വൈകല്യത്തിലും തളരാത്ത കരവിരുതുമായി ജയെസ് മൊണ്ടല്‍
text_fieldsലോകത്ത് സ്വർണം ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന ആദ്യ അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് യു.എ.ഇ. കാച്ചിയെടുക്കുന്നത് വരെ ഇരുണ്ട നിറം പേറുന്ന ഈ ലോഹത്തിന്‍റെയത്ര മഞ്ഞളിപ്പില്ല പണിപ്പുരക്കാരുടെ ജീവിതത്തിന്. യു.എ.ഇയിലെ സ്വർണ നിർമാതാക്കളുടെ വര്‍ഷങ്ങളായുള്ള മുഖ്യ കേന്ദ്രമാണ് അജ്മാനിലെ ഇന്നത്തെ ‘പുരാന സോന ബസാര്‍’. യു.എ.ഇയിലെ സുവര്‍ണ്ണ ചരിത്രത്തില്‍ അജ്മാനിലെ സോന ബസാര്‍ വലിയ പങ്കാണ് വഹിക്കുന്നത്. പ്രമുഖ ജ്വല്ലറികളുടെ ആവശ്യത്തിനു അനുസരിച്ച് പുതിയ ഡിസൈനുകള്‍ നിർമിക്കുന്നതോടൊപ്പം സ്വന്തമായി സ്വർണം വാങ്ങി ആഭരണങ്ങള്‍ ഉണ്ടാക്കി ജ്വല്ലറികള്‍ക്ക് വില്‍ക്കുന്നതുമാണ് ഇവിടുത്തുകാരായ സ്വര്‍ണ്ണപ്പണിക്കാരുടെ പ്രധാന ജോലി. നൂറുകണക്കിന് സ്വര്‍ണ്ണപ്പണിക്കാര്‍ ജിവിതം വിളക്കിയെടുക്കുന്ന നൂറിലേറെ സ്ഥാപനങ്ങളുണ്ട് ഈ പ്രദേശത്ത്. ഈ ജോലി ചെയ്യുന്നവരില്‍ പകുതിയിലേറെ മലയാളികളാണ്. ജീവിത യാത്രയില്‍ ഈ മേഖലയും പ്രതിസന്ധികളിലൂടെ സഞ്ചരിച്ചപ്പോള്‍ നിരവധി പേരാണ് പുതിയ ലാവണങ്ങള്‍ തേടിപ്പോയതെങ്കിലും ഈ മേഖലയില്‍ ഇന്ത്യക്കാരുടെ വിശിഷ്യാ മലയാളികളുടെ അപ്രമാദിത്വം ഇന്നും നിലനില്‍ക്കുന്നു. വിത്യസ്ത തരത്തിലുള്ള ആയിരക്കണക്കിന് ഡൈ യും അനുബന്ധ മിഷീനുമടക്കം ഉപയോഗിച്ചാണ് ഇവിടങ്ങളില്‍ മഞ്ഞലോഹത്തിന്‍റെ മിനുക്ക് പണികള്‍ അരങ്ങുതകര്‍ക്കുന്നത്. ഇന്ത്യയിലെ വിവിധ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ നിന്നാണ് ആഭരണങ്ങളുടെ രൂപകല്‍പ്പനക്ക് ആവശ്യമായ ഡൈ ഇവിടേക്ക് എത്തിക്കുന്നത്. ഡൈയില്‍ മുറിച്ചെടുക്കുന്ന വിത്യസ്ത ഡിസൈന്‍ കൈകൊണ്ട് പണിതാണ് ഇവര്‍ ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നത്. നാട്ടില്‍ നിന്ന് കുടുംബപരമായി ഇതേ ജോലി ചെയ്ത് വന്നവരും അല്ലാതെ ഇവിടെ വന്ന് പണിക്കാരായ നിരവധിപേര്‍ ഇവിടെ തൊഴിലെടുക്കുന്നുണ്ട്. ഈ കരവിരുതില്‍ ജീവിതം ഹോമിക്കുന്ന ഒരോര്‍ത്തര്‍ക്കും വിത്യസ്തങ്ങളായ ജീവിതകഥകള്‍ സമൂഹത്തോട് പങ്കുവെക്കാനുണ്ട്. ഇവര്‍ക്കിടയില്‍ ഏറെ വിത്യസ്ഥനാണ് കൊല്‍ക്കത്ത പുർബ ബർധമാൻ സ്വദേശി ജയെസ് മൊണ്ടല്‍. ചെറുപ്പകാലത്ത് പോളിയോ ബാധിച്ചത് മൂലം ഇടത്തേ കൈപത്തി ഇല്ലാത്ത അവസ്ഥയിലാണ് ഈ ചെറുപ്പക്കാരന്‍.
ജീവിത പ്രാരാബ്ദം ഒന്‍പതാം ക്ലാസില്‍ വെച്ച് പഠനം നിര്‍ത്താന്‍ നിര്‍ബന്ധിച്ചു. ജീവിതോപാധി തേടി ജേഷ്ഠ സഹോദരനോടൊപ്പം ബോംബയിലെത്തി സ്വര്‍ണ്ണപ്പണി പഠിക്കാനായിരുന്നു നിയോഗം. തന്‍റെ വൈകല്യങ്ങളെ അതിജയിച്ച് അഞ്ച് വര്‍ഷത്തോളം മുംബൈയിലെ മഞ്ഞ ലോഹത്തിന്‍റെ ആലയില്‍ ജീവിതം വിളക്കിച്ചേര്‍ത്തു. വലിയൊരു കുടുംബത്തിന്‍റെ മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി രണ്ടു വര്‍ഷം മുന്‍പാണ് ജയെസ് അജ്മാനിലെ സോനാ ബസാറിലെ മലയാളിയായ തിരൂര്‍ സ്വദേശിയുടെ റോയല്‍ ഗോള്‍ഡ് സ്മിത്ത് എന്ന സ്ഥാപനത്തില്‍ ജോലിക്കെത്തുന്നത്. തന്‍റെ ജീവിത വിഥിയില്‍ തളരാതെ മുന്നോട്ട് പോകണമെന്ന ദൃഡ നിശ്ചയം ഒന്ന് കൊണ്ട് മാത്രമാണ് തന്‍റെ ജോലിയില്‍ ഇപ്പോഴും വൈകല്യങ്ങളില്ലാതെ ഇദ്ദേഹത്തെ പിടിച്ചു നിര്‍ത്തുന്നത്. ജീവിതം സ്വയം ഊതിക്കാച്ചുന്നത് കൊണ്ടാണ് അങ്ങ് കൊല്‍ക്കത്തയിലെ ഉറ്റവരുടെ ജീവിതങ്ങള്‍ തിളങ്ങുന്നത് എന്ന തിരിച്ചറിവാണ് തനിക്ക് ഈ മേഖലയില്‍ സ്വര്‍ണ്ണം പോല്‍ തിളങ്ങാന്‍ കഴിയുന്നതും വൈകല്യങ്ങളെ അതിജയിക്കാന്‍ കഴിയുന്നതുമെന്നും തിരിച്ചറിയുകയാണ് ജയെസ് മൊണ്ടല്‍ എന്ന ഇരുപത്തിരണ്ടുകാരന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.