മാർട്ടിനും ബൈക്കുമെത്തി; ലോക സഞ്ചാരത്തിനിടയിൽ
text_fieldsകോഴിക്കോട്: ഒരു ബൈക്കിൽ 15 രാജ്യങ്ങൾ താണ്ടി മാർട്ടിൻ ബെൽമാൻ കോഴിക്കോട്ടെത്തുമ്പോൾ ഇനിയും താണ്ടേണ്ട ദേശങ്ങളുടെയും രാജ്യങ്ങളുടെയും പട്ടിക കൈയിൽ കിറുകൃത്യം. ചൊവ്വാഴ്ച രാവിലെ ബംഗളൂരുവിൽനിന്നാരംഭിച്ച യാത്ര വൈകീട്ട് ഏഴിന് കോഴിക്കോട്ട് എത്തുമെന്നറിയിച്ചതിൽനിന്ന് അണുവിട തെറ്റിയില്ല. മാർട്ടിന്റേത് സമയക്രമം അൽപംപോലും തെറ്റാത്ത യാത്രയാണ്.
150 ദിവസം മുമ്പ് സ്വന്തം നാടായ ജർമനിയിൽ നിന്നാണ് ലോകം ചുറ്റാൻ തന്റെ പ്രിയപ്പെട്ട ഹോണ്ട 700 ട്രാൻസാൽപ് ബൈക്കിൽ യാത്ര തുടങ്ങിയത്. ബൾഗേറിയ, ഓസ്ട്രിയ, ഇറാൻ, പാകിസ്താൻ തുടങ്ങി 15 രാജ്യങ്ങൾ ഇതിനകം പിന്നിട്ടു. ജനുവരി 21നാണ് വാഗാ അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിച്ചത്.
അമൃത് സറും ഡൽഹിയും കടന്ന് ആഗ്രയിലെത്തിയ മാർട്ടിൻ വിശ്വപ്രണയത്തിന്റെ സ്മാരകമായ താജ്മഹലും കണ്ട് രാജസ്ഥാനിലെത്തി. ജയ്പുർ, നാസിക്, മുംബൈ, പുണെ പിന്നിട്ട് ഗോവയിലെത്തി. കർണാടകയിലേക്ക് കടന്ന് തിങ്കളാഴ്ചയാണ് ബംഗളൂരുവിൽ എത്തിയത്.
ചൊവ്വാഴ്ച രാവിലെ അവിടെനിന്ന് പുറപ്പെട്ട് മൈസൂരുവഴി ബന്ദിപ്പൂർ വനമേഖലയിലൂടെ ഊട്ടിയിലെത്തിയശേഷം വയനാട് ചുരം വഴി വൈകീട്ട് കോഴിക്കോട്ടെത്തുകയായിരുന്നു. ഒറ്റദിവസം താണ്ടിയത് 400 കിലോമീറ്റർ. വന്യജീവിസങ്കേതങ്ങളും നാഷനൽ പാർക്കുകളുമാണ് ഏറ്റവും ഇഷ്ടമേഖല.
ബുധനാഴ്ച രാവിലെ കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് തിരിക്കും. തുടർന്ന് പെരിയാർ ടൈഗർ റിസർവോയർ കണ്ട് മധുരക്കും കോയമ്പത്തൂരിനും ചെന്നൈക്കും തിരിക്കും. കിഴക്കൻ തീരത്തുകൂടി കശ്മീർവരെ എത്തി നേപ്പാളും ബർമയും ഭൂട്ടാനും പിന്നിട്ട് മലേഷ്യയിലെത്തണമെന്നാണ് കരുതുന്നതെന്ന് 27കാരനായ മാർട്ടിൻ പറഞ്ഞു.
ഒമ്പതു മാസമെങ്കിലും വേണ്ടിവരും യാത്ര പൂർത്തിയാക്കി സ്വന്തം നാട്ടിലെത്താൻ. കാലാവസ്ഥയും ഭൂപ്രകൃതിയും മനുഷ്യരും സംസ്കാരങ്ങളും ഭക്ഷണവും കൊണ്ട് ഇന്ത്യപോലെ ഇത്രയേറെ വൈവിധ്യമുള്ള മറ്റൊരു രാജ്യമില്ല എന്നാണ് മാർട്ടിന്റെ അഭിപ്രായം. ചെല്ലുന്ന ദേശത്തിന്റെ തനതു ഭക്ഷണരുചികൾ പരീക്ഷിക്കാനാണ് മാർട്ടിന് താൽപര്യം.
15 ലക്ഷം ഇന്ത്യൻ രൂപ വിലവരുന്ന ബൈക്കിൽ ലോകം മുഴുവൻ കറങ്ങുമ്പോഴും ചൈനയിലെ കടുത്ത നിയന്ത്രണങ്ങൾ കാരണം ആ രാജ്യത്തെ പട്ടികയിൽനിന്ന് ഒഴിവാക്കിയിരിക്കുകയാണ് മാർട്ടിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.