നെയ്പ്പത്തിരി പെരുമയിൽ നാസർ
text_fieldsകണ്ണൂർ കാൽടെക്സിലുള്ള ഗ്രീൻലാൻഡ് ഹോട്ടൽ ഭിത്തിയിൽ ഒരു 100 രൂപ നോട്ട് ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. വർഷങ്ങൾക്കുമുമ്പ് പി.എം. നാസറിന്‍റെ തട്ടുകടയിൽ നെയ്പ്പത്തിരി കഴിച്ച പാണക്കാട് ശിഹാബ് തങ്ങൾ നൽകിയ സമ്മാനമാണത്. വിശിഷ്ടമായ രുചിക്കൂട്ടിന് ലഭിച്ച പാരിതോഷികം. കണ്ണൂർ കാൽടെക്സിൽ 24 വർഷം മുമ്പാണ് തിനലാനൂർ സ്വദേശി പി. എം. നാസർ തട്ടുകട തുടങ്ങിയത്. വൈകുന്നേരങ്ങളിൽ അവിടേക്ക് ആളുകൾ കൂട്ടമായെത്തി. ഇവിടെ നാസർ ഉണ്ടാക്കുന്ന നെയ്പ്പത്തിരി കഴിക്കാനെത്തിയവർ നിരവധി.
പ്രശസ്തനാകും മുമ്പ് ദിലീപ് ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. നിർമാതാവ് മിലൻ ജലീൽ, സംവിധായകൻ ലോഹിതദാസ്, നാദിർഷാ, ദേവൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, രാജാമണി തുടങ്ങിയവർ ഈ തട്ടുകടയിൽ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. അരിപ്പൊടി, റവ, മൈദ, പെരിഞ്ചീരകം, തേങ്ങ, ഉള്ളി എന്നിവയാണ് നെയ്പ്പത്തിരിയുടെ ചേരുവ. ഇവ അരച്ചുണ്ടാക്കിയ കൂട്ട് ഒരു മണിക്കൂറിനു ശേഷം ഉപയോഗിച്ചാണ് നെയ്പ്പത്തിരിയുണ്ടാക്കുന്നത്. വൈകീട്ട് അഞ്ചു മണി മുതലാണ് ഇവിടെ നെയ്പ്പത്തിരിയുടെ സമയം. രാത്രി 10 മണിവരെ പത്തിരിക്കായെത്തുന്നവരുടെ തിരക്കാണ്.
നെയ്പ്പത്തിരിക്ക് പുറമെ പുട്ട്, വെള്ളയപ്പം, ഇടിയപ്പം, പൊറോട്ട, കപ്പ, ബീഫ്, ചിക്കൻപാട്സ്, ബോട്ടി, ചിക്കൻ കടായി, ചിക്കൻ കബാസ്, കടലക്കറി, മുട്ടക്കറി, മുട്ടറോസ്റ്റ് എന്നിവയും നാസറിെൻറ തട്ടുകടയിലെ പ്രധാന ഇനങ്ങളായിരുന്നു. ഒരുവർഷം മുമ്പാണ് തട്ടുകടക്കൊപ്പം നാസർ ഹോട്ടൽ തുടങ്ങിയത്–ഗ്രീൻലാൻഡ് ഹോട്ടൽ. ഹോട്ടലിനു മുന്നിൽ തട്ടുകട പഴയ പ്രതാപത്തോടെ പ്രവർത്തിക്കുന്നു. തനിക്കൊപ്പം സഹായികളായി ഉണ്ടായിരുന്ന വി. ആസാദും കെ.കെ. ഇർഷാദും പി. ഷുക്കൂറും പി.പി. മഹ്മൂദും പി.എ. സലീമും ഇപ്പോഴും നാസറിെൻറ കൂടെയുണ്ട്.
തയാറാക്കിയത്: മട്ടന്നൂർ സുരേന്ദ്രൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.