അഭിമാനപൂർവം കോയ മാസ്റ്റർ
text_fieldsഅൽഐൻ: ജീവിതത്തിൽ അസുലഭ മുഹൂർത്തം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് അൽഐൻ ഇന്ത്യൻ സ്കൂൾ അധ്യാപകൻ അബ്ദുല്ലക്കോയ മാസ്റ്റർ. ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വിളിച്ച അധ്യാപകരുടെ സംഗമത്തിൽ അൽഐൻ ഇന്ത്യൻ സമൂഹത്തിന്‍റെ പ്രതിനിധിയായി പങ്കെടുത്തത് കോയ മാസ്റ്ററായിരുന്നു.
ശൈഖ് മുഹമ്മദിന് ഹസ്തദാനം നൽകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും അസുലഭ നിമിഷങ്ങളിലൊന്നാണെന്ന് കോയ മാസ്റ്റർ പറയുന്നു. വിവിധ എമിറേറ്റുകളിൽ നിന്നും തിരഞ്ഞെടുത്ത അധ്യാപകരാണ് ഈ യോഗത്തിൽ പങ്കെടുത്തത്. വിവിധ എമിറൈറ്റുകളിൽ നിന്നുള്ള മന്ത്രിമാരും പാലസിലെ പ്രധാന വ്യക്തിത്വങ്ങളും പരിപാടിയിൽ പങ്കെടുത്തിരുന്നു.
ഈ സംഗമത്തിൽ പങ്കെടുത്ത മുഴുവൻ അധ്യാപകരെയും ശൈഖ് മുഹമ്മദ് അഭിനന്ദിക്കുകയും യു.എ.ഇയിലെ വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് ഓരോരുത്തരോടും അഭിപ്രായം ചോദിച്ചറിയുകയും ചെയ്തു. തന്നെക്കാൾ പരിചയസമ്പത്തും കഴിവുമുള്ള അധ്യാപകർ ഉണ്ടായിരിക്കെ ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ ഏറെ സന്തുഷ്ടനാണെന്ന് കോയ മാസ്റ്റർ പറയുന്നു.
അൽഐനിലെ സാമൂഹിക മേഖലകളിലെ നിറസാന്നിധ്യവും അൽഐൻ ഇന്ത്യൻ സ്കൂളിലെ കായികാധ്യാപകനും കംപ്ലയിൻസ് ഓഫിസറുമാണ് കോയ മാസ്റ്റർ. എം.ഇ.എസ് അൽഐൻ ജനറൽ സെക്രട്ടറിയും ബ്ലൂ സ്റ്റാർ അൽഐൻ സീനിയർ ലീഡറും ഇന്ത്യൻ സോഷ്യൽ സെന്‍റർ അൽഐനിന്‍റെ ലൈഫ് മെംബറും യു.എ.ഇയിലെ പ്രധാന ഫുട്ബാൾ മത്സരങ്ങളും കായിക മത്സരങ്ങളും നിയന്ത്രിക്കുന്ന വ്യക്തികളിൽ ഒരാളുമാണ് ഇദ്ദേഹം.
മലപ്പുറം എടവണ്ണ സ്വദേശിയും 29 വർഷമായി അൽഐൻ ഇന്ത്യൻ സ്കൂളിൽ അധ്യാപകനുമാണ്. ഭാര്യ റഹ്മത്ത് ഇതേ സ്കൂളിൽ ടീച്ചറായി ജോലിചെയ്യുന്നു. മക്കൾ: അഹ്നസ് അബ്ദുല്ല, അഫീഫ് അബ്ദുല്ല (ഇരുവരും നാട്ടിൽ മെഡിസിന് പഠിക്കുന്നു), ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ അഹ്മദ് അമൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.