്നത്. ആദ്യ നിയമനം ഫോറസ്റ്റ് ഗാർഡായി 1985ൽ കുറ്റ്യാടി റേഞ്ചിൽ. 1988വരെ അവിടെ തുടർന്നു. പിന്നീട് പ്രമോഷനായി അട്ടപ്പാടി, കണ്ണവം, മൂവാറ്റുപുഴ, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ചശേഷം വയനാട്ടിേലക്ക്. കൽപറ്റ, മേപ്പാടി, കുറിച്യാട്, മുത്തങ്ങ, ചെതലയത്ത് റേഞ്ചുകളിലായി കാടുമായി ഇണങ്ങിയ ജീവിതം.
വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഓഫ് ഇന്ത്യ, എ.ബി.എൻ ആംറോ സാങ്ച്വറി അവാർഡുകൾ നേടി. ഇപ്പോൾ സുൽത്താൻ ബത്തേരി െദാട്ടപ്പൻകുളത്താണ് താമസം. ഭാര്യ കേണിച്ചിറ സ്വദേശി ജയമോൾ. ഫോറൻസിക് സയൻസ് ബിരുദാനന്തര ബിരുദധാരി ഐശ്വര്യ, പ്ലസ് ടു വിദ്യാർഥി അദ്വൈത് എന്നിവർ മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.