വർഷങ്ങൾ കടന്ന് റഈസെത്തി, ഇവിടെയെന്തോർമകളെന്നോ....
text_fieldsകോഴിക്കോട്: സ്റ്റേഡിയങ്ങളിലും സെവൻസ് മൈതാനങ്ങളിലും സ്ഥിരമായെത്തി ഗാലറിയുടെ ആരവങ്ങൾക്കൊപ്പം ആർത്തുവിളിച്ച കൗമാരക്കാരനുണ്ടായിരുന്നു. അവനിലെ ‘ഫുട്ബാൾ ഭ്രാന്ത്’ വീട്ടുകാർക്കും നാട്ടുകാർക്കും കൂട്ടുകാർക്കുമെല്ലാം നല്ലപോലെ അറിയാം.
2004ൽ, തന്റെ 17ാം വയസ്സിൽ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കഴുത്തിന് താഴെ തളർന്നുപോയ റഈസ് ഹിദായ പക്ഷേ, തന്റെ ലോകം വീട്ടിലെ കട്ടിലിലേക്കൊതുക്കിയില്ല.
മികച്ച സാമൂഹിക പ്രവർത്തകനായി മാറിയ റഈസ് സ്ട്രെച്ചറിൽ കിടന്ന് വിവിധ പരിപാടികളിൽ പങ്കെടുക്കുക മാത്രമല്ല, മറ്റുള്ളവർക്ക് അദ്ഭുതവും പ്രോചോദനവുമായി കുന്നും മലകളും വരെ കയറുന്നു. അപ്പോഴും ഫുട്ബാൾ സ്റ്റേഡിയത്തിലെ ഗാലറികൾ അദ്ദേഹത്തിൽനിന്ന് ഏറെ അകലത്തിലായിരുന്നു.
ഇന്നലെ വൈകുന്നേരം കോർപറേഷൻ സ്റ്റേഡിയത്തിൽ ഗോകുലം കേരള എഫ്.സി-ചർച്ചിൽ ബ്രദേഴ്സ് ഐ ലീഗ് മത്സരം കാണുമ്പോൾ റഈസിന്റെയുള്ളിൽ ഓർമകളുടെ അറബിക്കടലിരമ്പി. രണ്ട് പതിറ്റാണ്ട് മുമ്പ് കോർപറേഷൻ സ്റ്റേഡിയത്തിൽ വിവ കേരളയുടെ മത്സരമാണ് അവസാനം കണ്ടത്.
ഡിസംബർ മൂന്നിന് അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ ‘ആരവങ്ങളിലേക്കുരുളട്ടെ ചക്രക്കസേരകൾ’ എന്ന തലക്കെട്ടിൽ മാധ്യമം കായിക പേജിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ റഈസ് നേരിട്ട് ഫുട്ബാൾ മത്സരങ്ങൾ ആസ്വദിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ഗാലറികളിലെ കാതടപ്പിക്കുന്ന കോലാഹലങ്ങൾ ഇപ്പോഴും തന്നെ കൊതിപ്പിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം, ഭിന്നശേഷി സൗഹൃദ സ്റ്റേഡിയങ്ങളുടെ ആവശ്യതകതയും എടുത്തുകാട്ടി. തുടർന്ന്, മുൻ ഇന്ത്യൻ താരം അനസ് എടത്തൊടിക ഗോകുലം ടീം അധികൃതരുമായി ബന്ധപ്പെടുകയും റഈസിന് സ്ട്രെച്ചറിൽ കിടന്ന് മത്സരം കാണാൻ സംവിധാനമൊരുക്കണമെന്ന് അഭ്യർഥിക്കുകയുമായിരുന്നു.
തേഞ്ഞിപ്പലം വെളിമുക്ക് സ്വദേശിയായ റഈസ് സഹോദരങ്ങൾക്കൊപ്പമാണ് കോഴിക്കോട്ടെത്തിയത്. ഇത് തന്റെ മാത്രം ആഗ്രഹമല്ലെന്നും സ്ട്രെച്ചറിലും വീൽചെയറിലുമൊക്കെ ഗാലറിയിൽനിന്ന് മത്സരങ്ങൾ കാണുകയെന്ന ഭിന്നശേഷിക്കാരുടെ സ്വപ്നം പൂവണിയണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.