കാട്ടുമൃഗങ്ങൾക്കറിയില്ലല്ലോ ഈ ജീവന്റെ വില
text_fieldsകൽപറ്റ: വയനാട്ടിലെ വന്യജീവി പരാക്രമത്തിൽ ജീവനും ജീവിതവും നഷ്ടപ്പെടുന്നവർക്കിടയിൽ, ജീവിക്കുന്ന രക്തസാക്ഷിയാണ് സി.കെ. സഹദേവൻ എന്ന പൊതുപ്രവർത്തകൻ. കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആറുമാസം അബോധാവസ്ഥയിലായി മരണത്തിന്റെ വക്കിൽനിന്ന് രക്ഷപ്പെട്ട് ജീവിതം തിരികെ പിടിച്ച് കരകയറിക്കൊണ്ടിരിക്കുകയാണ് സുൽത്താൻ ബത്തേരി മുൻ നഗരസഭ ചെയർമാനായ സഹദേവൻ.
നിരന്തര ചികിത്സയും ദിവസവും മുടങ്ങാത്ത ഫിസിയോതെറപ്പിയും മാസത്തിലുള്ള പരിശോധനകളുമായി ഇനിയും തിരിച്ചുകിട്ടാത്ത ആരോഗ്യവുമായി മുന്നോട്ടുപോകുമ്പോഴും ഇടക്കിടെ അദ്ദേഹം നഗരസഭയിലുമെത്തും. നിലവിലെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായ സഹദേവന്റെ പൂർണാരോഗ്യത്തിലേക്കുള്ള തിരിച്ചുനടത്തത്തിന് അത് ഫലപ്രദമാകുമെന്ന് ഡോക്ടർ നിർദേശിക്കുകയായിരുന്നു.
2022 ഫെബ്രുവരി 14 ന് രാത്രി ഏഴുമണിക്കാണ് സഹദേവന്റെ ജീവിതം മാറ്റിമറിച്ച അപകടം സംഭവിക്കുന്നത്. വീട്ടിലേക്ക് ബൈക്കിൽ വരുമ്പോൾ ദേശീയ പാതയിൽ സുൽത്താൻ ബത്തേരിക്ക് സമീപം ദൊട്ടപ്പൻകുളത്തുവെച്ച് കുറുകെ ചാടിയ കാട്ടുപന്നി സഹദേവനെ ഇടിച്ചു താഴെയിട്ടു. വീഴ്ചയുടെ ആഘാതത്തിൽ തലക്ക് ഗുരുതര പരിക്കേറ്റു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ 28 ദിവസത്തിനുശേഷം അണുബാധയുണ്ടായി. അതോടെ ആരോഗ്യസ്ഥിതി മോശമായി. ആറു മാസത്തോളം അബോധാവസ്ഥയിലായിരുന്നു. തുടർന്നങ്ങോട്ട് ആശുപത്രികൾ മാറി മാറി ചികിത്സയുടെ നാളുകളായിരുന്നു.
ഭാര്യ ഷീജയുടെയും പഠനംനിർത്തി അച്ഛനെ പരിചരിച്ച മൂത്തമകൾ അമൃതയുടെയും ഇളയമകൾ അർച്ചനയുടെയും ബന്ധുക്കളുടെയും നിരന്തര പരിചരണത്തിനും പ്രാർഥനക്കുമൊടുവിൽ ആറുമാസത്തിന് ശേഷം അദ്ദേഹം കണ്ണുതുറന്നു. പതിയെ ജീവിതത്തിലേക്ക് നടന്നു കയറി. ഇപ്പോഴും ഓർമകൾക്ക് വരുന്ന താളപ്പിഴകളും സംസാരത്തിലെ ചെറിയ പ്രയാസവും കൂടെയുണ്ട്. വലതു ഭാഗം തല മുതൽ താഴെവരെ ശരീരത്തിന് പൂർണ ആരോഗ്യവും തിരികെ കിട്ടിയിട്ടില്ല.
ചികിത്സയുടെ ഭാഗമായി 50 ലക്ഷത്തോളം രൂപയാണ് കുടുംബത്തിന് ചെലവായത്. ബത്തേരി നഗരസഭയിലുള്ളവരും പാർട്ടിക്കാരും നാട്ടുകാരും ബന്ധുക്കളുമെല്ലാം സാമ്പത്തികസഹായവുമായി പിന്തുണച്ചു. വനംവകുപ്പ് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകി. നിലവിലുള്ള കടബാധ്യതകൾ വീട്ടാനുള്ള വഴി തേടുകയാണ് കുടുംബമിപ്പോൾ.
കാട്ടുപന്നി സഹദേവനെ ആക്രമിച്ചിട്ടില്ലെന്നായിരുന്നു വനം വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ പാർട്ടി ഭേദമെന്യേ വനംവകുപ്പിനെ ഉപരോധിച്ച സംഭവംവരെ ഉണ്ടായി. മനുഷ്യാവകാശ കമീഷൻ വരെ ഇടപെട്ടു. കാട്ടുപന്നി ഇടിച്ചതായി തെളിവില്ലെന്നായിരുന്നു ബത്തേരി ഫോറസ്റ്റ് കൺസർവേറ്റർ മനുഷ്യാവകാശ കമീഷന് നൽകിയ റിപ്പോർട്ട്. ഇതിനെതിരെ വനംമന്ത്രിയടക്കം രംഗത്തുവരുകയും ഈ റിപ്പോർട്ട് തള്ളുകയും ചെയ്തു. ഇത് പുനരന്വേഷണമടക്കമുള്ള നടപടിയിൽ കൊണ്ടെത്തിച്ചു.
കേരളത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമായി സുൽത്താൻ ബത്തേരിയെ മാറ്റിയെടുക്കാൻ സഹദേവൻ ചുക്കാൻപിടിച്ചു. നഗരത്തിൽ എത്തുന്നവർക്കു മുന്നിൽ സഹദേവനെന്ന പേര് ഓർമപ്പെടുത്തുംവിധമായിരുന്നു അത്. ഇനിയും ആരോഗ്യം മെച്ചപ്പെടുത്തി കർമനിരതനാകുമെന്ന ആത്മവിശ്വാസവും മനക്കരുത്തുമായി ജീവിതം മുന്നോട്ടു നയിക്കുകയാണ് ഈ 54കാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.