വസന്തമാകണം വാർധക്യം
text_fieldsരാജ്യം സ്വാതന്ത്ര്യം നേടുമ്പോൾ കേരള ജനതയുടെ ആയുർദൈർഘ്യം വെറും 40 വയസ്സായിരുന്നു. അതായത്, വാർധക്യത്തിലെത്തുന്നതിനു മുമ്പുതന്നെ വളരെ പേർ പല കാരണങ്ങളാലും മരിച്ചുപോയിരുന്നു. സാംക്രമിക രോഗങ്ങളും പോഷകാഹാരക്കുറവുമായിരുന്നു പ്രധാന കാരണങ്ങൾ. കഴിഞ്ഞ ഏഴു ദശാബ്ദങ്ങൾകൊണ്ട് ഒരുപാട് മാറ്റം സംഭവിച്ചു. മലയാളിയുടെ ശരാശരി ആയുർദൈർഘ്യം ഉയർന്ന് 78.7ൽ എത്തിയിരിക്കുന്നു.
60 വയസ്സിനു മുകളിലുള്ളവരാണ് മുതിർന്ന പൗരന്മാർ അഥവാ വയോജനങ്ങൾ. 1961ൽ 10 ലക്ഷം മാത്രമായിരുന്നു കേരളത്തിലെ മുതിർന്നവരുടെ എണ്ണം. എന്നാൽ, 2021ലെ കണക്കനുസരിച്ച് ഇത് 57 ലക്ഷമായി. 2035 ൽ മുതിർന്നവരുടെ എണ്ണം 83 ലക്ഷമാകും എന്നാണ് പഠനങ്ങൾ പറയുന്നത്. അതായത്, കേരള ജനസംഖ്യയുടെ 22.8 ശതമാനവും വയോജനങ്ങളായിരിക്കും.
കൂട്ടിന് മാറാരോഗങ്ങൾ
സാംക്രമികരോഗ നിയന്ത്രണത്തിൽ ഗണ്യമായ മുന്നേറ്റമാണ് കേരളം കൈവരിച്ചത്. എന്നാൽ, സാംക്രമികേതര രോഗങ്ങളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. ഹൃദ്രോഗങ്ങൾ, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുടെ പറുദീസയായി മാറി കേരളം. കൂടാതെ ശ്വാസകോശരോഗങ്ങൾ, അസ്ഥിക്ഷയം, വൃക്കരോഗങ്ങൾ, കാഴ്ചക്കുറവ്, കേൾവിക്കുറവ്, അർബുദം തുടങ്ങി വിട്ടുമാറാത്ത പല രോഗങ്ങളും വാർധക്യം ദുരിതപൂർണമാക്കിക്കൊണ്ടിരുന്നു. മാനസികപ്രശ്നങ്ങളായ വിഷാദം, ഉത്കണ്ഠ, മറവി, സ്മൃതിക്ഷയം മുതലായവ ഇവരെ പിടിമുറുക്കിത്തുടങ്ങി. വളരെ പേർ പരാശ്രയം കൂടാതെ കഴിയാത്ത കിടപ്പുരോഗികളായി മാറുന്നു.
ഒറ്റപ്പെടുന്ന വാർധക്യം
മക്കളും മരുമക്കളും പേരക്കിടാങ്ങളും വീടുവിട്ട് ജോലിയിടങ്ങളിലേക്കും മറുനാടുകളിലേക്കും പലായനം തുടങ്ങിയതോടെ വയോധികരായ മാതാപിതാക്കൾ വീടുകളിൽ തനിച്ചായി. ഒപ്പം ജീവിതപങ്കാളികളുടെ വിയോഗംകൂടിയാകുമ്പോൾ അനാഥത്വത്തിന്റെ ആഴക്കടലിലേക്ക് പതിക്കുകയായി.
അമൂല്യനിധികൾ
അറിവിന്റെയും അനുഭവസമ്പത്തിന്റെയും നിറകുടമാണ് മുതിർന്നവരിൽ ഭൂരിഭാഗവും. യുവതലമുറയെ മികവിന്റെ നെറുകെയിലെത്തിക്കാൻ അവർക്കിനിയും കഴിയും. സമൂഹത്തിന്റെ മുന്നോട്ടുള്ള പുരോഗതിക്ക് ഇനിയും ഗണ്യമായ സംഭാവന നൽകാനവർക്കാകും. പതിറ്റാണ്ടുകൾകൊണ്ട് അവരാർജിച്ച അറിവും ജീവിതപാഠങ്ങളും അമൂല്യമാണ്.കുട്ടികളും യുവാക്കളും മുതിർന്നവരുമായി ഇടപഴകാൻ സാഹചര്യങ്ങളുണ്ടാക്കണം. അവരുടെ അറിവും കഴിവും കണ്ടെത്താനും അവ അടുത്ത തലമുറക്ക് പകർന്നുകൊടുക്കാനും കഴിയണം.
സാമ്പത്തികഭദ്രത
വാർധക്യത്തിൽ ആരോഗ്യത്തോടൊപ്പംതന്നെ അനിവാര്യമായി വേണ്ടതാണ് സാമ്പത്തികഭദ്രത. മറ്റു രാജ്യങ്ങളിൽ മുതിർന്ന പൗരന്മാർക്ക് ആരോഗ്യമുണ്ടെങ്കിൽ ആയാസമില്ലാത്ത ജോലികളിലേർപ്പെട്ട് നിത്യവൃത്തിക്ക് പണം കണ്ടെത്താൻ അവസരങ്ങളുണ്ട്. എന്നാൽ, ഇവിടെ അവസരങ്ങൾ വളരെ കുറവാണ്. കേരളത്തിലെ ആയുർദൈർഘ്യം വികസിത രാജ്യങ്ങൾക്കൊപ്പമെങ്കിലും വാർധക്യസുരക്ഷയോ വാർധക്യകാല സാമ്പത്തികഭദ്രതയോ ഉറപ്പുവരുത്താൻ നമുക്കിനിയും കഴിഞ്ഞിട്ടില്ല.
വയോജന സംരക്ഷണം
ജീവിതശൈലീരോഗങ്ങൾക്ക് തടയിടുക എന്നതാകണം വയോജനങ്ങളെ അനാരോഗ്യത്തിൽനിന്നു രക്ഷിക്കാൻ ആദ്യം വേണ്ടത്. ചെറുപ്പം മുതൽ ജീവിതശൈലീ രോഗങ്ങൾക്കെതിരെയുള്ള ആരോഗ്യകരമായ ജീവിതശൈലി ശീലിപ്പിക്കണം. മുതിർന്നവരെ ചികിത്സിക്കാൻ ‘ജെറിയാട്രിക്സ് വിദഗ്ധരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടാകണം. ഇപ്പോൾ ഈ ബിരുദാനന്തര ബിരുദത്തിനുള്ള സൗകര്യം കൊച്ചി അമൃതയിൽ മാത്രമാണുള്ളത്. അതും ഒരു സീറ്റ്!. മുതിർന്നവരുടെ എണ്ണത്തിന് ആനുപാതികമായി ജെറിയാട്രിക്സ് വിഭാഗത്തിൽ സീറ്റുകൾ വർധിപ്പിക്കണം. ആശുപത്രികളും ‘വാർധക്യസൗഹൃദ’മാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.