യു ആർ എ ഗ്രേറ്റ് തബലിസ്റ്റ്
text_fields2023 ജൂലൈ മാസത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദർശനത്തിന്റെ ഭാഗമായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഖസർ അൽ വതൻ കൊട്ടാരത്തിൽ ഒരു ഉച്ചവിരുന്ന് സംഘടിപ്പിച്ചിരുന്നു. ഇരുരാഷ്ട്ര നേതാക്കൾ കൂടാതെ ഉന്നതരായ ഒട്ടനവധി അതിഥികൾ സന്നിഹിതരായ ചടങ്ങിന് മാറ്റുകൂട്ടാൻ പ്രശസ്തമായ ഒരു അറബിക് ഹിന്ദി ഫ്യൂഷൻ ബാന്റിന്റെ സംഗീത വിരുന്നുമുണ്ടായിരുന്നു. മുഖ്യാതിഥിയായ മോദിജിക്ക് പ്രിയപ്പെട്ട പാട്ടുകൾ ഒരുക്കാൻ നിയോഗിക്കപ്പെട്ടവരിൽ തബല വായിക്കാൻ ഭാഗ്യം ലഭിച്ചത് മലപ്പുറം തിരൂർ സ്വദേശിയായ മനോജ് കുമാറിന്!
പ്രശസ്ത ഗായിക ഹർഷയുടെ സ്വരമാധുരിക്ക് കൂട്ടായി വയലിനിൽ സലീലും വീണയിൽ മെലിസ്മയും മനോജിന്റെ കൂടെ ഉണ്ടായിരുന്നു. എല്ലാം മലയാളികൾ! ഒരു മണിക്കൂറിലധികം വിരുന്നും ഒപ്പം സംഗീതവും ആസ്വദിച്ച പ്രധാനമന്ത്രിയും പ്രസിഡന്റും സംഗീത സംഘത്തെ എഴുന്നേറ്റുനിന്ന് കൈയ്യടിച്ചാണ് അഭിനന്ദിച്ചത്. ‘യൂ.ആർ ഗ്രേറ്റ്’ എന്ന് തോളിൽ തട്ടിപ്പറഞ്ഞ മോദിജിയും പ്രസിഡന്റും അവരുടെ കൂടെ ഫോട്ടോക്കും പോസ് ചെയ്തു. കലാകാരൻ എന്ന നിലയിൽ ലഭിച്ച വലിയ ഒരു ഭാഗ്യമായി മനോജും കൂട്ടരും ഇതിനെ കാണുന്നതോടൊപ്പം ചെറിയൊരു സങ്കടവും പങ്കുവെക്കുന്നു. ഔദ്യോഗിക ചടങ്ങ് ആയതിനാൽ ആ ഫോട്ടോ ഇതുവരെ മനോജിനും കൂട്ടർക്കും കയ്യിൽ കിട്ടിയിട്ടില്ല.
കേരളത്തിലെ അറിയപ്പെടുന്ന തബല വിദ്വാൻ ഉസ്താദ് കമ്മുക്കുട്ടിയുടെ ശിഷ്യനായി കൗമാരക്കാലത്തിൽ തന്നെ തബല അഭ്യസിച്ച മനോജ് പഠനശേഷം ഇന്ത്യയിൽ അങ്ങോളമിങ്ങോളം പല വേദികളിൽ കഴിവു തെളിയിച്ചിട്ടുണ്ട്. 24 വർഷങ്ങളായി ഷാർജയിൽ പ്രവാസിയായി താമസിച്ചുവരുന്ന ഈ 49കാരൻ യു.എ.ഇയിൽ നിരവധി ശിഷ്യരെ തബല അഭ്യസിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും അഭ്യസിപ്പിച്ചുകൊണ്ടിരിക്കുന്നു.
ദുബൈ വേൾഡ് കപ്പിനോടനുബന്ധിച്ച് ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിൽ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ സാന്നിധ്യത്തിലും തബല വായിക്കാൻ അപൂർവ്വ അവസരം മനോജിന് ഉണ്ടായിട്ടുണ്ട്. യു.എ.ഇയിൽ അറിയപ്പെടുന്ന ഫ്യൂഷൻ ബാൻഡായ ഖലീൽ ഖാദരി അകൗസ്റ്റിക്കിന്റെ ഭാഗമായ മനോജ് ലോകത്തിലെ നിരവധി സംഗീതജ്ഞരുമായി വേദി പങ്കിട്ടിട്ടുണ്ട്. ദുബൈ എക്സ്പോ വേദികളിൽ ബ്രിട്ടീഷ് ഗായകൻ സമീ യൂസഫ്, ഹിന്ദുസ്ഥാനി ഗായിക പൂജ, അസർബൈജാൻ സംഗീതഞ്ജ നബീല, ബോംബെയിലെ സിത്താറിസ്റ്റ് അസാദ് ഖാൻ തുടങ്ങിയവർ മുതൽ മലയാളത്തിലെ യേശുദാസ്, ജയചന്ദ്രൻ, എം.ജി ശ്രീകുമാർ, പി. സുശീല.. അങ്ങനെ പോകുന്നു ആ പട്ടിക. സഹധർമിണി ബിനി മക്കളായ ആദിദേവ്, അമൃത ലക്ഷ്മി, എന്നിവർ അടങ്ങിയ മനോജിന്റെ കുടുംബം ഷാർജയിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.