പരിഹാസം കൂടി, ആൽബർട്ട് കുറച്ചത് 32 കിലോ ഭാരം
text_fieldsദുബൈ: തടിയൻ എന്ന വിളിപ്പേരും പരിഹാസവുമെല്ലാം കേട്ടുമടുത്തപ്പോൾ ആൽബർട്ട് ഒരു കാര്യം മനസ്സിലുറപ്പിച്ചു 'തടി കുറച്ചിട്ടുതന്നെ കാര്യം'. ഒന്നര വർഷത്തെ കഠിന പരിശ്രമത്തിനൊടുവിൽ പത്തനംതിട്ട കോന്നി സ്വദേശി ആൽബർട്ട് ഗോൾഡൻ കുറച്ചത് 32 കിലോ. 120 കിലോയിൽനിന്ന് 88 കിലോയിലേക്കായിരുന്നു ആൽബർട്ടിന്റെ തടി ചുരുങ്ങിയത്.
ദുബൈയിൽ 14 വർഷമായി ജോലിചെയ്യുന്ന ആൽബർട്ട് 2020 ഒക്ടോബറിലാണ് തടികുറക്കൽ യജ്ഞത്തിലേക്ക് കടന്നത്. തടി കൂടിയത് മാനസികമായി തളർത്തിയിരുന്നു. വിവാഹ ആലോചനകൾ പോലും മുടങ്ങി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ കഴിഞ്ഞില്ല. ക്ഷീണവും അലസതയും കൂടി. സുഹൃത്തുക്കൾപോലും കളിയാക്കി. ചിട്ടയില്ലാത്ത ഭക്ഷണവും ജീവിതശൈലിയുമായിരുന്നു അമിതവണ്ണത്തിന് കാരണം. ഇത് മനസ്സിലാക്കിയതോടെയാണ് ആൽബർട്ട് തടികുറക്കാൻ തുനിഞ്ഞിറങ്ങിയത്. ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക എന്നതായിരുന്നു ആദ്യം ചെയ്തത്. ജങ്ക് ഫുഡ്, വറുത്തത്, പൊരിച്ചത് എല്ലാം പൂർണമായും ഒഴിവാക്കി. ധാരാളം വെള്ളം കുടിക്കാൻ തുടങ്ങി. കാർബോ ഹൈഡ്രേറ്റുള്ള ഭക്ഷണങ്ങൾ പരമാവധി കുറച്ചു. മധുരം പൂർണമായി ഒഴിവാക്കി. ഇതിനെല്ലാം പുറമെ ചിട്ടയായ വ്യായാമവും തുടങ്ങി. അതുവരെ ജിമ്മിൽ പോയിരുന്നില്ല. ആദ്യമായി ജിമ്മിൽ പോയിത്തുടങ്ങി. പേഴ്സനൽ ട്രെയിനറുടെ നിർദേശ പ്രകാരം ഡയറ്റുകൾ മാറ്റി. നാലു മാസം കഴിഞ്ഞപ്പോഴേക്കും ഭാരം കുറഞ്ഞുതുടങ്ങി. ഒന്നര വർഷത്തിനിപ്പുറം 32 കിലോ കുറച്ച് ചുള്ളനായതിന്റെ ആഹ്ലാദത്തിലാണ് ആൽബർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.