വിവാഹ സുദിനം അനാഥാലയത്തിലെ കുരുന്നുകൾക്കൊപ്പം ആഘോഷിച്ച് നവദമ്പതികൾ
text_fieldsകോട്ടക്കൽ: താലികെട്ട് കഴിഞ്ഞ് കതിര്‍മണ്ഡപത്തില്‍നിന്ന് നവദമ്പതികൾ ആദ്യമെത്തിയത് മലപ്പുറം രണ്ടത്താണിയിലെ ശാന്തിഭവൻ ചിൽഡ്രൻസ് ഹോമിൽ. പൊന്മുണ്ടം താണിക്കപ്പറമ്പില്‍ പരേതനായ അപ്പുവിെൻറയും യശോദയുടെയും മകന് സുധീഷിെൻറയും തൃശൂര്‍ അഞ്ചേരിച്ചിറ പളശിനിക്കാരന് രാജു--സുമ ദമ്പതികളുടെ മകള്‍ വിജിതയുടെയും വിവാഹമായിരുന്നു ഞായറാഴ്ച.
ഗുരുവായൂര്‍ മമ്മിയൂര്‍ ശിവക്ഷേത്രത്തില്‍ രാവിലെ ഒമ്പതിനായിരുന്നു മുഹൂര്‍ത്തം. താലികെട്ട് കഴിഞ്ഞ് നവദമ്പതികളുടെ ആദ്യ തീരുമാനം പൂവന്‍ചിനയിൽ പ്രവർത്തിക്കുന്ന ശാന്തിഭവനില്‍ കഴിയുന്ന കുരുന്നുകളെ കാണുകയെന്നതായിരുന്നു. 11.30ഓടെ സുധീഷും വിജിതയും ചില്‍ഡ്രന്‍സ് ഹോമിലെത്തി. കൂടെ സുധീഷിെൻറ സഹോദരി സുജിതയും ഭര്‍ത്താവ് സജീഷും ബന്ധുക്കളും ഉണ്ടായിരുന്നു. സെക്രട്ടറി അബ്ദുൽ നാസര്‍ മാസ്റ്റര്‍, ഇബ്രാഹിം അന്‍സാരി, ക്രിസ്റ്റീന ജോസ് എന്നിവര്‍ വധൂവരന്മാരെ സ്വീകരിച്ചു.
അപ്രതീക്ഷിതമായി വിവാഹ വസ്ത്രമണിഞ്ഞ് മണവാളനും മണവാട്ടിയും എത്തിയതിെൻറ അമ്പരപ്പിലായിരുന്നു കുരുന്നുകള്‍. ഇതോടെ നാസര്‍ മാഷ് കുട്ടികളെ കാര്യം ധരിപ്പിച്ചു. നിങ്ങളെ കാണാന്‍ എത്തിയതാണെന്നറിയിച്ചതോടെ ആവേശത്തിലായ കുരുന്നുകള്‍ മംഗളാശംസകള്‍ നേര്‍ന്നു. വിവാഹദിനം കുട്ടികൾക്കൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇരുവരും പ്രതികരിച്ചു.
ചില്‍ഡ്രന്‍സ് ഹോമിലുള്ളവര്‍ക്ക് ബിരിയാണിയും ഏര്‍പ്പാടാക്കിയിരുന്നു. ആതിഥേയര്‍ക്കൊപ്പം ഫോട്ടോയെടുത്തും ഭക്ഷണം കഴിച്ചും വിവാഹ സുദിനം എന്നും മധുരമുള്ള ഓര്‍മയാക്കിയാണ് ഇരുവരും വീട്ടിലേക്ക് യാത്ര തിരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.