കണ്ണീർ കാർമേഘം മാറുന്നു; വിമലയും മകനും ജീവിതം സ്വപ്നം കണ്ടുതുടങ്ങി
text_fieldsമൂന്നാർ: പതിറ്റാണ്ടുകൾ നീണ്ട ദുരിതപർവത്തിനൊടുവിൽ പ്രതീക്ഷയുടെ പൊൻകിരണങ്ങൾ കണ്ടുതുടങ്ങിയ ആശ്വാസത്തിൽ ചിന്നക്കനാൽ മുന്നൂറ്റിയൊന്ന് കോളനിയിലെ വിമലയും മകൻ സനലും. കാട്ടാനശല്യം ഭയന്ന് പാറപ്പുറത്ത് കുടിൽ കെട്ടി താമസിക്കുന്നതിനിെട സഹായവുമായി മന്ത്രി എം.വി. ഗോവിന്ദൻ എത്തിയതിെൻറ ആശ്വാസത്തിലാണ് ആദിവാസി വിഭാഗക്കാരായ ഈ അമ്മയും മകനും.
ജീവിതകാലം മുഴുവൻ ദുരിതം അനുഭവിച്ച് തളർന്ന വിമലയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചപ്പോഴാണ് മന്ത്രിയുടെ സഹായഹസ്തം എത്തിയത്. കാട്ടാനക്കൂട്ടം വിഹരിക്കുന്ന മുന്നൂറ്റിയൊന്ന് കോളനിയിൽ ഓട്ടിസം ബാധിച്ച മകനുമായി ജീവിച്ച വിമലയുടെ ജീവിതകഥ ആരുടെയും കരളലിയിക്കും.
അടിമാലി പഞ്ചായത്തിലെ കൊരങ്ങാട്ടി കോളനിയിൽ ജനിച്ച വിമലയ്ക്ക് കുടുംബത്തിലെ ദാരിദ്ര്യം മൂലം സ്കൂളിൽ പോകാൻ പോലും കഴിഞ്ഞില്ല. മറ്റുള്ളവരുടെ പറമ്പിലെ പണികൾ ചെയ്തും ചുമടെടുത്തും ജീവിതം തള്ളിനീക്കുന്നതിനിടെ ചെറുപ്രായത്തിൽ വിവാഹം കഴിഞ്ഞു. 20ാം വയസ്സിനിടയിൽ നാല് മക്കളുടെ അമ്മയായ വിമല കടുത്ത രോഗിയായി. ഭർത്താവ് ഉപേക്ഷിക്കുകകൂടി ചെയ്തതോടെ ജീവിതം ചോദ്യചിഹ്നമായി. ഇളയ മകെൻറ ചികിത്സയ്ക്കും തെൻറ മരുന്നിനുമായി വലിയ തുക കണ്ടെത്താൻ വിഷമിച്ചതോടെയാണ് 2003ൽ സംസ്ഥാന സർക്കാർ ചിന്നക്കനാലിൽ കുടുംബാംഗങ്ങളുടെ പേരിൽ ഒരേക്കർ ഭൂമി അനുവദിച്ചത്.
ഏറെ പ്രതീക്ഷയോടെ അവിടെ എത്തിയപ്പോൾ കാത്തിരുന്നത് കാട്ടാനക്കൂട്ടങ്ങളും കാട്ടുമൃഗങ്ങളുമായിരുന്നു. ഒപ്പമുള്ളവരെല്ലാം ജീവനും കൊണ്ട് രക്ഷപ്പെട്ടപ്പോൾ വയ്യാത്ത മകനുമായി എങ്ങോട്ടു പോകണമെന്നറിയാതെ വിമല പകച്ചുനിന്നു. കെട്ടിയുണ്ടാക്കിയ കൊച്ചു കുടിൽ കാട്ടാനകൾ തകർക്കുന്നത് പതിവായതോടെയാണ് സമീപത്തെ വലിയ പാറയുടെ മുകളിൽ മകനുമായി താമസമാക്കിയത്.
'അടച്ചുറപ്പുള്ള വീട്ടിൽ ഒരു ദിവസമെങ്കിലും മകനോടൊപ്പം കഴിയണം. തെൻറ കാലം കഴിഞ്ഞാലും മകൻ സുരക്ഷിതനാകുമെന്ന് ഉറപ്പുവേണം -50കാരിയായ വിമല പറയുന്നു. സർക്കാർ വീട് അനുവദിച്ചത് വലിയ സഹായമാണ്. പക്ഷേ അതുകൊണ്ട് മാത്രമായില്ല. വീട്ടിലേക്ക് ആന കയറാതെ ചുറ്റും കിടങ്ങ് നിർമിക്കണം. പറമ്പിന് ചുറ്റും സൗരോർജ വേലി സ്ഥാപിക്കണം. ഇതിനൊക്കെ വേണ്ടി വരുന്ന വലിയ തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്ക ഇവർക്കുണ്ട്. ആരെങ്കിലും സഹായത്തിന് എത്താതിരിക്കില്ലെന്ന പ്രതീക്ഷയിലാണ് വിമലയും മകൻ സനലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.