വിവർത്തനത്തിൽ തുടങ്ങി; തേടിയെത്തിയത് ഫിലിപ്പീനോ ജീവിതസഖി
text_fieldsപരപ്പനങ്ങാടി: മലയാളിയായ പത്താം ക്ലാസുകാരന്റെ ഭാഷഭ്രമവും വിവർത്തന സാഹിത്യ ബോധവും സമ്മാനിച്ചത് ഫിലിപ്പീനോ ജീവിത സഖിയെ. അബൂദബിയിലെ മലയാളി ഹൗസ് ഡ്രൈവറായ പരപ്പനങ്ങാടി സ്വദേശി ശഫീഖ് വേളക്കാട് എന്ന പത്താം ക്ലാസുകാരനാണ് ലോക ഭാഷകളോടുള്ള പ്രണയം ജീവിതസഖിയെയും സമ്പാദിച്ചുനൽകിയത്.
അബൂദബിയിൽ സ്പോൺസറുടെ സഹോദരന്റെ വീട്ടിൽ പാചകക്കാരിയായ ഫുഡ് ടെക്നോളജി ബിരുദധാരിയായ ഫിലിപ്പീനോ യുവതി ഫാത്തിമയുടെ കൈയിലുണ്ടായിരുന്ന തുണ്ടു പേപ്പറിലെ അജ്ഞാത അക്ഷരങ്ങളെക്കുറിച്ച ജിജ്ഞാസയാണ് ഫിലിപ്പീൻസ് നാട്ടുഭാഷയായ ‘തക്കാല’യിലേക്ക് ശഫീഖിനെ വഴിനടത്തിയത്.
ആ അന്വേഷണം ഫിലിപ്പീൻസ് ഭാഷയിലേക്കും സാഹിത്യത്തിലേക്കും അവിടത്തെ നാട്ടുഭാഷ ജ്ഞാനത്തിലേക്കും കൊണ്ടെത്തിച്ചു. തന്റെ നാട്ടുഭാഷയെ തെല്ലും പരിക്കേൽപിക്കാതെ ഇംഗ്ലീഷിലേക്കും അറബിയിലേക്കും വിവർത്തനം ചെയ്ത ശഫീഖിനെ ഫാത്തിമ ‘തക്കാല’ ഭാഷയിൽത്തന്നെ ജീവിത പങ്കാളിയാവാൻ ക്ഷണിക്കുകയായിരുന്നു. വീട്ടുകാരുടെ എതിർപ്പുകളെ മറികടന്ന് ഇരുഭാഷ അതിർത്തികളെ മായ്ച്ചുകളഞ്ഞ് അവർ ഒന്നാകുകതന്നെ ചെയ്തു. ഫിലിപ്പീനോ രക്ഷിതാക്കളിൽനിന്ന് അംഗീകാരം ലഭിച്ചതോടെ 2015ൽ ഫിലിപ്പീൻസിലെത്തി നിക്കാഹ് നടത്തി.
വ്യവസായി യൂസുഫലിയുടെ മരുമകൻ സംഷീർ വയലിന്റെ ആശുപത്രിയിലാണ് ഇപ്പോൾ ശഫീഖ് ജോലി ചെയ്യുന്നത്. ഫാത്തിമയിപ്പോൾ മകൻ ഒന്നാംക്ലാസുകാരൻ മുഹമ്മദ് യാസീനോടൊപ്പം പരപ്പനങ്ങാടിയിലെ വാടകവീട്ടിലുണ്ട്. ഇപ്പോൾ തലപ്പാറ പുകയൂരിൽ സ്വന്തമായി ഭൂമി വാങ്ങി വീട് പണിയാനുള്ള ഒരുക്കത്തിലാണ് ഷഫീഖും കുടുംബവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.