വയോയുവം: പ്രസാദാത്മകമാക്കാം സായന്തനം
text_fieldsബാല്യം കളിചിരികളുടെയും കൗമാരം പുതിയകാര്യങ്ങൾ തേടിയുള്ള കൗതുകങ്ങളുടെയും യൗവനം സാഹസികതകളുടെയും കാലമാണെങ്കിൽ മധ്യവയസ്സുകഴിഞ്ഞുള്ള വാർധക്യത്തെ അവശതകളുടെയും രോഗങ്ങളുടെയും കാലമായാണ് നമ്മളിൽ പലരും കരുതിവരുന്നത്. ഒരൽപം ആശങ്കയോടെയും ഭീതിയോടെയുമാണ് ചിലരെങ്കിലും വാർധക്യത്തെ കാണുന്നത്. എന്നാൽ, വിവിധ കാലഘട്ടങ്ങൾ സമ്മാനിച്ച അറിവുകളുടെയും പരിചയസമ്പന്നതയുടെയും ആകെത്തുകയാണ് യൗവനം കഴിഞ്ഞുള്ള കാലം എന്നതാണ് യാഥാർഥ്യം. വാർധക്യത്തെ ഭയപ്പെടുന്നതിനുപകരം, മറ്റുള്ളവരെ ആശ്രയിക്കാതെ ചുറ്റുമുള്ളവർക്ക് തണലും ആശ്വാസവും നൽകുന്ന രീതിയിൽ പ്രസാദാത്മകമായും ഊർജത്തോടെയും ജീവിക്കാനാണ് ഒരു വ്യക്തി ശ്രമിക്കേണ്ടത്.
വികസിത രാഷ്ട്രങ്ങളെപോലെ മുതിർന്ന പൗരന്മാരുടെ എണ്ണം കേരളത്തിലും വർധിക്കുകയാണ്. മികച്ച ആതുരശ്രുശ്രൂഷാ സംവിധാനങ്ങൾ, കുട്ടികളുടെ എണ്ണത്തിൽവന്ന കുറവ്, കുടുംബബന്ധങ്ങളിലെ കരുതൽ, ഉയർന്ന വിദ്യാഭ്യാസ നിലവാരം, ആരോഗ്യപ്രദമായ ഭൂപ്രകൃതി തുടങ്ങി മലയാളികൾക്കുമാത്രം സ്വന്തമായ ചില സവിശേഷതകളുടെ ഫലം കൂടിയാണ് ആയുർദൈർഘ്യം.
സൗന്ദര്യം സായാഹ്നത്തിന്
യഥാർഥത്തിൽ പ്രഭാതത്തേക്കാൾ സൗന്ദര്യം സായാഹ്നത്തിനാണ്. എന്നാൽ, മക്കളെയും മറ്റ് ബന്ധുക്കളെയും ആശ്രയിച്ച് ജീവിക്കേണ്ട ഒരു കാലഘട്ടം എന്ന നിലയിലാണ് വാർധക്യത്തെ സമൂഹം ഇപ്പോഴും കാണുന്നത്. മറ്റുള്ളവരെ ആശ്രയിക്കുന്നതിനുപകരം സ്വയംപര്യാപ്തമായി ജീവിക്കാനുള്ള ആത്മവിശ്വാസമുള്ള മാനസികാവസ്ഥ സൃഷ്ടിച്ചെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
നിവൃത്തിയില്ലാത്ത സാഹചര്യങ്ങളിൽ മാത്രമായിരിക്കണം മറ്റുള്ളവരെ ആശ്രയിക്കേണ്ടത്. കൂടെയുള്ളവരെ സഹായിക്കാനുള്ള അവസരങ്ങളും പാഴാക്കേണ്ടതില്ല. കൊച്ചുമക്കൾക്ക് കഥ പറഞ്ഞുകൊടുക്കുന്നതുമുതൽ പഠനകാര്യങ്ങളിൽ സഹായിക്കുന്നതുവരെയുള്ള കാര്യങ്ങളിൽ ആരോഗ്യം അനുവദിക്കുന്നതനുസരിച്ച് സജീവത നിലനിർത്തണം.
കടലിനക്കരെയുള്ള കാര്യങ്ങൾ
എല്ലാ കാര്യങ്ങളിലും വിദേശരാജ്യങ്ങളിലെ ജീവിതശൈലിയെ അനുകരിക്കാൻ ശ്രമിക്കുന്ന നമ്മൾ പക്ഷേ, അവിടെ മുതിർന്നവർ ജീവിക്കുന്നത് എങ്ങനെയാണെന്ന് ശ്രദ്ധിക്കാറില്ല. പ്രായമായവർ കാറോടിച്ച് ആശുപത്രികളിലെത്തി ചികിത്സതേടി മടങ്ങുന്നതും സൂപ്പർമാർക്കറ്റുകളിലും മറ്റും പോയി സാധനങ്ങൾ വാങ്ങിവരുന്നതും വിദേശങ്ങളിലെ പതിവുകാഴ്ചയാണ്. എന്നാൽ, ഇവിടെ തലനരച്ചാൽ, പല്ലൊന്ന് കൊഴിഞ്ഞാൽ, മക്കൾ കൂടെയില്ലാതെ ആരും പുറത്തിറങ്ങില്ല. പ്രായമായവർക്ക് രോഗം വന്നാൽ ശുശ്രൂഷിക്കേണ്ടതും ചികിത്സക്കിടക്കയിൽ കൂട്ടിരിക്കേണ്ടതും മക്കളാണ് എന്ന ധാരണ മാറ്റണം. അൽപമെങ്കിലും ആരോഗ്യമുണ്ടെങ്കിൽ കാര്യങ്ങൾ സ്വയം ചെയ്യാനുള്ള ധൈര്യം ഉണ്ടാക്കിയെടുക്കണം.
ആസൂത്രണം അനിവാര്യം
വാർധക്യം സന്തോഷപ്രദമാക്കാൻ വളരെ നേരത്തെ ആസൂത്രണം വേണ്ടതുണ്ട്. ഏറ്റവും പ്രധാനം സാമ്പത്തിക സ്വയംപര്യാപ്തതയാണ്. വിരമിക്കുമ്പോൾ ലഭിക്കുന്ന തുകയും ജീവിതകാലം അധ്വാനിച്ച സമ്പാദ്യവുമെല്ലാം മക്കളുടെ വിവാഹം ആർഭാടമാക്കാനോ വലിയ വീടുകളുണ്ടാക്കാനോ മക്കൾക്ക് ബിസിനസ് തുടങ്ങാനോ നൽകും.ഒഴിഞ്ഞ കീശയുമായി ജീവിത സായാഹ്നത്തിലേക്ക് പ്രവേശിച്ചാൽ എല്ലാറ്റിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടിവന്നേക്കാം. പേരക്കിടാവിന് മിഠായിയോ കളിപ്പാട്ടമോ പോലും വാങ്ങാൻ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്നത് സങ്കടകരമാണ്. അതുകൊണ്ട് ജീവിതത്തിലെ നല്ല സമയത്ത് കുറച്ച് പണം മാറ്റിവെക്കാനുള്ള കരുതൽ ഉണ്ടായിരിക്കണം. ജോലിയിൽ കയറുമ്പോഴേ ഇതിന് ശ്രമം ആരംഭിക്കണം.
ജീവിതം സ്വയം തീരുമാനിക്കണം
വാർധക്യകാലം വീട്ടിനുള്ളിൽ ചടഞ്ഞിരിക്കാനുള്ളതല്ല, മറിച്ച് സമൂഹത്തിന്റെ ഭാഗമായി കഴിയാനുള്ളതാണ്. ഇതിനായി ചെറിയചെറിയ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സമപ്രായക്കാരുമായി കൂട്ടുകൂടാനും വിനോദങ്ങളിൽ ഏർപ്പെടാനും ശ്രമിക്കണം.
ശാരീരികാരോഗ്യത്തെപ്പോലെത്തന്നെ മാനസികാരോഗ്യവും ഈ പ്രായത്തിൽ അത്യാവശ്യമാണ്.
വായന, സൗഹൃദങ്ങൾ, പാട്ടുകേൾക്കൽ, സിനിമ പോലുള്ള വിനോദങ്ങളിലൂടെ ഇത് സാധ്യമാക്കാം. ജീവിതപങ്കാളികളുമൊത്തുള്ള ഉല്ലാസങ്ങൾക്ക് സമയം കണ്ടെത്തണം.
കരുതലെടുക്കാം, പക്ഷേ മാറിനിൽക്കേണ്ടതില്ല
ഓർമക്കുറവ് പ്രായമായവർ നേരിടുന്ന സാധാരണ പ്രശ്നമാണ്. കുറിപ്പുകൾ എഴുതി സൂക്ഷിച്ചും ചെയ്യേണ്ട കാര്യങ്ങൾ ഡയറിയിൽ എഴുതിവെച്ചും മുന്നോട്ടുപോകണം.
കടയിൽ പോകുമ്പോൾ വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് കൈയിൽ കരുതാം. ചടങ്ങുകൾക്ക് ക്ഷണം ലഭിച്ചാലുടൻ ഡയറിയിൽ എഴുതിവെക്കാം.
ചലനശേഷിക്ക് പ്രശ്നമുള്ളവർക്ക് റോഡ് മുറിച്ചുകടക്കാനും മറ്റും മറ്റുള്ളവരുടെ സഹായം തേടാവുന്നതാണ്. പ്രായമായത് മറ്റുള്ളവർ അറിയുമെന്നുകരുതി റോഡ് സ്വയം മുറിച്ചുകടക്കാൻ മുതിർന്നാൽ അപകടത്തിൽപ്പെട്ടേക്കാം.
(കൊച്ചിയിലെ പ്രമുഖ ആശുപത്രിയിൽ ചീഫ് സൈക്യാട്രിസ്റ്റാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.