സംഗീതത്തിന്റെ അമൃതധാര പൊഴിച്ച് ദിനേശ് നന്മണ്ട
text_fieldsനന്മണ്ട: സംഗീതത്തിന്റെ അമൃതധാര പൊഴിക്കുകയാണ് ദിനേശ് നന്മണ്ട. തബല, ഹാർമോണിയം, കീബോർഡ്, ഗിറ്റാർ, ട്രിപ്പിൾ ഡ്രം, റിഥം പേഡ്, ചെണ്ട തുടങ്ങി സംഗീതോപകരണങ്ങൾ ഏതായാലും ദിനേശ് നന്മണ്ടയെന്ന കലാകാരന്റെ വിരൽ തൊട്ടാൽ മാന്ത്രികസംഗീതത്തിന്റെ മാധുര്യംപകരും. അനുഷ്ഠാനകലകളിലെ നിറസാന്നിധ്യമായ ഈ തെയ്യം കലാകാരൻ നന്മണ്ടയിൽ മാത്രമല്ല, മറ്റു പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലെയും കെട്ടിയാട്ടക്കാരനാണ്.
കൂടാതെ അഭിനയവും സംഗീതസംവിധാനവുമുണ്ട്. സംഗീത ഉപകരണങ്ങളിൽ പ്രഫഷനൽ കലാകാരനായ ദിനേശ് നന്മണ്ട ഒട്ടേറെ വിദ്യാർഥികളെ സംഗീതം പഠിപ്പിക്കുന്നു. അപ്പർ പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ നന്മണ്ട കേളു ഭാഗവതരുടെ ശിക്ഷണത്തിൽ കഥാപ്രസംഗം അവതരിപ്പിച്ചുകൊണ്ടാണ് കലാരംഗത്തേക്ക് കാൽ വെക്കുന്നത്.
ഒമ്പത് വയസ്സുകാരന്റെ കഥാപ്രസംഗം കേട്ട പലരും അന്ന് ദിനേശിന്റെ കഴിവിനെ അംഗീകരിച്ചു. കീബോർഡിസ്റ്റായും തബലിസ്റ്റായും ഗിറ്റാറിസ്റ്റായും ഡ്രമ്മറായും പാട്ടുകാരനായും നാടകങ്ങൾക്ക് പശ്ചാത്തല സംഗീത സംവിധാനമൊരുക്കിയും കലയെ തന്റെ കൈപ്പിടിയിലൊതുക്കി ദിനേശ്. മനംമടുപ്പിൽനിന്ന് മോചനം തരാൻ സംഗീതത്തെക്കാൾ മികച്ചൊരു മരുന്നില്ലെന്ന് ദിനേശൻ പറയുന്നു.
പരമ്പരാഗത കലാകുടുംബത്തിൽ ജനിച്ച ദിനേശിന്റെ സഹോദരങ്ങളും പ്രശസ്തരായ കലാകാരന്മാരാണ്. പിതാവിൽനിന്ന് പ്രശസ്ത നൃത്ത-സംഗീത കലാകാരനായിരുന്ന വിജയൻ നന്മണ്ടയിൽനിന്നുമാണ് സംഗീതം, ഹാർമോണിയം എന്നിവ വശത്താക്കിയത്. എറണാകുളം ഭാരതീയ വിദ്യാഭവൻ സ്കൂളിൽനിന്ന് സംഗീത അധ്യാപകനായി വിരമിച്ച ഇദ്ദേഹം ഇപ്പോൾ ഭാരതസർക്കാറിന്റെ വാർത്താവിതരണ വകുപ്പിന്റെ ഭാഗമായ സംഗീത നാടക വിഭാഗത്തിൽ രജിസ്ട്രേഡ് ആർട്ടിസ്റ്റാണ്.
വിജയ ലക്ഷ്മി മ്യൂസിക് അക്കാദമി എന്ന പേരിൽ സംഗീതവിദ്യാലയം നടത്തുന്നു. ഭാര്യ: രമണി, ഒരു മകളുണ്ട്. 2018ൽ കേരള സംസ്ഥാന കലോത്സവത്തിൽ നൃത്തത്തിന് സ്വർണനാണയത്തോടെ മലബാറിൽ താരമായി തിരഞ്ഞെടുക്കപ്പെട്ട മകൾ ശ്രീലക്ഷ്മി ദിനേശിനെ സിനിമ താരം മഞ്ജു വാര്യർ ഏറ്റെടുത്തിരുന്നു. മനസ്സിന് ശാന്തി നൽകാനും ആത്മാവിനെ തൊട്ടുണർത്താനും പ്രണയം വിടർത്താനും ദുഃഖമകറ്റാനും സംഗീതത്തിനുള്ള പ്രാധാന്യമേറെയാണെന്ന് ലോക സംഗീതദിനത്തിൽ ദിനേശ് നന്മണ്ട ഓർക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.