ഈ ചിത്രങ്ങളിലുണ്ട് ആത്മീയതയുടെ നിറവിന്യാസം
text_fieldsആർട്ട് ഗാലറിയിൽ ആരംഭിച്ച യെൽദോ താന്നിക്കാട്ടിന്റെ ‘ഇൻസൈഡ് ഔട്ട്’ ചിത്രപ്രദർശനം
കോഴിക്കോട്: ആത്മീയതയുടെ നിറവിന്യാസവുമായി യെൽദോ തണ്ണിക്കോടിന്റെ ചിത്രങ്ങൾ. മണ്ണിനും മരത്തിനും മേൽ അധികാരം സ്ഥാപിക്കുന്ന മനുഷ്യനുള്ള താക്കീതുകൂടിയാണ് അക്കാദമി ആർട്ട് ഗാലറിയിൽ ഒരുക്കിയ അദ്ദേഹത്തിന്റെ ചിത്രപ്രദർശനം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ നേർക്കാഴ്ചയൊരുക്കുന്ന ചിത്രങ്ങളാണ് 'ഇൻസൈഡ് ഔട്ട്' എന്ന പ്രദർശനത്തിലുള്ളത്.
മലയാളിക്ക് അന്യംനിന്നുപോകുന്ന കൃഷിയും കന്നുകാലി പരിചരണവും കർഷകനും എല്ലാം ചിത്രകാരന് പ്രധാന വിഷയങ്ങളാണ്. കാർഷികമേഖലയെ കൈവെടിയുന്ന മനുഷ്യൻ സ്വന്തം സംസ്‌കാരത്തെതന്നെയാണ് അന്യാധീനപ്പെടുത്തുന്നതെന്ന് യെൽദോയുടെ ചിത്രങ്ങൾ ഓർമിപ്പിക്കുന്നു. ജന്തുജാലങ്ങൾക്ക് ഭൂമിയിലുള്ള തുല്യാവകാശത്തെ കുറിച്ച് ഓർമിപ്പിക്കുന്ന ചിത്രങ്ങൾ ലിംഗനീതിയും സ്ഥിതിസമത്വവും ചർച്ചചെയ്യുന്നു. ലളിതമായ സ്ട്രോക്കുകളിൽ നീല നിറത്തിലുള്ള ചിത്രങ്ങൾ ആത്മീയതയുടെ ഭാവവും കൈവരിക്കുന്നുണ്ട്.
മൂന്നു പതിറ്റാണ്ടിലേറെയായി ചിത്രകലാരംഗത്തുള്ള യെൽദോ ഇപ്പോൾ ഒമാനിലെ ഇന്ത്യൻ സ്‌കൂളിൽ അധ്യാപകനാണ്. രാജ്യത്തിനകത്തും പുറത്തുമായി ഇതിനകം അമ്പതിലേറെ സോളോ, ഗ്രൂപ് ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. പെരുമ്പാവൂർ തിരുത്തിപ്ലി സ്വദേശിയായ യെൽദോ തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂളിൽ തുടങ്ങി രാജ്യത്തെ വിവിധ ഫൈൻ ആർട്‌സ് സ്‌കൂളുകളിലും കോളജുകളിലും അധ്യാപകനായിരുന്നു.
ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തിങ്കളാഴ്ച തുടങ്ങിയ ചിത്രപ്രദർശനം കേരള ലളിതകലാ അക്കാദമി സെക്രട്ടറി എൻ. ബാലമുരളികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അക്കാദമി നിർവാഹകസമിതി അംഗം സുനിൽ അശോകപുരം, സുധീഷ്, നിധീഷ് കുമാർ, ശബാബ് ബാവ, വിപിൻ വി. രാജ് തുടങ്ങിയവർ സംസാരിച്ചു. ജൂലൈ 30ന് പ്രദർശനം സമാപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.