മുമ്പേപറന്ന മകന്റെ ഓർമയുമായി ഒരമ്മ
text_fieldsപാലക്കാട്: അമ്മമാരെ ഓർക്കാൻ ഒരിക്കലും ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യമില്ല. പകരം വെക്കാനില്ലാത്ത സ്നേഹം നമ്മളിൽ ഓരോരുത്തർക്കും പകർന്ന് തരുന്നവരാണ് എല്ലാ അമ്മമാരും. പക്ഷേ, ഒരു മകനെ ഓർത്ത് ജീവിക്കുന്ന ഒരമ്മയുണ്ട് ഇവിടെ. ഇത് ലക്ഷ്മി അമ്മ. കഴിഞ്ഞ 24 വർഷമായി മകൻ മോഹൻ കുമാറിന്റെ ചിതലരിക്കാത്ത ഓർമകളുമായി ജീവിക്കുന്നു. മോഹൻകുമാറിനെ അറിയുമോ? ഇന്ത്യൻ വ്യോമസേനയുടെ സ്ക്വാഡർ ലീഡർ മോഹൻകുമാർ. 2000 ഒക്ടോബർ 13ന് ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 വിമാനം പരിശീലന പറക്കലിനിടെ രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലെ ഒരു ഗ്രാമത്തിൽ തകർന്നുവീണ് മരിച്ച വൈമാനികൻ. അതിനേക്കാളുപരി മോഹൻകുമാറിനെ നമ്മൾ ഓർക്കുക അദ്ദേഹത്തിന്റെ സംസ്കാര സമയത്ത് ഒരുഗ്രാമത്തെയാകെ ദുഃഖത്തിലാഴ്ത്തി ഇടിമിന്നലേറ്റ് ആറ് പേർ മരിച്ച ദാരുണ സംഭവമാണ്.
ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ നമ്പത്ത് സുബ്രഹ്മണ്യ ഗുപ്തന്റെയും ലക്ഷ്മി അമ്മയുടെയും രണ്ടാൺമക്കളിൽ മൂത്തവനായിരുന്നു മോഹൻകുമാർ. സ്കൂൾതലം മുതൽ എൻ.സി.സി.യിൽ സജീവമായിരുന്ന മേഹൻകുമാർ വ്യോമസേന സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും മികച്ച വൈമാനികനും പരിശീലകനുമായിരുന്ന മോഹൻകുമാർ, ചുരുങ്ങിയ പ്രായത്തിനിടെ തന്നെ സേനയുടെ അഭിമാനമായി മാറി. ഒരുപക്ഷേ ജീവിച്ചിരുന്നെങ്കിൽ സേനയുടെ ഉന്നതങ്ങളിൽ എത്തുമായിരുന്നു അദ്ദേഹം. അപകടം നടക്കുന്നതിന്റെ രണ്ടുമാസം മുമ്പാണ് രാജസ്ഥാനിലെ നാൻ കേന്ദ്രത്തിലേക്ക് സ്ഥലംമാറ്റിയത്. ബംഗാളിലെ വ്യോമകേന്ദ്രത്തിൽ ബോംബിങ് പരിശീലിപ്പിക്കാൻ പോകേണ്ടിവരുമെന്ന് പറഞ്ഞ് ഭാര്യ സ്മിതയെ കൂട്ടാതെ ഒറ്റക്കായിരുന്നു യാത്ര. തന്റെ ആദ്യത്തെ വോട്ട് ചെയ്ത് മടങ്ങിയ അദ്ദേഹത്തിന്റെ യാത്ര അവസാന യാത്രയുമായി.
സ്വയം അപകടത്തിൽപെട്ടാലും ജനങ്ങളുടെ അപകടം ഒഴിവാക്കണമെന്ന പട്ടാള നിയമം പാലിച്ചാണ് അദ്ദേഹം വീരമൃത്യു വരിച്ചത്. വീടുകൾ നിറഞ്ഞ പ്രദേശത്ത് വിമാനം കൂപ്പുകുത്തുകയായിരുന്നു. ഒരു വീടിന്റെ മുന്നിൽ നിന്ന ചോട്ടു കവാർ എന്ന 18 കാരിയും അപകടത്തിൽ മരിച്ചു. മോഹൻകുമാറിന്റെ അമ്മക്ക് ഇന്ന് 72 വയസ്സായി. മകന്റെ വേർപാട് തന്റെ വിധിയായി സ്വയം സമാധാനിക്കുകയാണ് ഈ അമ്മ. പിതാവ് സുബ്രഹ്മണ്യ ഗുപ്തൻ ഇന്ന് ജീവിച്ചിരിപ്പില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.